
ലോകത്ത് ആറാം തലമുറ യുദ്ധവിമാനങ്ങളുടെ വികസനത്തിനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അഞ്ചാം തലമുറ യുദ്ധവിമാന രംഗത്ത് നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ അഞ്ചാം തലമുറയും കടന്ന് അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് മിക്ക ലോകശക്തികളും. ചൈനയാകട്ടെ അത് പ്രാവര്‍ത്തികമാക്കുന്നതിലേക്ക് അടുത്തിരിക്കുകയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈസമയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിലവില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( AMCA) 5.5 തലമുറ യുദ്ധവിമാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാല്‍ പല നിര്‍ണായക സാങ്കേതിക വിദ്യകളും ഇന്നും ഇന്ത്യയ്ക്ക് അന്യമാണ് താനും. സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയ്ക്കുതകുന്ന വിമാന എന്‍ജിന്‍ ഉള്‍പ്പെടെ പലകടമ്പകളും ഇന്ത്യയ്ക്ക് മറികടക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലി. ആറാം തലമുറ യുദ്ധവിമാന വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇറ്റലി, യു.കെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍. ഇവര്‍ മൂവരും ചേര്‍ന്ന് ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതിയായ ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമിലേക്ക് ഇന്ത്യയേ കൂടി അവര്‍ ക്ഷണിച്ചിട്ടുണ്ട്. അവസരം വിനിയോഗിച്ചാല്‍ നിര്‍ണായക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ ഇന്ത്യയ്ക്ക് ഈ പദ്ധതി സഹായകമായി തീരും. ഈ ഓഫര്‍ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ടോ? നമുക്ക് പരിശോധിക്കാം.
എന്താണ് ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം?
കഴിഞ്ഞ വര്‍ഷമാണ് ഇറ്റലി, യു.കെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം (GCAP) പ്രഖ്യാപിച്ചത്. മുഖ്യമായും ചൈനയുടെ ഭീഷണി ചെറുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ശതകോടികളുടെ നിക്ഷേപം വേണ്ടിവരുന്ന യുദ്ധവിമാന വികസന പദ്ധതിയാണ് ജിക്യാപ് (GCAP) ജപ്പാന്റെയും ഇറ്റലിയുടെയും രണ്ട് യുദ്ധവിമാന പദ്ധതി സംയോജിപ്പിച്ചാണ് ജിക്യാപ് നിലവില്‍ വന്നത്. യുകെയുടെ
ടെപെസ്റ്റ്, ജപ്പാന്റെ എഫ്-എക്‌സ് എന്നീ യുദ്ധവിമാന പദ്ധതികളെ സംയോജിപ്പിച്ചാണ് ജിക്യാപ് അഥവാ ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം കൊണ്ടുവന്നത്. അഞ്ചാം തലമുറ വിമാനങ്ങളേക്കാള്‍ സൂക്ഷ്മമായ സ്റ്റെല്‍ത്ത് സവിശേഷത, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡ്രോണുകളെ നിയന്ത്രിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി, ആശയവിനിമയത്തിന് അത്യാധുനിക സംവിധാനം, ഉയര്‍ന്നശേഷിയുള്ള റഡാര്‍, ശക്തിയേറിയ എന്‍ജിന്‍, ആവശ്യമെങ്കില്‍ പെട്ടെന്ന് മോഡിഫിക്കേഷന്‍ ചെയ്യാനുള്ള സൗകര്യം അങ്ങനെ നിരവധി സവിശേഷതകളാണ് ഇതിനുവേണ്ടി വികസിപ്പിക്കേണ്ടത്.
എന്നാല്‍ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് ശതകോടികളാണ്. ഇത്രയും ചെലവ് താങ്ങാന്‍ മൂന്ന് രാജ്യങ്ങള്‍ക്കും സാധിക്കാതെ വന്നതോടെയാണ് അവര്‍ കൂടുതല്‍ പങ്കാളികളെ തേടാന്‍ തയ്യാറായത്. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ശതകോടി ഡോളറുകളുടെ പദ്ധതിയായതിനാല്‍ ചിലപ്പോള്‍ സാമ്പത്തികച്ചെലവ് പരിഗണിച്ച് യു.കെ ഇതില്‍ നിന്ന് പിന്മാറിയേക്കുമെന്ന സാധ്യത വന്നപ്പോഴാണ് മറ്റ് പങ്കാളികളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാരംഭിച്ചത്.
2022ലാണ് ഇതിന്റെ ആലോചനകള്‍ തുടങ്ങിയത്. എന്നാല്‍ ചൈന അതിവേഗം ആറാം തലമുറ യുദ്ധവിമാനമെന്ന ലക്ഷ്യത്തിലേക്ക് അടുത്തതോടെ ജിക്യാപ് പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി-20 ഉച്ചകോടിയിലാണ് മൂന്ന് രാജ്യങ്ങളും ആറാം തലമുറ യുദ്ധവിമാനത്തിനായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. 2025ല്‍ പദ്ധതിയനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് നീക്കം. എന്നാല്‍ സാമ്പത്തിക ബാധ്യത വെല്ലുവിളിയായി തുടരുകയാണ്. ജപ്പാനിലെ മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, ഇറ്റലിയുടെ ലിയനാര്‍ഡോ, യു.കെയിലെ ബിഎഇ സിസ്റ്റംസ് എന്നിവയാണ് നിലവിലെ ഘട്ടത്തില്‍ ജിക്യാപുമായി സഹകരിക്കുക. യൂറോഫൈറ്റര്‍ യുദ്ധവിമാനം വികസിപ്പിച്ചത് ഇതേപോലെയുള്ള സഹകരണത്തിലാണ്. ഈ മാതൃകയാണ് ജിക്യാപിലും പരീക്ഷിക്കുന്നത്. നേരത്തെ പദ്ധതിയില്‍ പങ്കാളിയാകാന്‍ സ്വീഡന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സാമ്പത്തിക ചെലവ് കണക്കിലെടുത്ത് 2023ല്‍ അതില്‍ നിന്ന് പിന്മാറി.

പിന്നാലെ 2023ല്‍ തന്നെ സൗദി അറേബ്യ പദ്ധതിയുടെ ഭാഗമാകുമെന്ന് യു.കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അവകാശവാദം അവര്‍ തന്നെ പിന്‍വലിച്ചു. സൗദി ഭാഗമാകുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ പിന്നീട് തീരുമാനങ്ങളൊന്നും വരാതെ നിന്നതും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി തന്നെ ഉപേക്ഷിച്ചേക്കാമെന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്. വിമാനത്തിന്റെ വികസനത്തിന് ശേഷം അത് സ്വന്തമായി നിര്‍മിക്കാനുള്ള അവകാശവും വേണമെന്നാണ് സൗദി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തട്ടിത്തടഞ്ഞാണ് നിലവിലെ പോക്ക്. സൗദിക്ക് പിന്നാലെ ജര്‍മനിയെയും പരിഗണിച്ചിരുന്നു. ആ സമയത്ത് ഫ്രാന്‍സുമായി ചേര്‍ന്നുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ജര്‍മനി ഭാഗമായിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ ജര്‍മനി അതില്‍ നിന്ന് പിന്മാറി. ഈ സാഹചര്യത്തില്‍ അവരെ ജിക്യാപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാലോ എന്ന് മറ്റ് മൂന്ന് രാജ്യങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫ്രാന്‍സിനോട് സഹകരിക്കാന്‍ ജര്‍മനി തയ്യാറായതോടെ ആ വഴിയുമടഞ്ഞു. ടെംപെസ്റ്റ് എന്ന പേരില്‍ ആറാം തലമുറ യുദ്ധ വിമാനവികസനത്തിന് യു.കെ മുന്നിട്ടിറങ്ങിയ സമയത്ത് അതിലേക്ക് ഇന്ത്യയെ പങ്കാളിയായി അവര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് ഇന്ത്യ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഇപ്പോള്‍ അതുപേക്ഷിച്ച് ജപ്പാനും ഇറ്റലിയുമായി ചേര്‍ന്ന് മറ്റൊരു പദ്ധതി തുടങ്ങിയ സമയത്ത് ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്താനാണ് മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നത്.
2035 ഓട് കൂടി ആറാം തലമുറ യുദ്ധവിമാനം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ജിക്യാപ് പദ്ധതി. ഭീമമായ സാമ്പത്തികച്ചെലവാണ് ഈ പദ്ധതിയെ കാത്തിരിക്കുന്നത്. അതിനാലാണ് ഇന്ത്യയേപ്പോലെ ഇത്തരം സാങ്കേതിക വിദ്യ ആവശ്യമുള്ള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ശ്രമം നടക്കുന്നത്. ചെലവ് പങ്കിടാനും സാങ്കേതിക വിദ്യ പങ്കിടാനും ഒക്കെ ഇതുവഴിയൊരുക്കും. ഇന്ത്യയെ പദ്ധയിലുള്‍പ്പെടുത്തണമെന്ന് ഇറ്റലി മറ്റ് സഹരാജ്യങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇനി ഇന്ത്യയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നതാണ് നിര്‍ണായകം. പ്രത്യേകിച്ച് ചൈനീസ് ഭീഷണി നേരിടാന്‍ തക്ക സാങ്കേതിക ബലം ഇന്ത്യയ്ക്ക് കൈവരിക്കാനായിട്ടില്ല എന്നുള്ളതുകൊണ്ടുതന്നെ. മേഖലയിലെ ശാക്തിക സന്തുലനം നിലനിര്‍ത്താന്‍ ആവശ്യമായ യുദ്ധവിമാനങ്ങളുടെ കുറവ് നേരിടുന്നതും തദ്ദേശീയ പദ്ധതിയായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നതുമൊക്കെ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.
യൂറോപ്പിന്റെ കെണിയോ ഇന്ത്യയ്ക്ക് അവസരമോ?
ജിക്യാപ്പിലെ മൂന്ന് രാജ്യങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. തദ്ദേശീയമായ പദ്ധതി ഇഴഞ്ഞുനീങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ഒരേസമയം അവസരവും വെല്ലുവിളിയുമുയര്‍ത്തുന്നതാണ് ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം. പദ്ധതിയുടെ ആകെ ചെലവ് എത്രയാണെന്ന് ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. എന്തായാലും അത് ശതകോടികള്‍ കവിയുമെന്നുറപ്പ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം തുറന്ന് നല്‍കിയിരിക്കുന്നത് അവസരങ്ങളുടെ ലോകമാണ്. അത് മുതലാക്കാനുള്ള സാഹചര്യത്തിലാണോ നമ്മള്‍ എന്നുള്ളതും പ്രധാനമായ ചോദ്യമാണ്.

മുമ്പ് പറഞ്ഞതുപോലെ ഇന്ത്യ തദ്ദേശീയമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുകയാണ്. എ.എം.സി.എ എന്ന പദ്ധതി പക്ഷെ ഇപ്പോഴും പ്രായോഗിക തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല. 2030ല്‍ എങ്കിലും ഇത് യാഥാര്‍ഥ്യമാക്കാനാണ് ഇന്ത്യ പരിശ്രമിക്കുന്നത്. പക്ഷെ അപ്പോഴേക്കും ആഗോള യുദ്ധസാഹചര്യങ്ങള്‍ മാറുകയും സാങ്കേതികവിദ്യകള്‍ കാലഹരണപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ജിക്യാപ് പദ്ധതിയില്‍ ഇന്ത്യ ചേരുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമായി മാറും. ആറാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നിരീക്ഷണത്തിനും അവ സ്വന്തമായി വികസിപ്പിക്കാനുള്ള അറിവുകള്‍ സ്വായത്തമാക്കാനുമുള്ള അവസരം ഇതിലൂടെ ഇന്ത്യയ്ക്ക് കൈവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഇന്ത്യയുടെ സ്വന്തം എ.എം.സി.എ പദ്ധതിയില്‍ അഞ്ചാം തലമുറയും കടന്ന് 5.5 തലമുറ യുദ്ധവിമാനമാകണമെന്നാണ് വ്യോമസേന ആഗ്രഹിക്കുന്നത്.
ജിക്യാപ് പദ്ധതിയില്‍ പങ്കാളിയായാല്‍ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയില്‍ ഇന്ത്യന്‍ വിമാനത്തിന് ആറാം തലമുറയ്ക്ക് തുല്യമായ സംവിധാനമൊരുക്കാനുള്ള വഴിതെളിയും. ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് ഇതിലൂടെ ലഭിക്കുന്നത് വലിയ മുന്നേറ്റമാകും. ലോകത്ത് തന്നെ മികച്ച യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ച കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഇന്ത്യയിലെ തദ്ദേശീയ പ്രതിരോധ ഗവേഷണത്തെയും ശക്തിപ്പെടുത്തും. നിലവില്‍ സ്വയം അറിവുകള്‍ ആര്‍ജിച്ചെടുക്കാനുള്ള സമയം ലാഭിക്കാമെന്നതും വളരെ പെട്ടെന്ന് ആറാം തലമുറ യുദ്ധവിമാനം സ്വന്തമാക്കാമെന്നതും ഇതിന്റെ പ്രയോജനങ്ങളിലൊന്നാണ്. മാത്രമല്ല അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാനും സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുമൊക്കെ ഈ സഹകരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. സ്വന്തമായി യുദ്ധവിമാനം വികസിപ്പിക്കാനെടുക്കുന്ന സമയം ലാഭിക്കാം. അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന പണം പങ്കിട്ട് ബാധ്യത കുറയ്ക്കാം എന്നതൊക്കെ ഇതിന്റെ ഗുണങ്ങളാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്രയും അവസരങ്ങള്‍ ഉണ്ടെങ്കിലും കാത്തിരിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല

ചൈനീസ് വെല്ലുവിളി, ഇടിയുന്ന സ്‌ക്വാഡ്രണ്‍ ശേഷി, എങ്ങനെ അതിജീവിക്കും?
ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ചൈനയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമുള്ളതോ, അവരത് പാകിസ്താന് കൊടുക്കുന്നതോ അല്ല. ചൈന സ്വന്തമായി ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതറിഞ്ഞിട്ടും ഇന്ത്യയ്ക്ക് പരിഭ്രമമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധവിമാനങ്ങള്‍ കാലഹരണപ്പെടുന്നതും അതുമൂലം സ്‌ക്വാഡ്രണ്‍ ശേഷി വളരെ പെട്ടെന്ന് കുറയുന്നതുമാണ്. ചൈന- പാകിസ്താന്‍ സംയുക്ത ആക്രമണം നേരിടേണ്ടി വന്നാല്‍ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യോമമേഖലയില്‍ പ്രതിരോധവും പ്രത്യാക്രമണവും ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ കൈവശമുള്ളത് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനങ്ങളാണ് അധികവും.
വ്യോമസേനയുടെ ശക്തി നിലനിര്‍ത്താന്‍ അടിയന്തരമായി യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിദേശ കമ്പനികളില്‍ നിന്ന് ഇതിനാവശ്യമായ പ്രപ്പോസലുകള്‍ ക്ഷണിച്ചിട്ടുമുണ്ട്. നിരവധി കമ്പനികള്‍ ഇക്കാര്യത്തില്‍ രംഗത്തുണ്ട്. കോടികള്‍ മറിയുന്ന ഇടപാട് പരമാവധി നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് റഷ്യ, അമേരിക്ക, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍. പ്രതിസന്ധി മറികടക്കാന്‍ ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങള്‍ തന്നെ വാങ്ങിയേക്കുമെന്നാണ് കരുതുന്നത്. 126 യുദ്ധവിമാനങ്ങളെങ്കിലും ഇന്ത്യയ്ക്ക് വാങ്ങേണ്ടി വരും. അതിന് വേണ്ടിവരുന്ന കോടികള്‍ വരുന്ന തുക വകയിരിത്തേണ്ടി വരുമ്പോള്‍ ജിക്യാപ് പദ്ധതിക്ക് ഇന്ത്യ പണമിറക്കുമോയെന്ന് കണ്ടറിയണം. ഇതിന് പുറമെ നാവികസേനയ്ക്ക് വേണ്ടിയും യുദ്ധവിമാനങ്ങള്‍ വാങ്ങണം. അവിടെയും കോടികളിറങ്ങും.
മറുവശത്ത് ചൈനയും പാകിസ്താനും അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നുമുണ്ട്. 42 സ്‌ക്വാഡ്രണുകള്‍ വേണ്ടിവരുന്നിടത്ത് നിലവില്‍ 31 സ്‌ക്വാഡ്രണുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ളത്. അടിയന്തരമായി ഈ കുറവ് പരിഹരിച്ചില്ലെങ്കില്‍ വ്യോമസേന വളരെ ദുര്‍ബലമാകും. കാലഹരണപ്പെട്ട യുദ്ധവിമാനങ്ങളെ ഭാവിയിലെ പോരാട്ടങ്ങള്‍ക്ക് ഉപയോഗിക്കാനുമാകില്ല. സമീപ ഭാവിയില്‍ തന്നെ സുഖോയ് -30 എംകെഐ വിമാനങ്ങളും ഒഴിവാക്കേണ്ടി വരും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാകും ഇന്ത്യ മുന്‍ഗണന നല്‍കുക. അതിനാല്‍ ജിക്യാപില്‍ ചേരാനുള്ള ഇന്ത്യന്‍ സാധ്യത തുലോ കുറവാണ്. എന്നിരുന്നാലും സാധ്യമാകുമെങ്കില്‍ അതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഇന്ത്യ തയ്യാറാകണം. ഇത് നയതന്ത്ര ബന്ധങ്ങള്‍ക്ക് പുറമെ സൈനിക സാങ്കേതിക വിദ്യകള്‍ കൈവശപ്പെടുത്താനുള്ള സുവര്‍ണാവസരമായി കണക്കാക്കി ഇന്ത്യ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Should India join the Global Combat Air Programme (GCAP) for 6th generation fighter jets?
Published: 27 Dec 2024, 08:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented