വാഷിങ്ടൺ: യു.എസിലെ വാഷിങ്ടണിലുള്ള സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്പെയ്സ് മ്യൂസിയത്തിൽ സാരിയുടുത്തുനിൽക്കുന്ന ഒരു ബൊമ്മയുണ്ട്; അതിനടുത്ത് തൂക്കിയിട്ട ഒരു നീല ടീഷർട്ടും.

To advertise here,

ബഹിരാകാശത്തുപോയ ആദ്യ അമേരിക്കൻ വനിത സാലി റൈഡ് അണിഞ്ഞ ടീഷർട്ടാണത്. അടുത്തുള്ള സാരി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഇസ്രോ) ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥ് 2013 ഡിസംബർ ഒന്നിന് ഉടുത്തതും. അന്നായിരുന്നു ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ, ഭൂമിയുടെ ഭ്രമണപഥംവിട്ട് ചൊവ്വയ്ക്കടുത്തേക്ക് നീങ്ങിയത്.

2013 നവംബർ അഞ്ചിന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്നാണ് മംഗൾയാൻ വിക്ഷേപിച്ചത്. ആ ദൗത്യത്തിന്റെ-മാർസ് ഓർബിറ്റർ മിഷന്റെ-ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറായിരുന്നു നന്ദിനി ഹരിനാഥ്. അനുരാധ ടി.കെ., റിതു കരിധൽ എന്നിവരും നന്ദിനിക്കൊപ്പം ‘റോക്കറ്റ് വനിതകൾ’ ആയി.

മംഗൾയാന്റെ വിജയക്കുതിപ്പുകണ്ട് ‘ഇസ്രോ’യിൽ സാരിയുടുത്ത ഒരുകൂട്ടം പെണ്ണുങ്ങൾ കൈയടിച്ച് ആനന്ദംകൊള്ളുന്നത് സ്മിത്‌സോണിയൻ മ്യൂസിയത്തിലെ ബഹിരാകാശ ചരിത്രവസ്തുക്കളുടെ പരിപാലകനായ മാറ്റ് ഷിൻഡൽ കണ്ടു. 2020-ൽ ഷിൻഡൽ നന്ദിനി ഹരിനാഥിന് ഒരു ഇ-മെയിൽ അയച്ചു. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെയും അതിന്റെ വിജയത്തിൽ നന്ദിനിയുടെ പങ്കിനെയും പ്രതിനിധാനം ചെയ്യുന്ന എന്തെങ്കിലുമൊരു വസ്തു സ്മിത്‌സോണിയൻ മ്യൂസിയത്തിലേക്ക് നൽകുന്നതിനെക്കുറിച്ചുള്ള കത്തായിരുന്നു അത്. അവർ ചർച്ചചെയ്ത് ഒരു തീരുമാനത്തിലെത്തി, മംഗൾയാൻ ഭൂമിയുടെ ഭ്രമണപഥംവിട്ട ദിനത്തിൽ നന്ദിനിയയുടുത്ത സാരി സ്മിത്‌സോണിയന് നൽകാം. അങ്ങനെ സാരിയും ബ്ലൗസും മ്യൂസിയത്തിലെത്തി.

ടെക്‌സ്റ്റൈൽ മേഖലയിൽ പ്രവർത്തിക്കുന്ന ബേഥ് നൈറ്റ് എന്ന കൺസർവേറ്റർ, യൂട്യൂബ് നോക്കി സാരിയുടുപ്പിക്കൽ പഠിച്ച്, സ്മിത്‌സോണിയനിലെ ബൊമ്മയെ നന്ദിനിയുടെ സാരിയുടുപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളിലെ സ്ത്രീശക്തിയെക്കുറിച്ച് ലോകത്തെ അറിയിക്കുന്ന പ്രതീകമായി ആ സാരി മാറി.

ബഹിരാകാശദൗത്യവുമായി ബന്ധപ്പെട്ട് സ്മിത്‌സോണിയൻ, ഇന്ത്യയിൽനിന്ന് ശേഖരിച്ച ആദ്യവസ്തുവാണ് നന്ദിനിയുടെ സാരിയെന്ന് ഷിൻഡൽ പറഞ്ഞു.