തിരുവനന്തപുരം: ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളിൽ പുഷ്പവൃഷ്ടിയുണ്ടാകും. കഴിഞ്ഞ 40 വർഷങ്ങളായി ആകാശത്തിൽ നിന്നുള്ള പുഷ്പവൃഷ്ടി എന്ന ചടങ്ങാണ് ഞായറാഴ്ചയും നടത്തുക. ചാക്കയിലുളള രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ നിന്നുളള സെസ്‌ന 172-R എന്ന വിഭാഗത്തിലുളള ചെറുവിമാനങ്ങളിൽ നിന്നാണ്  പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക.

To advertise here,

ആദ്യത്തെ 25 വർഷത്തോളം മഞ്ഞപക്കി എന്ന് നാട്ടുകാർ വിളിക്കുന്ന മഞ്ഞ നിറം പൂശിയ പുഷ്പക് വിമാനത്തിലായിരുന്നു പുഷ്പവൃഷ്ടി നടത്തിയിരുന്നതെന്ന് അക്കാദമി അധികൃതർ പറഞ്ഞു. തുടർന്നാണ് സെസ്‌ന 172-R  എന്ന വിമാനങ്ങളുപയോഗിച്ച്  പുഷ്പവൃഷ്ടി നടത്താന്‍ തുടങ്ങിയത്.

രാവിലെ 10.30 നാണ് പൊങ്കാല അടുപ്പിൽ തീപകരുക. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയ്ക്കുശേഷമാണ് പൊങ്കാല നിവേദ്യം. ഇതിന് തൊട്ടുമുമ്പുളള സമയത്ത് ചാക്കയിൽ നിന്ന് ആറ്റുകാൽ ദേവീ ക്ഷേത്ര ട്രസ്റ്റ്ര് നൽകുന്ന വിവിധ തരത്തിലുളള പൂക്കളുമായി ക്യാപ്ടൻ കെ.ടി രാജേന്ദ്രൻ, ക്യാപ്ടൻ ശ്രീനാഥ് എന്നിവരുടെ നേത്യത്തിൽ രണ്ടുവിമാനങ്ങൾ പുറപ്പെടും.

ക്ഷേത്രപരിസരത്തെ ആകാശത്ത് 1000  അടി ഉയരത്തിലെത്തുന്ന വിമാനങ്ങളിൽ ഒന്നിൽ നിന്ന് ക്ഷേത്രവളപ്പിലേക്ക് പുഷ്പവൃഷ്ടി നടത്തും. രണ്ടാമത്തെ വിമാനം നഗരത്തിന് മുകളിലുളള ആകാശത്ത് കറങ്ങിയുമാണ് പൊങ്കാല കലങ്ങളിലേക്ക് പുഷ്പം വിതറുക.