നാം സ്വരം ശ്രവിക്കുന്ന രീതിക്ക് താരതമ്യേന പുതിയൊരു സാധ്യത കൂടി തുറന്നിടുകയാണ് ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണ്‍സ് (Bone Conduction Earphones). നമ്മുടെ ഇയര്‍ഡ്രമ്മുകളില്‍ കമ്പനമുണ്ടാക്കാതെ തലയോട്ടിയിലൂടെ സ്വരം പ്രവഹിപ്പിച്ച് നേരിട്ട് ഉള്‍ക്കാതില്‍ (inner ear) എത്തിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. പരമ്പരാഗത ഇയര്‍ഫോണുകളേ പോലെ നമ്മുടെ കാതുകളിലേക്ക് ഇറങ്ങിയിരുന്ന് പരിസരസ്വരങ്ങള്‍ കേള്‍പ്പിക്കാതിരിക്കുന്നുമില്ല എന്നതും ഇതിന്റെ സവിശേഷതയാണ്.

To advertise here,

വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ് ഈ സാങ്കേതികവിദ്യ. പക്ഷേ, ഇതിന് ചില പരിമിതികള്‍ ഇപ്പോള്‍ ഉണ്ട്. ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഈ ടെക്നോളജി വരുംകാലത്ത് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാങ്കേതികവിദ്യാ പ്രേമികള്‍ക്ക് കൗതുകമുണര്‍ത്തിയേക്കാവുന്ന ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകളുടെ ഇപ്പോഴത്തെ ഗുണദോഷങ്ങള്‍ വേര്‍തിരിച്ചറിയാം:

എയര്‍ കണ്‍ഡക്ഷനും ബോണ്‍ കണ്‍ഡക്ഷനും

ഗംഭീര ഓഡിയോ കേള്‍പ്പിക്കുന്നതിനു പുറമെ, ആപ്പിളിന്റെ എയര്‍പോഡസ് പ്രോ 3 വയര്‍ലെസ് ഇയര്‍ ബഡ്സില്‍ ആരോഗ്യപരിപാലന ഫീച്ചറുകള്‍ വരെ എത്തിക്കഴിഞ്ഞു. അവ ശ്രവണ സഹായിയായി പോലും ഉപയോഗിക്കാം. പക്ഷെ, അവ ഇന്‍-ഇയര്‍ ഇയര്‍ ഫോണ്‍സിന്റെ വിഭാഗത്തില്‍ പെടും. എന്നുപറഞ്ഞാല്‍ അവ ചെവിക്ക് ഉള്ളിലേക്ക് ഇറങ്ങിയിരിക്കുന്ന തരം ഇയര്‍ഫോണാണ്. പരമ്പരാഗത എയര്‍ കണ്‍ഡക്ഷന്‍ (ഇയര്‍ ഡ്രമ്മുകളില്‍ കമ്പനമുണ്ടാക്കുന്ന) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വരം ചെവിയിലെത്തിക്കുകയാണ് എയര്‍പോഡ്​സ് പോലും ചെയ്യുന്നത്.

എന്നാല്‍, ആ രീതിയിലല്ലാതെ സ്വരം കേള്‍പ്പിക്കുന്ന ഇയര്‍ഫോണ്‍ ആണ് ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണ്‍സ്. ഇവ സ്വരകമ്പനം തലയോട്ടിയുടെ എല്ലുകളിലൂടെ നേരിട്ട് ഉള്‍ക്കാതില്‍ എത്തിക്കുന്നു. ചെവി തുറന്നു കിടക്കുന്നതിനാല്‍ തന്നെ പരിസര ജാഗ്രത നിലനിര്‍ത്താനും സാധിക്കുന്നു. കൂടാതെ, ചിലതരം ശ്രവണ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കാം. ഇയര്‍ഡ്രമ്മിലേക്കും അതിനപ്പുറത്തുള്ള ടിംപാനിക്ക് (tympanic) കാവിറ്റിയും കടക്കാതെയാണ് ഉള്‍ക്കാതിലെ കൊക്ളിയയിലേക്ക് (cochlea) നേരിട്ട് ഈ സാങ്കേതികവിദ്യ സ്വരം എത്തിക്കുന്നത്.

