
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികൾക്കിടയിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മലയാള ഭാഷയുടെ ലോകവ്യാപനത്തിന് ഈ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച മൂന്നാമത് മലയാണ്മ അധ്യാപക പരിശീലന ശിൽപ്പശാലയുടെ ഉദ്ഘാടനവും ഭാഷാ പുരസ്‌കാരങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
60 ലോകരാജ്യങ്ങളിലും രാജ്യത്തെ 20 സംസ്ഥാനങ്ങളിലുമായി വിപുലമായ പ്രവർത്തനമാണു മലയാളം മിഷൻ നടത്തുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അമ്പതിനായിരത്തിലേറെ വിദ്യാർഥികൾ മലയാളം മിഷൻ മുഖേന മലയാള ഭാഷ പഠിക്കുന്നുണ്ട്. അയ്യാരിത്തോളം അധ്യാപകർ ഭാഷ പഠിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. വലിയൊരു സർവകലാശാലയ്ക്കുള്ളത്ര അറിവിന്റെ സമ്പന്നതയാണിത്. മലയാള ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും സൗജന്യമായി പഠിപ്പിക്കുന്ന അധ്യാപകർ, സൗജന്യമായി പഠനം സ്വീകരിക്കുന്ന വിദ്യാർഥികൾ എന്ന രീതി ലോകത്തുതന്നെ ആദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മലയാള ഭാഷ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണം. ഭരണതലത്തിൽ മലയാളത്തിന്റെ ഉപയോഗം സമ്പൂർണമായിക്കഴിഞ്ഞു. ഭരണഭാഷ മലയാളത്തിലേക്കു പൂർണമായി മാറിയതോടെ ഭരണപ്രക്രിയ കൂടുതൽ സുഗമമായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മലയാളം മിഷന്റെ 2023ലെ മാതൃഭാഷാ പുരസ്‌കാരങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷൻ മുംബൈ ചാപ്റ്ററും സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ഷാർജ ഇന്ത്യൻ അസോസിയേഷനും ഏറ്റുവാങ്ങി.
വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി, റേഡിയോ ഹെഡ് ജേക്കബ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഭാഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയ്ക്ക് മന്ത്രി സമ്മാനിച്ചു. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ഭാരവാഹികളായ പ്രദീപ് ചിതറ, സുനില്‍രാജ്, എം ഹരിലാല്‍ എന്നിവര്‍ അറിയിച്ചു. ഏറെ മാതൃകാപരമായ ഈ നടപടിയെ മന്ത്രിയും മലയാളം മിഷനും സ്വാഗതംചെയ്തു.
Content Highlights: International Mother Language Day
Published: 21 Feb 2023, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented