
ലോകത്തിലെ ഏറ്റവും കഠിനവും അപകടകരവുമായ ഓഫ്-റോഡ് മോട്ടോർസ്പോർട്ട് മത്സരമാണ് ഡാക്കർ റാലി (Daker Rally). സാധാരണ ട്രാക്ക് റേസുകളിൽനിന്ന് വ്യത്യസ്തമായി പാറക്കെട്ടുകൾ, ചെളി, മരുഭൂമികൾ എന്നിവയിലൂടെ ദിവസങ്ങളോളം നീളുന്ന ആയിരക്കണക്കിന് കിലോ മീറ്റർ ദൂരമാണ് മത്സരാർഥികൾ താണ്ടേണ്ടത്. വർഷംതോറും നടക്കുന്ന ഈ മത്സരത്തിൽ 2015 മുതൽ തുടർച്ചയായി മത്സരിച്ച താരമാണ് ഓസ്ട്രിയൻ പ്രൊഫഷണൽ റാലി-റൈഡ് മോട്ടോർസൈക്കിൾ റൈഡറായ മത്തിയാസ് വാക്ക്നർ. റെഡ്ബുൾ കെടിഎമ്മിന്റെ പിന്തുണയിൽ മത്സരിക്കുന്ന അദ്ദേഹം 2018-ലെ ഡാക്കർ റാലി ചാമ്പ്യനായിരുന്നു. തൊട്ടടുത്ത വർഷം പരിക്കുകളോട് പോരാടി മത്സരിച്ച് രണ്ടാമതെത്തി. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ യഥാക്രമം അഞ്ച്, ഒമ്പത്, മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. 2023-ൽ പതിമൂന്നാം സ്റ്റേജിലുണ്ടായ ഗുരുതരമായ വീഴ്ചയിൽ പരിക്കേറ്റ് മത്സരം പൂർത്തിയാക്കിയില്ല. എന്നാൽ, 2024 ഡാക്കർ റാലിക്ക് തൊട്ടുമുമ്പ്, 2023 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടന്ന പരിശീലനത്തിനിടെ സംഭവിച്ച ഗുരുതരമായ പരിക്കുകൾ ഡാക്കറിൽ മത്സരിക്കാനുള്ള ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന് തടസ്സമായി; ഇപ്പോൾ ഫോർവീൽ റേസിങ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ മുൻനിര അഡ്വഞ്ചർ ബൈക്ക് നിർമാതാക്കളായ കെടിഎമ്മിന്റെ പിന്തുണയോടെ സെപ്റ്റംബർ 11 മുതൽ ഇന്ത്യൻ പര്യടനത്തിലാണ് അദ്ദേഹം. മത്തിയാസ് വാക്ക്നർ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖം.
ഡാക്കർ റാലി എന്നാൽ എന്താണെന്ന് അറിയാത്തവർക്ക് താങ്കൾ അതിനെ എങ്ങനെ വിശദീകരിക്കും? ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ്-റോഡ് റേസുകളിലൊന്നായി ഡാക്കർ റാലിയെ കരുതുന്നത് എന്തുകൊണ്ടാണ്?
14 ദിവസത്തിലധികം നീളുന്ന വളരെ ദൈർഘ്യമേറിയ മത്സരമാണിത്. റൈഡർമാർ ബൈക്കിൽ മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഭൂപ്രകൃതിയും കൊടുംചൂടും തണുപ്പും നിറഞ്ഞ വ്യത്യസ്ത കാലാവസ്ഥകളും നേരിട്ടാണ് ഈ മത്സരം നടക്കുന്നത്. ഇതെല്ലാം ഉൾക്കൊള്ളുന്നതു കൊണ്ടാണ് ഡാക്കർ റാലി ഇത്രയും കഠിനവും അതോടൊപ്പം സവിശേഷവുമാകുന്നത്. ദിവസവും മണിക്കൂറുകളോളം മോട്ടോർ ബൈക്ക് ഓടിക്കേണ്ടിവരും. യഥാർഥ മത്സരം തുടങ്ങുന്നതിനുമുമ്പ് തന്നെ നഗരത്തിൽനിന്ന് മരുഭൂമിയിലേക്ക് 50 കിലോ മീറ്റർ മുതൽ 800 കിലോ മീറ്റർ വരെ സഞ്ചരിക്കുന്ന ഒരു റോഡ് സെഷൻ നടക്കാറുണ്ട്. അതും കഴിഞ്ഞാണ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരം ആരംഭിക്കുക.
രണ്ടാഴ്ചക്കാലം ദിവസവും 12-14 മണിക്കൂർ മരുഭൂമിയിലൂടെ ഒറ്റയ്ക്ക് റൈഡ് ചെയ്യുമ്പോൾ റൈഡർമാർ എങ്ങനെയാണ് അത് അതിജീവിക്കുന്നത്?
ഞാൻ അനുഭവങ്ങളിൽനിന്ന് ധാരാളം പഠിക്കാറുണ്ട്. 2015-ലെ എന്റെ ആദ്യ ഡാക്കറിലെ എന്റെ ചിത്രങ്ങൾ നോക്കിയാൽ കാണാം ഞാൻ വളരെ ക്ഷീണിതനാണ്. അന്നെനിക്ക് പ്രായം വളരെ കുറവായിരുന്നു. നല്ല ആരോഗ്യവാനായിരുന്നു. വളരെ വേഗം ബൈക്ക് ഓടിക്കാൻ അറിയുമായിരുന്നു. ആഴ്ചകൾ അതിജീവിക്കാൻ അതുമാത്രം മതിയെന്ന് ഞാൻ കരുതി. എന്നാൽ, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ഞാൻ തളർന്നു. പത്താം ദിവസം ആയപ്പോൾ കാര്യങ്ങൾ കൈവിട്ടു; മൂന്ന് മൂന്നര മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്; അതുകാരണം നിർജലീകരണവും അസുഖങ്ങളും പിടിപെട്ടു. ഭക്ഷണം ശരിയായിരുന്നില്ല. പിന്നീട് അനുഭവങ്ങളിൽനിന്ന് പഠിച്ച്, ശരിയായ ഭക്ഷണവും പ്രോട്ടീനും കഴിച്ച് 5-6 മണിക്കൂർ ഉറങ്ങാൻ തുടങ്ങി.
സൗത്ത് അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ മൈനസ് 11 ഡിഗ്രി തണുപ്പിൽ 5,000 മീറ്റർ ഉയരത്തിൽ റൈഡ് ചെയ്തതൊക്കെ വലിയ വെല്ലുവിളിയായിരുന്നു. തണുപ്പിനെ നേരിടാൻ ഗ്ലൗസും വിന്റർ ജാക്കറ്റും മതിയാകുമെന്ന് കരുതിയ എനിക്ക് തെറ്റി. അത്രയേറെ തണുപ്പ് എന്റെ ജീവിതത്തിൽ ഞാൻ മുമ്പ് അനുഭവിച്ചിട്ടില്ല. അങ്ങനെ തെറ്റുകൾ തിരുത്തുകയും വർഷങ്ങളോളം പുതിയ ഓരോന്ന് പഠിക്കുകയും ചെയ്തു.
ഡാക്കറിന്റെ വലിയ സവിശേഷത വഴികാണിക്കാൻ ജിപിഎസ് മാപ്പുകൾക്ക് പകരം അടയാളങ്ങൾ മാത്രമുള്ള പ്രിന്റ് ചെയ്ത റോഡ്ബുക്ക് ഉപയോഗിക്കുന്നു എന്നതാണ്. മരുഭൂമിയിലൂടെ മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുമ്പോൾ റോഡ്ബുക്കിൽ നോക്കി ശരിയായ വഴി തിരഞ്ഞെടുക്കുന്നത് എത്രത്തോളം എളുപ്പമാണ്?
ടാബ്‌ലെറ്റുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റോഡ് ബുക്കുകളാണ് ഉപയോഗിക്കുന്നത്, മുൻപ് പേപ്പർ റോഡ് ബുക്കുകളായിരുന്നു. എങ്കിലും വഴികാണിക്കുന്ന കുറിപ്പുകൾ രണ്ടിലും സമാനമാണ്. വേഗത്തിൽ ഓടിക്കുമ്പോൾ കൃത്യമായി നാവിഗേറ്റ് ചെയ്യുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. നേരത്തേ പറഞ്ഞതുപോലെ പരിശീലനമാണ് ഇവിടെയും പ്രധാനം. പരിശീലന സമയത്തുതന്നെ ഇതിനായി തയ്യാറെടുക്കേണ്ടതുണ്ട്; തുടർച്ചയായി പരിശീലിച്ച് സ്ഥിരത പുലർത്തുക. എല്ലാവർക്കും വഴി തെറ്റാറുണ്ട്, തെറ്റുകൾ സംഭവിക്കാറുണ്ട്.
റൈഡ് ചെയ്യുന്നതിനിടയിൽ ഒരു സെക്കൻഡ് താഴേക്ക് നോക്കി റോഡ് ബുക്കിന്റെ ചിത്രം മനസ്സിൽ പതിപ്പിച്ച്, വഴി ഓർത്തെടുത്ത് മുന്നോട്ടുപോകുന്നതാണ് ഏറ്റവും നല്ല രീതി. എങ്കിലും വേഗത്തിൽ നാവിഗേറ്റ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
വർഷങ്ങളായി കെടിഎമ്മിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന താങ്കൾ കമ്പനിയുടെ ഒരു ടെസ്റ്റ് റൈഡർ കൂടിയാണ്, കെ.ടി.എം. ബൈക്കുകൾ വളരെ ഉറപ്പുള്ളതും വേഗതയേറിയതുമാണെന്ന് എങ്ങനെയാണ് ടെസ്റ്റിങ്ങിലൂടെ ഉറപ്പാക്കുന്നത്?
അതിന് പല കാര്യങ്ങൾ പരിഗണിക്കാറുണ്ട്. തീർച്ചയായും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുക എന്നതാണ് പ്രധാനം. കാരണം അവർക്കാണിത് വിൽക്കുന്നത്. സന്തുഷ്ടരായ ഉപയോക്താക്കളെയാണ് നമുക്ക് വേണ്ടത്. ഇന്ത്യയിൽ കെടിഎം അഡ്വഞ്ചർ 390 ബൈക്ക് ജനപ്രിയമാണ്. കാരണം അത് വേഗതയുള്ളതും ഭാരം കുറഞ്ഞതുമാണ്. അത്ര വലുതുമല്ല. അതുകൊണ്ട് അത് ട്രാഫിക്കിലൂടെ നല്ലപോലെ ഓടിക്കാൻ കഴിയും. എന്നാൽ ഓസ്ട്രിയയിൽ മോട്ടോക്രോസ്, എൻഡ്യൂറോ ബൈക്കുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെ.ടി.എമ്മിന്റെ ഡി.എൻ.എ. എപ്പോഴും 'റെഡി ടു റേസ്' എന്നതാണ്.
ഏറ്റവും കഠിനമായ സാഹചര്യങ്ങളിലാണ് ബൈക്കുകൾ പരീക്ഷിക്കുക. മൊറോക്കോയിലെ മണൽക്കൂമ്പാരങ്ങൾ അതിനായി തിരഞ്ഞെടുക്കാറുണ്ട്. അവിടെ ഒരു ദിശയിൽ 50 കിലോമീറ്ററും തിരിച്ചും ഫുൾ സ്പീഡിൽ ഓടിക്കും. എയർ ഫിൽട്ടറും ഓയിൽ ഫിൽട്ടറും ഓയിലും മാത്രം മാറ്റി 100 മണിക്കൂർ ബൈക്ക് തടസ്സമില്ലാതെ പ്രവർത്തിച്ചാൽ മാത്രമേ ബൈക്ക് ടെസ്റ്റ് വിജയിക്കൂ. ടെസ്റ്റ് റൈഡർമാർ ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നതും ബൈക്കുകളുടെ കരുത്ത് ഉറപ്പുവരുത്താൻ കൂടിയാണ്.
ഓസ്ട്രിയയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ സൗത്ത് അമേരിക്കയിലേയും സൗദി അറേബ്യയിലെയും മരുഭൂമികളിലെ മണൽക്കൂനകൾ കീഴടക്കുന്ന തലത്തിലേക്ക് എത്തിയത് എങ്ങനെയാണ്? കുട്ടിക്കാലം എങ്ങനെ ആയിരുന്നു?
ആ ചെറുപ്പക്കാരൻ സ്വന്തം സ്വപ്നത്തെ പിന്തുടരുക മാത്രമാണ് ചെയ്തത്. എന്റെ ഈ സ്വപ്നം യാഥാർഥ്യമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കുടുംബത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു എനിക്ക്. ഓസ്ട്രിയൻ മലനിരകളിലാണ് ഞാൻ വളർന്നത്. അത്ര സമ്പന്നരായ മാതാപിതാക്കളൊന്നും ആയിരുന്നില്ല എന്റേത്. കായികരംഗത്തോട് വലിയ അഭിനിവേശവും കടുത്ത പ്രചോദനവും നിറഞ്ഞ ഊർജവുമുള്ള ഒരു സാധാരണ ഓസ്ട്രിയൻ കർഷകന്റെ മകനായാണ് ഞാൻ വളർന്നത്. എനിക്കിങ്ങനെയൊരു അവസരം നൽകിയതിന് മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എനിക്കുവേണ്ടി ഇതെല്ലാം ചെയ്തുതരാൻ അവർക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. എന്റെ മുത്തശ്ശനും മുത്തശ്ശിയും വലിയ പിന്തുണയായിരുന്നു. അവർ പെട്രോളിനായി പണം തരുമായിരുന്നു. അഴുക്കായ എന്റെ വസ്ത്രങ്ങൾ കഴുകിത്തന്നത് മുത്തശ്ശിയായിരുന്നു. അമ്മ എനിക്കുവേണ്ടി ആഹാരം പാകം ചെയ്തു. അച്ഛൻ ബൈക്കിന്റെ അറ്റകുറ്റപ്പണികൾ ചെയ്തുതന്നു. പരിശീലിക്കാൻ സഹോദരൻ സഹായിച്ചു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയത് സഹോദരിയാണ്. അങ്ങനെ ഇതൊരു കുടുംബ ബിസിനസ്സ് പോലെയായിരുന്നു. അതുകൊണ്ടുതന്നെ, ഇതെല്ലാം ഒത്തൊരുമിച്ച് നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനും കൃതജ്ഞനുമാണ്. തിരിഞ്ഞുനോക്കുമ്പോൾ വളരെ മനോഹരമായ ഒരു കാലഘട്ടമായിരുന്നു അതെന്ന് ഞാൻ കരുതുന്നു. ഒപ്പം, ഇനിയും മികച്ചൊരു സമയം എന്റെ മുന്നിലുണ്ടെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ റാലി, ഓഫ്-റോഡ് രംഗത്തെ വളർച്ചയെയും ഇവിടുത്തെ റൈഡർമാരെയും എങ്ങനെ കാണുന്നു?
ഇവിടുത്തെ ഇരുചക്രവാഹന ലോകം എനിക്കേറെ ഇഷ്ടപ്പെട്ടു. നഗരങ്ങളിൽ ഇത്രയധികം മോട്ടോർ ബൈക്കുകൾ ഞാൻ മുൻപ് കണ്ടിട്ടില്ല. മുംബൈ നഗരത്തിലൊക്കെ എത്ര എളുപ്പത്തിലാണ് നഗരത്തിരക്കിലൂടെ ആളുകൾ ബൈക്കുകൾ കൊണ്ടുപോവുന്നത്! ഇന്ത്യയിലെ ആളുകളുടെ അടിസ്ഥാന റൈഡിങ് കഴിവുകൾ മികച്ചതാണ്. കഴിഞ്ഞ ദിവസം ഒരു വീഡിയോ ഷൂട്ടിങ്ങിനിടയിൽ ഇവിടുത്തെ ആളുകൾ എത്ര വേഗത്തിലാണ് ബൈക്ക് ഓടിക്കുന്നത് എന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അടുത്ത വലിയ ചാമ്പ്യൻ ഇപ്പോൾത്തന്നെ ഇന്ത്യയിലുണ്ട്, അദ്ദേഹത്തെ കണ്ടെത്തിയാൽ മാത്രം മതി.
2023-ലെ അപകടശേഷം ഇപ്പോൾ ഫോർവീൽ വാഹനത്തിലാണ് താങ്കൾ മത്സരിക്കുന്നത്. വർഷങ്ങളോളം ജീവിതത്തിന്റെ ഭാഗമായിരുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നുള്ള ആ മാറ്റം എത്രത്തോളം എളുപ്പമായിരുന്നു?
അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. പ്രത്യേകിച്ച് മരുഭൂമിയിലൂടെ വഴിതീരുമാനിച്ച് സഞ്ചരിക്കുന്നത്. കാരണം ഇപ്പോൾ വഴി പറഞ്ഞുതരുന്നത് കൂടെയുള്ള കോ-ഡ്രൈവറാണ്. പിന്നെ കാർ കൈകാര്യം ചെയ്യുകയെന്നത് വ്യത്യസ്തമാണ്. വാഹനം കേടാകാനുള്ള സാധ്യത കൂടുതലാണ്. തീർച്ചയായും ഇതെനിക്കൊരു പുതിയ ലോകമാണ്, എങ്കിലും ഞാൻ തുടർന്നും പഠിക്കാനും എന്റെ പരമാവധി നൽകാനും ശ്രമിക്കുന്നുണ്ട്.
Content Highlights: Former Dakar Rally champion Matthias Walkner reflects on surviving the world's most perilous off-road race, the art of desert navigation, his transition to four-wheel racing following serious injuries, and the massive motorsport potential he observes among Indian riders during his KTM tour.
Published: 17 Sept 2026, 11:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented