തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്ത് തുടക്കമായി. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു.  2047-ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് കേരളത്തിൽ മാഗ്മ എച്ച്.ഡി.ഐ. വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്.

To advertise here,

പ്രമുഖ വനിതാ റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് കോട്ടയംവഴി കൊച്ചിവരെ നീളുന്ന റാലി നയിക്കുന്നത്. റാലിക്ക് വിവിധയിടങ്ങളിൽ സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. റാലിയിലുടനീളം റൈഡർമാർ ഇൻഷുറൻസ് ബോധവത്കരണ ലഘുലേഖകളും വിതരണംചെയ്യും. ഓരോ പ്രദേശത്തും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

കേരളത്തിൽ 32 ശതമാനം വാഹനങ്ങളും ഇൻഷുർ ചെയ്തിട്ടില്ല. ഇൻഷുറൻസ് പരിരക്ഷയെ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം ഉണ്ടായിരിക്കേണ്ടതുണ്ട്. ഈ റാലി ലക്ഷ്യമിടുന്നത് ഇതാണ്. കേരളത്തിലെ എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉറപ്പാക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം. വാഹനങ്ങൾ മാത്രമല്ല, ഇതര ഇൻഷുറൻസ് പരിരക്ഷകളേക്കുറിച്ചും പൊതുജനം ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾ ഇതിന് ഏറെ സഹായകമാണ്, ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു.

“ശാക്തീകരണവും ബോധവത്കരണവും ഒന്നു ചേരുന്നതാണ് ഈ വനിതാ ബൈക്ക് റാലി നൽകുന്ന സന്ദേശം. വനിതകളെ പ്രചോദിപ്പിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇൻഷുറൻസിനുള്ള പ്രധാന പങ്കിനെ കുറിച്ചും ഈ പരിപാടിയിലൂടെ ബോധവത്കരിക്കുന്നു. കേരളത്തിൽ ഈ ചുമതല നിർവഹിക്കുന്നതിന് ഐആർഡിഎഐ ഞങ്ങളെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്,” മാഗ്മ എച്ച്ഡിഐ ചീഫ് ടെക്നിക്കൽ ഓഫീസർ അമിത് ഭണ്ഡാരി പറഞ്ഞു.

‘ഇൻഷുറൻസ് എടുത്തോ?’ എന്ന പേരിൽ മാഗ്മ എച്ച്ഡിഐ നടത്തിവരുന്ന ഇൻഷുറൻസ് പ്രചരണത്തിന്റെ ഭാഗമാണ് ഈ വനിതാ ബൈക്ക് റാലിയും. ഇൻഷുറൻസ് എന്തിന്, എങ്ങനെ പരിരക്ഷ ഉറപ്പാക്കാം, ഇൻഷുറൻസ് പരിരക്ഷയുടെ പ്രയോജനങ്ങൾ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിന് വിപുലമായ ഡിജിറ്റൽ വിവരശേഖരവും മാഗ്മ എച്ച്ഡിഐ ഒരുക്കിയിട്ടുണ്ട്.