തിരുവല്ലം : കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ തിരുവല്ലത്ത് കരമനയാറിനു കുറുകേ നിർമിക്കുന്ന സർവീസ് റോഡ് പാലം അടുത്ത വർഷം ഏപ്രിലിലോടെ തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി.
ദേശീയപാതയിൽ കുമരിച്ചന്ത ജങ്ഷനിൽനിന്ന് തിരുവല്ലം റൂട്ടിലേക്കുള്ള രണ്ടുവരിപ്പാതയോടുചേർന്ന് പി.ഡബ്ല്യു.ഡി.യുടെ നിയന്ത്രണത്തിലുള്ള പഴയ പാലമുണ്ട്. ഇതിനോടുചേർന്നാണ് 110 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലുമായി പുതിയ സർവീസ് റോഡ് പാലം നിർമിക്കുന്നത്. 15 കോടിയോളം ചെലവിട്ട് നിർമിക്കുന്ന പാലത്തിന്റെ നിർമാണപുരോഗതി ദേശീയപാത അതോറിറ്റിയുടെ സാങ്കേതികസംഘമെത്തി വിലയിരുത്തി.
ജനുവരി അവസാനേത്താടെ പാലം പൂർത്തിയാക്കും. അതേസമയം പാലത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിച്ചുള്ള അനുബന്ധ റോഡുകളുടെ നിർമാണം ഫെബ്രുവരിയോടെ തുടങ്ങി മാർച്ച് പകുതിയോടെ അവസാനിക്കും. ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങളും പൂർത്തിയാക്കി.
പാലം പൂത്തിയാകുന്നതോടെ അമ്പലത്തറ കുമരിച്ചന്ത ഭാഗത്തുനിന്ന് കോവളം റൂട്ടിലേക്കുപോകുന്ന രണ്ടുവരിപ്പാത വൺവേ ആയി മാറും.
വാഴമുട്ടം-പാച്ചല്ലൂർ ഭാഗങ്ങളിൽനിന്നുമെത്തുന്ന വാഹനങ്ങൾ സർവീസ് റോഡുവഴിമാത്രമേ നഗരത്തിലേക്ക് പോകാനാകൂ. നിർമാണം പൂർത്തിയായ പാലം സർക്കാർ അനുമതിയോടെ ഏപ്രിൽ ആദ്യവാരത്തോടെ തുറന്നുകൊടുക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
സർവീസ് റോഡ് പാലത്തെ കരയിലും ആറിനുള്ളിലുമായി താങ്ങിനിർത്തുന്നത് ആറ് തൂണുകളാണ്. ഇതിനുമുകളിലായി ഒൻപത് കോൺക്രീറ്റ് ഗർഡറുകളുമുണ്ട്.
ജലനിരപ്പിൽനിന്ന് അഞ്ച് മീറ്ററോളം ഉയരത്തിലാണ് പാലം. സർവീസ് റോഡ് പാലത്തിൽ 1.5 മീറ്റർ വീതിയിൽ നടപ്പാതയും കമ്പിവേലിയും നിർമിക്കും. കരമനയാറിനു കുറുകെയുള്ള പാലത്തിന്റെ ഒരറ്റം അമ്പലത്തറ കരിമ്പുവിള റോഡും മറുവശം പരശുരാമസ്വാമി ക്ഷേത്രത്തിന്റെ പ്രവേശനകവാടവുമാണ്. ഇവിടങ്ങളിലുള്ള രണ്ട് റോഡുകളുടെയും നിർമാണം മാർച്ച് പകുതിയോടെ പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
Published: 17 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented