തേജസ് യുദ്ധവിമാനം വികസിപ്പിച്ചതിന് പിന്നാലെ മറ്റൊരു യുദ്ധവിമാനവും തദ്ദേശീയവികസനത്തിന്റെ പൂര്‍ത്തീകരണത്തിലേക്കടുക്കുകയാണ്. അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എ.എം.സി.എ.) സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് വിജയത്തിലേക്കടുക്കുന്നത്. വിമാനത്തിന്റെ എയര്‍ഫ്രെയിം രൂപകല്‍പ്പന പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുപയോഗിക്കേണ്ട അത്യാധുനിക റഡാറും വേഗത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

To advertise here,

യുദ്ധവിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അതിന്റെ എയര്‍ഫ്രെയിം. യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനവും അതിന്റെ രൂപവും സ്ഥിരതയും നിര്‍ണയിക്കുന്നത് അതിന്റെ എയര്‍ഫ്രെയിമിന്റെ കൃത്യതയാണ്. മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതും എയര്‍ഫ്രെയിമിലാണ്. എയര്‍ഫ്രെയിം വികസിപ്പിക്കുന്നതിന്റെ നിര്‍ണായക ഘട്ടം പിന്നിട്ടിരിക്കുന്നുവെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സ്വകാര്യ പ്രതിരോധ കമ്പനികളുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) പ്രവര്‍ത്തിക്കുന്നത്. 

അത്യാധുനിക സെന്‍സര്‍ ഉള്‍പ്പെടുന്ന ആധുനിക റഡാര്‍ ഇതിനായി പ്രത്യേകമായി വികസിപ്പിക്കുന്നുണ്ട്. സ്റ്റെല്‍ത്ത് സവിശേഷതയുള്ള യുദ്ധവിമാനമായാണ് എ.എം.സി.എയെ വികസിപ്പിക്കുന്നത്. എ.എം.സി.എ. ഇരട്ടഎന്‍ജിന്‍ യുദ്ധവിമാനമായിരിക്കും.  വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്ന സുഖോയ് 30 എം.കെ. ഐ യുദ്ധവിമാനം കാലക്രമേണ ഒഴിവാക്കുന്ന മുറയ്ക്ക് അതിന് പകരക്കാരനായി വിന്യസിക്കാനുള്ളതാണ് എ.എം.സി.എ. 

വിവിധ ആകാശയുദ്ധമുറകളില്‍ ഉപയോഗിക്കാന്‍ പ്രാപ്തമായ നിലയിലാണ് എ.എം.സി.എയെ വികസിപ്പിക്കുന്നത്. 2026 മധ്യത്തില്‍ തന്നെ എ.എം.സി.എയുടെ പ്രോട്ടോടൈപ്പിന്റെ ആദ്യരൂപം തയ്യാറാകുമെന്നാണ് കണക്കാക്കുന്നത്.. 2028ല്‍ വിമാനത്തിന്റെ പറക്കല്‍പരീക്ഷണവും നടക്കും. 

ലോകത്ത് മറ്റ് അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇന്ത്യയുടെ എ.എം.സി.എ.  സജ്ജമായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ എഫ്-35 വികസിപ്പിച്ചെടുത്തത് 15 വര്‍ഷംകൊണ്ടാണ്. അതിനേക്കാളേറെ വേഗത്തില്‍ എ.എം.സി.എ. തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. വ്യേമസേനയെ ആധുനികവത്കരിക്കുന്നതിനും സ്വയംപര്യാപ്തമാക്കുന്നതിനും ഉദ്ദേശിച്ചാണ് എ.എം.സി.എ. പദ്ധതി നടപ്പിലാക്കുന്നത്. 

എന്നാല്‍ യുദ്ധവിമാന എന്‍ജിന്‍ വികസനത്തില്‍ ഇപ്പോഴും ഇന്ത്യ ലക്ഷ്യം കൈവിരിച്ചിട്ടില്ല. അതിനാല്‍ തേജസ് വിമാനത്തിന് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ എന്‍ജിന്‍  ഉപയോഗിക്കുന്നതുപോലെ എ.എം.സി.എ.യ്ക്കും വിദേശ കമ്പനിയുടെ എന്‍ജിനായിരിക്കും ഉപയോഗിക്കുക.