ചരിത്രം

ബോണ്‍ കണ്‍ഡക്ഷന്‍ വഴി സ്വരം കേള്‍ക്കാമെന്ന് ആദ്യമായി പരീക്ഷിച്ചു തെളിയിച്ചത് 1400കളില്‍ ഇറ്റാലിയന്‍ ഫിസിഷ്യനായിരുന്ന ഗിരോലാമോ കര്‍ഡാനോ (Girolamo Cardano) ആയിരുന്നു. ഒരു വ്യക്തിയുടെ പല്ലുകള്‍ക്കിടയില്‍ ഒരു ലോഹദണ്ഡ് വച്ച ശേഷം അത് ഒരു സംഗീതോപകരണവുമായി ബന്ധിപ്പിച്ച് സ്വരം പ്രസരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ ഇയര്‍ഫോണ്‍ അവതരിപ്പിച്ചത് 1994ല്‍ ആണ്. തുടര്‍ന്ന് ഈ ടെക്നോളജി ഇയര്‍ഫോണുകളും, ഹെഡ്ഫോണുകളും അടക്കമുള്ള അണിയാവുന്ന ഉപകരണങ്ങളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. 

ബോണ്‍ കണ്‍ഡക്ഷന്‍ ടെക്നോളജിയുടെ ഗുണവശങ്ങള്‍

നേരത്തെ പറഞ്ഞതു പോലെ കാതിന്റെ ഇയര്‍ കനാല്‍ തുറന്നിടുന്നതിനാല്‍ പരിസര സ്വരങ്ങള്‍ സ്വാഭാവികമായി പ്രവേശിച്ചുകൊണ്ടിരിക്കും. റോഡുകളിലൂടെയും മറ്റും ഓട്ടം, സൈക്ലിങ് തുടങ്ങിയവ പരിശീലിക്കുന്നവര്‍ ഇത് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഉപയോഗിക്കാറുണ്ട്.

ഇയര്‍ഡ്രമ്മിലേക്ക് പ്രവേശിക്കാതെ സ്വരം ഉളളില്‍ എത്തിക്കുന്നതിനാല്‍ ആ പ്രദേശങ്ങള്‍ക്ക് ആയാസം കുറയും. നിരന്തരം ഇയര്‍ഫോണ്‍ ശ്രവണരന്ധ്രത്തിലേക്ക് ആഴ്ത്തിവയ്ക്കുന്ന ചിലരിലെങ്കിലും രോഗങ്ങള്‍ വരുത്താറുണ്ട്. ചിലര്‍ക്ക് ഇയര്‍ഡ്രം തന്നെ പ്രശ്നത്തിലാകാറുണ്ട്. ചിലര്‍ക്ക് അധികമായി ഇയര്‍വാക്സ് ഉണ്ടാകാറും ഉണ്ട്. പ്രത്യക്ഷത്തില്‍ ഇതൊക്കെ ഒഴിവാക്കി ചെവിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ബോണ്‍ കണ്‍ഡക്ഷന്‍ ടെക്നോളജി. ചെവി തുറന്നു കിടക്കുന്നതിനാല്‍ അതിലേക്ക് സ്വാഭാവികമായി കാറ്റ് കടന്നിറങ്ങിക്കൊണ്ടിരിക്കും.

മികച്ച ബോണ്‍ കണ്‍ഡക്ഷന്‍ ഹെഡ്ഫോണ്‍സ് നിര്‍മാണ മികവ് ഉള്ളവ ആയിരിക്കും. അവ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിച്ചേക്കാം. കൂടുതലായും സ്പോര്‍ട്സ്, ഔട്ട്ഡോര്‍ ആക്ടിവിറ്റിക്കാരെ ഉദ്ദേശിച്ച് ഇറക്കുന്നവ ആയതിനാല്‍ ഇവയ്ക്ക് പൊതുവെ നല്ല ഐപി റേറ്റിങ്ങും ഉണ്ടാകും. പരിസരാവബോധം സ്വാഭാവികമായി നിലനിര്‍ത്താന്‍ സാധിക്കുന്നതിനാല്‍ സുരക്ഷിതത്വവും കൂട്ടും.

ദോഷവശങ്ങള്‍

ആപ്പിളും ബോസും പോലെയുള്ള ഓഡിയോ സാമ്രാട്ടുകള്‍ ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ ഇതുവരെ തങ്ങളുടെ ഇയര്‍ഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നതു തന്നെയാണ് അവയുടെ പരിമിതി വിളിച്ചറിയിക്കുന്ന കാര്യങ്ങളിലൊന്ന്. ഇവയിലൂടെ ലോ-ഫ്രീക്വന്‍സി സ്വരങ്ങള്‍ കേള്‍പ്പിക്കല്‍ എളുപ്പമാണ്. എന്നാല്‍, ഹൈ-ഫ്രീക്വന്‍സിയുടെ കാര്യത്തില്‍ അതല്ല സ്ഥിതി. പ്രത്യേകിച്ചും 4,000 ഹെട്സിനു മുകളിലുള്ള സ്വരങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ആധുനിക ഇയര്‍ഫോണുകള്‍ നല്‍കുന്ന തരത്തിലുള്ള സ്വരപുഷ്ടിമ ഇവയ്ക്ക് ലഭിക്കില്ല. സംഗീത പ്രേമികളും ഗെയിമര്‍മാരും പ്രതീക്ഷിക്കുന്നതത്ര സ്വരമികവ് ഇവയ്ക്ക് നല്‍കാന്‍ സാധിക്കില്ല.

നേരത്തെ പറഞ്ഞതു പോലെ, ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ എല്ലുകളിലൂടെ സ്വരം പകര്‍ന്നുവിടുന്നത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ചും ദീര്‍ഘ സമയം ഉപയോഗിക്കേണ്ടി വന്നാല്‍ ചിലര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിക്ക ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകള്‍ക്കും മൈക്കുകളും ഉണ്ട്. എന്നാല്‍ ഇവ ഉപയോഗിച്ച് കോളുകള്‍ നടത്തുന്നത് ചിലര്‍ക്ക് അത്ര മികച്ച അനുഭവമായി തോന്നാറില്ല.

വ്യായാമ സമയത്ത്

പാട്ടും പോഡ്കാസ്റ്റും ഒക്കെ കേട്ട് റോഡുകളിലൂടെ ഓടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍, ഇന്ത്യന്‍ റോഡുകളിലെ വൈകുന്നേരങ്ങളിലെ ശബ്ദായമാനമായ അവസ്ഥ ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കു പോലും പ്രശ്നമാണെന്നു പറയുന്നു. ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകളുടെ വോളിയം ഒരു പരിധിക്കു മുകളില്‍ ഉയര്‍ത്തുന്നത് ചിലരെയെങ്കിലും പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നതിനാല്‍ എല്ലാ നഗരങ്ങളിലും സാഹചര്യ അവബോധം നിലനിര്‍ത്താന്‍ ഇവ പ്രയോജനം ചെയ്തേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്റ്റേഡിയങ്ങളിലും മറ്റും പരിശീലനം നടത്തുന്നവര്‍ക്ക് ഇവ നല്ല ഓപ്ഷന്‍ ആയിരിക്കാം.

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ?

സമ്പന്നമായ സ്വരം ആസ്വദിക്കാന്‍ അല്ല ആഗ്രഹമെങ്കില്‍ പരമ്പരാഗത ഇയര്‍ഫോണുകളേക്കാള്‍ പൊതുവേ സുരക്ഷിതമാണ് ബോണ്‍ കണ്‍ഡക്ഷന്‍ ടെക്നോളജി എന്നാണ് വിലയിരുത്തല്‍. ഇയര്‍ഡ്രം പ്രശ്നങ്ങള്‍ വരില്ലെന്നതാണ് പ്രധാന ഗുണമായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍, ഒരു പരിധിയിലേറെ വോളിയം ഉയര്‍ത്തുന്നത് ശ്രവണ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. തലയോട്ടിയിലൂടെ സ്വരം പായിക്കുന്നത് ചിലര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

60-60 നിയമം പാലിക്കുക

ഏതു തരം ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോഴും പാലിക്കണം എന്നു പറയുന്ന 60-60 നിയമം ഇവയ്ക്കും ബാധകമാണ്. തുടര്‍ച്ചയായി 60 മിനിറ്റിലേറെ അണിയരുത് എന്നും പരമാവധി വോളിയത്തിന്റെ 60 ശതമാനത്തിലേറെ ഉയര്‍ത്തരുത് എന്നുമാണ് ഈ നിയമം പറയുന്നത്. ഇതു പാലിക്കാനായാല്‍ ബോണ്‍ കണ്‍ഡക്ഷന്‍ ടെക്നോളജിയും പൊതുവേ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കില്ലെന്നു പറയുന്നു.

ഭാവിയെന്ത്?

ആപ്പിള്‍ കമ്പനി ബോണ്‍ കണ്‍ഡക്ഷന്‍-എയര്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യകള്‍ ഒരുമിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് കമ്പനി ഫയല്‍ ചെയ്ത പേറ്റന്റുകളില്‍ നിന്ന് വ്യക്തമാണ്. ലോ ഫ്രീക്വന്‍സികള്‍ ബോണ്‍ കണ്‍ഡക്ഷന്‍ വഴിയും ഹൈ-ഫ്രീക്വന്‍സികള്‍ എയര്‍ കണ്‍ഡക്ഷന്‍ വഴിയും എത്തിക്കാനുള്ള ശ്രമമായിരുന്നു കമ്പനിയുടേത്. ബോണ്‍ കണ്‍ഡക്ഷന്റെ പരിമിതികള്‍ മറികടക്കാനായിരുന്നു ഇത്. ആപ്പിളോ മറ്റു കമ്പനികളോ ഇതില്‍ വിജയിച്ചാല്‍ ഹൈബ്രിഡ് ഇയര്‍ഫോണ്‍ വിപണിയിലെത്തിയേക്കാം.

പകരം എന്ത്?

ഓപ്പണ്‍ ഇയര്‍ എയര്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകള്‍ വാങ്ങുന്നത് പരിഗണിക്കാം. ഇവയും ചെവി തുറന്നിടുന്നു. എന്നാല്‍, ഇയര്‍ഡ്രമ്മില്‍ കമ്പനം നടത്തി സ്വരം കടത്തിവിടുന്ന ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റ് ഇയര്‍ഫോണുകള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ തന്നെ ഉണ്ടാക്കിയേക്കാം. ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യയ്ക്ക് പകരമാവില്ല.

എന്തായിരിക്കണം സമീപനം?

പരിചയത്തിലുള്ള ആരെങ്കിലും ഇത്തരം ഇയര്‍ഫോണുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ ഒന്നോ രണ്ടോ ദിവസത്തേക്ക് വാങ്ങി ഉചിതമാണോ എന്ന് ഉപയോഗിച്ചു നോക്കിയശേഷം വാങ്ങുന്നതായിരിക്കും നല്ലത്. അതേസമയം, ജോലി സംബന്ധമായും മറ്റും ഇയര്‍ഫോണുകള്‍ നിരന്തരം അണിയാന്‍ നിര്‍ബന്ധിതരാകുന്നവരുണ്ട്. ഇത് ബാധിര്യത്തിലേക്ക് നയിച്ചേക്കുമോ എന്ന സംശയവും ഉണ്ട്. സ്വരപുഷ്ടിമയക്കും മറ്റും പ്രാധാന്യമില്ലാത്ത ഇത്തരം സാഹചര്യങ്ങളില്‍ ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ യോജിക്കുമോ എന്ന് പരിശോധിച്ചറിയാം.

സ്ഥിരമായി ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബോണ്‍ കണ്‍ഡക്ഷന്‍-എയര്‍ കണ്‍ഡക്ഷന്‍ മോഡലുകള്‍ സാഹചര്യത്തിന് അനുസരിച്ച് മാറിമാറി ഉപയോഗിക്കുന്നത് ഭാവിയില്‍ കേള്‍വി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കും. ശ്രവണ പ്രശ്നങ്ങള്‍ ഉള്ള മുതിര്‍ന്നവരും മറ്റും ബോണ്‍ കണ്‍ഡക്ഷന്‍ ടെക്നോളജി തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് പരീക്ഷിച്ചു നോക്കുന്നതും ഗുണംചെയ്തേക്കും.

ലഭ്യത

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പ്പനയിലുള്ളതിലേക്കും വച്ച് മികച്ച മോഡലുകളിലൊന്ന് ഷോക്സ് ഓപ്പണ്‍റണ്‍ പ്രോ 2 (SHOKZ Openrun Pro 2) ആണ്. 15,000 രൂപയിലേറെ വില നല്‍കേണ്ടി വരും. ഷോക്സിന്റെയും മറ്റു കമ്പനികളുടെയും വില കുറഞ്ഞ മോഡലുകളും ഉണ്ട്. ചില കമ്പനികള്‍ 2000 രൂപയില്‍ താഴെ പോലും ഇത്തരം ഇയര്‍ഫോണുകള്‍ വില്‍ക്കുന്നുണ്ട്. അവയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തതയില്ല.

ബോണ്‍ കണ്‍ഡക്ഷന്‍ ആര്‍ക്കൊക്കെ ഗുണകരമായേക്കാം?

  • ചെവിയുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇവ വാങ്ങുന്ന കാര്യം പരിഗണിക്കാം.
  • എയര്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകള്‍ക്ക് പകരം ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ടാമത് ഒരു ഇയര്‍ഫോണായി വാങ്ങാം.
  • സ്പോര്‍ട്സ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരിഗണിക്കാം.
  • ഇയര്‍ഡ്രമ്മിനോ, ഇയര്‍ കനാലിനോ പ്രശ്നമുള്ളവര്‍ക്ക് പരിഗണിക്കാം.
  • ചെവിക്ക് ഉള്ളിലേക്കോ, ചെവി മൂടിയോ ഇരിക്കുന്ന ഹെഡ്സെറ്റുകള്‍ ചിലര്‍ക്ക് അസ്വസ്ഥത പകരാറുണ്ട്. അത്തരക്കാര്‍ക്കും ഉപയോഗിച്ചു നോക്കാം.
  • ജോലി സംബന്ധമായി സ്ഥിരമായി ഇയര്‍ഫോണ്‍ അണിയേണ്ടി വരുന്നവര്‍ക്കും പരീക്ഷിച്ചു നോക്കാം.
  • ചെവിയുടെ ആരോഗ്യത്തിന് സ്വരപുഷ്ടിമയെക്കാളേറെ പ്രാധാന്യം നല്‍കുന്ന ആര്‍ക്കും ഗുണം ചെയ്തേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആര്‍ക്ക് അനുയോജ്യമല്ല

നല്ല വോളിയത്തിലും, കൂടുതല്‍ നിമഗ്‌നവും, സമ്പന്നമായതും, നൂതന ഓഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്തതുമായ സ്വരം ആസ്വദിക്കണം എന്നുള്ളവര്‍ ബോണ്‍ കണ്‍ഡക്ഷന്‍ ഇയര്‍ഫോണുകള്‍ വാങ്ങേണ്ട കാര്യമില്ല.