ഒരു നല്ല ബ്ലൂടൂത്ത് ഇയർഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അതിൽനിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് പാട്ടുകളും വീഡിയോയിലെ ശബ്ദവുമെല്ലാം അതിമനോഹരമായി, മികച്ച ഗുണമേന്മയിൽ ആസ്വദിക്കുക എന്നത്. ഇതുകൂടാതെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫോൺ വിളിക്കുമ്പോൾ മികച്ച ശബ്ദം ഉറപ്പാക്കുക എന്നതാണ്. പറയുന്ന കാര്യങ്ങൾ മറുവശത്തുള്ളയാൾക്ക് പശ്ചാത്തല ബഹളങ്ങളില്ലാതെ വ്യക്തമായി കേൾക്കാൻ സാധിക്കണം. സാധാരണ ഈ സൗകര്യങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ സ്വീകരിക്കുന്ന ഏറ്റവും എളുപ്പവഴി നല്ലൊരു ബ്രാൻഡിന്റെ വില കൂടിയ ഇയർഫോൺ വാങ്ങുക എന്നതാണ്. വിലയല്ല, അതിലെ സാങ്കേതികതകളാണ് ആ ഇയർഫോണിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത്. ടിഡബ്ല്യുഎസ് അഥവാ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകളുടെ കാര്യമെടുക്കാം. വിപണിയിൽ ലഭ്യമായ ഒരു ടിഡബ്ല്യുഎസ് ഇയർഫോൺ എങ്ങനെ തിരഞ്ഞെടുക്കാം?

To advertise here,

അതിനായി ശ്രദ്ധിക്കേണ്ട പ്രധാന സ്പെസിഫിക്കേഷനുകൾ താഴെ പറയുന്നവയാണ്:

1. വ്യക്തതയുള്ള ഫോൺകോൾ ഉറപ്പാക്കാൻ

ഫോൺ വിളിക്കുമ്പോൾ ശബ്ദം മറുപുറത്തുള്ളയാൾക്ക് കൃത്യമായി കേൾക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ താഴെ പറയുന്നവയാണ്.

  • മൈക്രോഫോണുകളുടെ എണ്ണം: ഇയർഫോണിന് ഒരു വശത്ത് കുറഞ്ഞത് 2 അല്ലെങ്കിൽ 3 മൈക്കുകൾ വീതം (ഇരുവശത്തുമായി നാല് മൈക്കുകളോ അല്ലെങ്കിൽ ആറ് മൈക്കുകളോ) ഉണ്ടെന്ന് ഉറപ്പാക്കുക. നാല് മൈക്കുകൾ ഉള്ള ക്വാഡ് മൈക്ക് സിസ്റ്റം പശ്ചാത്തല ശബ്ദം എളുപ്പത്തിൽ ഒഴിവാക്കി ശബ്ദം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്നു. 
  • എൻവയൺമെന്റ് നോയ്സ് കാൻസലേഷൻ (ENC): ഇയർഫോണുകളുടെ സവിശേഷതകളിൽ അതിൽ ഇഎൻസി സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കുക. കോളുകൾ ചെയ്യുമ്പോൾ ചുറ്റുമുള്ള ബഹളങ്ങളെ മൈക്രോഫോൺ തിരിച്ചറിഞ്ഞ് റദ്ദാക്കുന്ന സാങ്കേതികവിദ്യയാണിത്.
  • എഐ അധിഷ്ഠിത കോൾ നോയ്സ് റിഡക്ഷൻ ഫീച്ചറുകൾ- പല പേരുകളിൽ അവതരിപ്പിക്കപ്പെടാവുന്ന ഈ ഫീച്ചർ നിർമിതബുദ്ധിയുടെ സഹായത്തോടെ കാറ്റിന്റെ ശബ്ദവും വാഹനങ്ങളുടെ ഹോൺ ശബ്ദവും തിരിച്ചറിഞ്ഞ് മനുഷ്യശബ്ദത്തിന് കൂടുതൽ വ്യക്തത നൽകാൻ സഹായിക്കുകയും ഫോൺ കോളിൽ ശബ്ദം കൂടുതൽ ഗുണമേന്മയുള്ളതാക്കി മാറ്റുകയും ചെയ്യും.

2. ശബ്ദമികവിൽ ഗാനങ്ങൾ ആസ്വദിക്കാൻ

പാട്ടുകൾ കേൾക്കുമ്പോൾ മികച്ച അനുഭവം ലഭിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

  • ഓഡിയോ കോഡെക്കുകൾ (Audio Codecs): ഫോണിൽനിന്ന് ഇയർഫോണിലേക്ക് ബ്ലൂടൂത്ത് വഴി പാട്ടുകൾ എത്തുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാൻ AAC, aptX, aptX Adaptive, അല്ലെങ്കിൽ LDAC തുടങ്ങിയ ഹൈ-റെസ് (Hi-Res) പോലുള്ള കോഡെക്കുകൾ പിന്തുണയ്ക്കുന്ന ഇയർഫോണുകൾ ആണെന്ന് ഉറപ്പുവരുത്തി തിരഞ്ഞെടുക്കുക. (ആപ്പിൾ ഫോണുകൾക്ക് AAC-യും ആൻഡ്രോയിഡ് ഫോണുകൾക്ക് aptX, LDAC എന്നിവയുമാണ് മികച്ചത്).
  • ഡ്രൈവർ സൈസ്: സാധാരണയായി 10mm മുതൽ 13mm വരെയുള്ള ഡൈനാമിക് ഡ്രൈവറുകൾ മികച്ച ബാസും വ്യക്തമായ ശബ്ദവും നൽകും. പാട്ടുകളിൽ മികച്ച ബാസ് (Bass) ആഗ്രഹിക്കുന്നുവെങ്കിൽ 13mm ഡ്രൈവറുകളുള്ള ഇയർഫോണുകൾ തിരഞ്ഞെടുക്കാം. എന്നാൽ, സന്തുലിതമായ ശബ്ദത്തിനും കാളുകളിലെ വ്യക്തതയ്ക്കും 10mm ഡ്രൈവറുകളാണ് കൂടുതൽ അനുയോജ്യം.

3. പശ്ചാത്തല ശബ്ദം ഒഴിവാക്കാൻ

യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും ചുറ്റുമുള്ള ബഹളം അസ്വസ്ഥപ്പെടുത്താതെ ഇയർഫോണിൽ ശബ്ദം കേൾക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

  • ആക്ടീവ് നോയ്സ് കാൻസലേഷൻ (ANC): ബാഹ്യമായ ശബ്ദതരംഗങ്ങളെ ഇയർഫോണിലെ മൈക്കുകൾ വഴി കണ്ടെത്തി അതിനെതിരെയുള്ള തരംഗങ്ങൾ നിർമിച്ച് ശബ്ദം ഇല്ലാതാക്കുന്ന ഫീച്ചറാണിത്. കുറഞ്ഞത് 30dB മുതൽ 48dB വരെ എഎൻസി ശേഷിയുള്ളവ നോക്കി വാങ്ങുക.
  • പാസീവ് നോയ്സ് കാൻസലേഷൻ: ഇയർഫോണിന്റെ ഇയർ-ടിപ്പുകൾ ചെവിയിൽ കൃത്യമായി ഇരിക്കുന്നതാണെങ്കിൽ നല്ലൊരു പരിധി വരെ പുറത്തെ ശബ്ദം തനിയെ കുറയും.

ചുരുക്കിപ്പറഞ്ഞാൽ ഒരു ടിഡബ്ല്യുഎസ് ഇയർഫോൺ വാങ്ങുമ്പോൾ അതിൽ ഇഎൻസി, എഎൻസി ഫീച്ചറുകളുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മികച്ച രീതിയിൽ ശബ്ദം കേൾക്കാനും ഫോൺ കോളിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ വ്യക്തതയോടെ മറുവശത്തുള്ളയാൾക്ക് കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും. ഈ ആവശ്യങ്ങൾക്കായി ചില ഉപകരണ നിർമാതാക്കൾ അവരുടേതായ പ്രത്യേക നൂതന സാങ്കേതികവിദ്യകളും ഉപയോഗിക്കാറുണ്ട്. ഇക്കാര്യങ്ങളും ശ്രദ്ധിക്കണം. അതേസമയം, ഇതെല്ലാമുള്ള ഇയർഫോണുകൾ ചിലപ്പോൾ താരതമ്യേന വിപണിയിൽ വിലയേറിയ ഇയർഫോണുകളായിരിക്കാം. എങ്കിലും വാങ്ങുന്നത് ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇയർഫോണുകളാണെന്ന് ഉറപ്പുവരുത്താൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.