
കൊച്ചി: സൈബര്‍ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരുടെ ദയാരഹിതമായ ആക്രമണങ്ങള്‍ 'ജോണ്‍ ഡോ ഇന്‍ജങ്ഷനി'ലൂടെ ചെറുക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍. മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന സൈബര്‍ ആക്രമണത്തെ വളരെ വേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്നതാണ് ജോണ്‍ ഡോ ഇന്‍ജങ്ഷന്റെ ഗുണം.
നിലവില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ അജ്ഞാതര്‍ നടത്തുന്ന ഓണ്‍ലൈന്‍ ട്രോളിങ് ചെറുക്കാന്‍ ഐടി ആക്ട് അടക്കമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പര്യാപ്തമല്ല. അവിടെയാണ് ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ സഹായമായിമാറുന്നത്. സിവില്‍ കോടതിക്കടക്കം ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ ഉത്തരവ് പുറപ്പെടുവിക്കാം.
അടുത്തിടെ ഗുരതരമായ ആരോപണം നേരിട്ട യുവ എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട വനിതാ എംഎല്‍എയ്‌ക്കെതിരെ ദയാരഹിതമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ ചെറുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജോണ്‍ ഡോ ഇന്‍ജങ്ഷന്റെ സാധ്യതകള്‍ ചര്‍ച്ചയായത്.
പാശ്ചാത്യരാജ്യങ്ങളില്‍ ഐടി കമ്പനികള്‍ക്കൊപ്പം അജ്ഞാതരായ വ്യക്തികളെ, പുരുഷന്മാരാണെങ്കില്‍ ജോണ്‍ ഡോ എന്ന പേരിലും സ്ത്രീകളാണെങ്കില്‍ ജെയ്ന്‍ ഡോ എന്ന പേരിലും കക്ഷിചേര്‍ത്ത് ഫയല്‍ചെയ്യുന്ന ഹര്‍ജികളിലാണ് കോടതി ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ പുറപ്പെടുവിക്കുന്നത്. ഇതോടെ ആര്‍ക്ക് അനുകൂലമായാണോ ഉത്തരവ് ലഭിക്കുന്നത് അവരുടെ പേര് പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ തടയാന്‍ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധിതമാകും. ഇന്ത്യയില്‍ ഇത് അശോക് കുമാര്‍ ഓര്‍ഡര്‍ എന്നാണ് അറിയപ്പെടുന്നത്.
ബോളിവുഡ് നടന്മാരടക്കമുള്ളവര്‍ സൈബര്‍ ആക്രമണം തടയാന്‍ ജോണ് ഡോ ഇന്‍ജങ്ഷന് ഉത്തരവുകള്‍ വാങ്ങിയിട്ടുണ്ട്. സിനിമ നിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമായും ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ ഓര്‍ഡറുകള്‍ കോടതിയില്‍ നിന്ന് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഗ്രീവന്‍സ് ഓഫീസര്‍ക്കാണ് നേരിട്ട് കൈമാറുന്നത്. അതിനാല്‍ അതിവേഗം നടപടിയുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സൈബര്‍ ആക്രമണത്തെക്കുറിച്ച് സാമൂഹികമാധ്യമ പ്ലാറ്റ് ഫോം ഗ്രീവന്‍സ് സെല്‍ ഓഫീസര്‍മാര്‍ക്ക് പരാതിനല്‍കിയാലും പലപ്പോഴും നടപടിയുണ്ടാകാറില്ല. അവിടെയാണ് ജോണ്‍ ഡോ ഇന്‍ജങ്ഷന്‍ സഹായമായി മാറുന്നതെന്ന് അഡ്വ. റീന എബ്രഹാം പറഞ്ഞു. ഈ ഓര്‍ഡറുകള്‍ കോടതിയില്‍നിന്ന് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഗ്രീവന്‍സ് ഓഫീസര്‍ക്കാണ് നേരിട്ട് കൈമാറുന്നത്. 2003 മുതലാണ് ഇന്ത്യന്‍ കോടതികള്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
എന്താണ് ജോണ്‍ ഡോ ഇന്‍ജങ്ഷന്‍
ഇംഗ്ലണ്ടില്‍ പിറവിയെടുത്തതാണ് 'ജോണ്‍ ഡോ ഇന്‍ജങ്ഷന്‍'. 2003 മുതലാണ് ഇന്ത്യന്‍ കോടതികള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. സിപിസിയുടെയും ഐടി നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതികള്‍ ഇത്തരം ഇന്‍ജങ്ഷനുകള്‍ പുറപ്പെടുവിക്കുന്നത്. അജ്ഞാതരായ വ്യക്തികളുടെ സൈബര്‍ ആക്രമണങ്ങളടക്കം തടയാന്‍ ഇതിലൂടെ കഴിയും.
Content Highlights: John Doe injunction aka Ashok Kumar Order to prevent cyber attack
Published: 30 Aug 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented