
അമേരിക്കയിലെ കാൻസാസിലുള്ള വിചിറ്റയിലെ മക്കോണൽ വ്യോമതാവളത്തിന് സമീപം വിചിത്ര രൂപത്തിലുള്ള ഒരു സൈനിക വിമാനം കണ്ടെത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഈ വ്യോമതാവളത്തിന് സമീപത്തുനിന്ന് ചിത്രീകരിച്ച ഒരു വീഡിയോയിലാണ് യുഎസ് സ്റ്റെൽത്ത് ബോംബറിന് സമാനമായ ആകൃതിയുള്ള ഒരു വലിയ ചാരനിറത്തിലുള്ള വിമാനം പ്രത്യക്ഷപ്പെട്ടത്. ഇത് ഇതുവരെ അധികം ആരും കണ്ടിട്ടില്ലാത്ത അതിനൂതനമായ ബി-21 റെയ്ഡർ (B-21 Raider) സ്റ്റെൽത്ത് ബോംബർ വിമാനം ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗികമായി ഈ വിമാനം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തെക്കുറിച്ചുള്ള ഭൂരിഭാഗം വിവരങ്ങളും യുഎസ് അധികൃതർ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.
വ്യോമതാവളത്തിന് തൊട്ടടുത്തായി വിമാനം കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയായിരുന്നു. പരീക്ഷണപ്പറക്കലിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായിട്ടാവാം ഇത് പറന്നത്.
ഇത് യുഎസിന്റെ പുതിയ സ്റ്റെൽത്ത് ബോംബറായ ബി-21 റെയ്ഡർ ആയിരിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, യുഎസ് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത രഹസ്യ ഡ്രോണുകളായ ആർ.ക്യു-170 സെന്റിനെൽ, ആർ.ക്യൂ 180 എന്നിവയിൽ ഏതെങ്കിലും ആയിരിക്കാമെന്നും അഭിപ്രായമുണ്ട്. മക്കോണൽ താവളത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയിട്ടുള്ള യുഎസ് വ്യോമസേനയുടെ പഴയ സ്റ്റെൽത്ത് ബോംബറായ ബി-2 സ്പിരിറ്റ് ആയിരിക്കും ഇതെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് ബി-21 റെയ്ഡർ?
നോർത്രോപ്പ് ഗ്രുമ്മൻ (Northrop Grumman) എന്ന കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന, ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര സ്റ്റെൽത്ത് ബോംബറാണ് ബി-21 റെയ്ഡർ. ഓരോ വിമാനത്തിനും ഏകദേശം 69.2 കോടി ഡോളറാണ് നിർമാണച്ചെലവ്. ബി-2 സ്പിരിറ്റിന് ശേഷം അമേരിക്ക വികസിപ്പിക്കുന്ന ആദ്യത്തെ പുതിയ ദീർഘദൂര ബോംബർ വിമാനമാണിത്. 2022-ലാണ് ഇത് പൊതുവേദിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1942-ൽ ജപ്പാനിൽ ആക്രമണം നടത്തിയ പ്രശസ്തമായ 'ഡൂലിറ്റിൽ റെയ്ഡേഴ്സ്' എന്ന യുഎസ് സൈനിക വിഭാഗത്തിന്റെ ഓർമ്മയ്ക്കായാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ബോംബറുകൾ യുഎസ് വ്യോമസേനയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 100 വിമാനങ്ങളെങ്കിലും സ്വന്തമാക്കാൻ യുഎസ് വ്യോമസേനയ്ക്ക് പദ്ധതിയുണ്ട്.
Content Highlights: A mysterious stealth aircraft resembling the advanced B-21 Raider was recently filmed near McConnell Air Force Base in Kansas, triggering widespread online speculation about secret US military test flights.
Published: 13 Aug 2026, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented