വർക്കല : വർക്കലയിൽ കാറിന്റെ വിൻഡോകളിലൂടെ ശരീരഭാഗങ്ങൾ പുറത്തേക്കിട്ട് യുവാക്കൾ അപകടകരമായ രീതിയിൽ ഓടിച്ച കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി. നിലമേലിൽനിന്നാണ് കാർ പിടിച്ചെടുത്തത്. കാർ ഓടിച്ച 18-കാരന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

To advertise here,

കാറിലുണ്ടായിരുന്നവരെ പ്രത്യേക റോഡ് സുരക്ഷാ ബോധവത്കരണ പരിശീലനത്തിന് അയക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം ചടയമംഗലം പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി.

ഓടിക്കൊണ്ടിരുന്ന കാറിന്റെ വിൻഡോയിൽ ഇരുന്ന് തലയും ശരീരഭാഗങ്ങളും പുറത്തേക്ക് നീട്ടിയാണ് യുവാക്കൾ അമിതവേഗത്തിൽ അപകടയാത്ര നടത്തിയത്. വർക്കല മൈതാനം-ക്ഷേത്രം റോഡിൽ രണ്ടുദിവസംമുൻപ്‌ രാത്രിയിലായിരുന്നു സംഭവം. വർക്കല ക്ലിഫിൽ വിനോദയാത്രയ്‌ക്കെത്തിയ യുവാക്കളാണ് കാറിൽ സഞ്ചരിച്ചത്. കാറിൽ സഞ്ചരിച്ച അഞ്ച് യുവാക്കളാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. തിരക്കേറിയ റോഡിലൂടെ നടത്തിയ അപകടയാത്രയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് മോട്ടോർവാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചത്.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് മോട്ടോർവാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കാർ നിലമേൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയത്. ചടയമംഗലം ആർ.ടി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥർ നിലമേലിൽനിന്ന് വാഹനം പിടികൂടി കൊല്ലം മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറുകയായിരുന്നു. ചടയമംഗലം ആർ.ടി. ഓഫീസ് എം.വി.ഐ.മാരായ കെ.വിജയൻ, എൻ.ഹരീഷ് കുമാർ, കൊല്ലം എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ. ആർ.എസ്.ശങ്കർ, എ.എം.വി.ഐ.മാരായ ഡി.ശരത്, കെ.എസ്.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.