തിരുവനന്തപുരം: ജൂലായ് 27 ആവുൽ പക്കിർ ജയ്നൂലാബ്ദിൻ  അബ്ദുൾ കലാം എന്ന  നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ മൺമറഞ്ഞിട്ട് ഒരു പതിറ്റാണ്ട് തികഞ്ഞ ദിനം. അദ്ദേഹം തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്തിരുന്ന കാലം സ്ഥിരമായി ആഹാരം കഴിച്ചിരുന്നത് ശ്രീ ഗുരുവായൂരപ്പൻ ഹോട്ടലിൽ നിന്നായിരുന്നു. തിരുവനന്തപുരം സ്റ്റാച്യുവിൽ ഗാന്താരി അമ്മൻ കോവിലിനു അടുത്തുള്ള ഈ ഹോട്ടലിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. തൊട്ട് അടുത്തുള്ള ഇന്ദിരാ ഭവൻ ലോഡ്ജിലെ 205-ാം നമ്പർ മുറിയിലായിരുന്നു അദ്ദേഹത്തിന്റെ താമസവും. ഈ ഹോട്ടലിൽ ഇന്നും കയറിച്ചെല്ലുമ്പോൾ ആദ്യം കാണുന്നത് കലാമിന്റെ ഫോട്ടോയും അതിനു മുന്നിൽ ഉരുളിയിൽ നിറച്ചു വെച്ചിരിക്കുന്ന പുഷ്പങ്ങളുമാണ്.

To advertise here,

തിരുവനന്തപുരത്ത് ഉണ്ടായിരുന്ന 22 വർഷവും ഗുരുവായൂരപ്പൻ ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിരുന്നു എന്നാണ് ഹോട്ടൽ ഉടമ ഗുരുവായൂർ അപ്പൻ എന്ന് അറിയപ്പെടുന്ന പരമേശ്വരൻ നായർ പറയുന്നത്. ഹോട്ടൽ തുടങ്ങിയിട്ട് 50 വർഷമായി. അബ്ദുൾ കലാം തിരുവനന്തപുരത്ത് ഇന്ദിരാ ഭവൻ ലോഡ്ജിൽ താമസം തുടങ്ങിയ കാലം മുതൽ ഗുരുവായൂർ അപ്പൻ ഹോട്ടലിൽ നിന്ന് ആയിരുന്നു ഭക്ഷണം. ഈ 22 വർഷവും ഒരിക്കൽ പോലും ഇരുന്നു ആഹാരം കഴിക്കുന്നത് കണ്ടിട്ടില്ല. രാവിലെ വന്നാൽ ആദ്യം കയ്യിൽ ഇരിക്കുന്ന ഡയറി എടുത്തു മേശപ്പുറത്ത് വെക്കും, ചിരിച്ച മുഖത്തോടെ സൗഖ്യമാ എന്ന് ചോദിക്കും അവിടെ ഉള്ള എന്തെങ്കിലും ആഹാരം കഴിക്കും, പ്രത്യേകിച്ച് എന്തെങ്കിലും ആഹാരത്തോട് പ്രിയം എന്ന് പറഞ്ഞിട്ടില്ല. കഴിച്ചു കഴിഞ്ഞാൽ അധികം ആരോടും സംസാരിക്കാതെ ഉടനെ മടങ്ങുന്നതായിരുന്നു പതിവ്. അവധിദിവസങ്ങളിൽ ഉച്ചയ്ക്ക് അൽപ്പം ചോറും തൈരും അതായിരുന്നു കലാമിന്റെ പതിവ്. അതും നിന്ന് മാത്രമേ കഴിക്കുള്ളൂ.

പരമേശ്വരൻ നായരെ ഗുരുവായൂർ അപ്പാ എന്നായിരുന്നു കലാം വിളിച്ചിരുന്നത്. എപ്പോഴെങ്കിലും ആഹാരം കഴിച്ചതിന്റെ പണം തരാൻ താൻ മറന്നു പോയാൽ ഇറങ്ങുമ്പോൾ കേട്ട് വാങ്കണം എന്ന് തമിഴിൽ  കലാം പറയുമായിരുന്നു. രാഷ്‌ട്രപതി ആയതിനു ശേഷം ഒരിക്കൽ തിരുവനന്തപുരം കോവളത്ത്‌ കലാം വന്നപ്പോൾ അവിടെ പോയി പരമേശ്വരൻ കണ്ടിരുന്നു. ഗുരുവായൂരപ്പാ എന്ന് വിളിച്ചു ഉനക്ക് സൗഖ്യം താനെ എന്ന് ചോദിച്ചു കൊണ്ട് ഓടി വന്ന കലാമിനെ ഇന്നും പരമേശ്വരൻ നായർ ഓർമ്മിക്കുന്നു.