വിതുര: കല്ലാർ ഗവ.ഗവ.എൽ.പി സ്കൂളിന്റെ ചുറ്റു മതിൽ വീണ്ടും കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയാണ് സമീപ വാസികൾ മതിൽ തകർന്ന നിലയിൽ കണ്ടത്. മതിൽ തകർത്തതിനൊപ്പം സമീപത്തുണ്ടായിരുന്ന ഒലട്ടി മരം കുത്തി മറിച്ചു. മരം വീണ് പ്രദേശത്തെ വൈദ്യുതിത്തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വർഷം മുമ്പും ഇതേ സ്കൂൾ മതിൽ തകർത്ത് കാട്ടാന അകത്തു കയറിയിരുന്നു. അന്ന് സ്കൂൾ പരിസരത്തുണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ തള്ളിയിട്ടത് വലിയ നാശ നഷ്ടങ്ങൾ വരുത്തി. പിന്നീട് പഞ്ചായത്ത് ഇടപെട്ട് പുനർ നിർമിച്ച മതിലാണ് വീണ്ടും തകർന്നത്. തുടർച്ചയായി കാട്ടാന സ്കൂൾ പരിസരത്ത് എത്തി നാശ നഷ്ടങ്ങൾ വരുത്തുന്നത് സ്കൂൾ അധികൃതരിലും രക്ഷിതാക്കളിലും ആശങ്കയാകുന്നു. സ്കൂളിന്റെയും പരിസര വാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

To advertise here,