സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ഏറ്റവും സുരക്ഷിതമായ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ആപ്പിളിന്റെ ഫെയ്‌സ് ഐഡി ആണെന്നാണ് പറയാറ്. എന്നാല്‍ ആപ്പിളിന്റെ ഫെയ്‌സ് ഐഡിയേക്കാള്‍ സുരക്ഷിതമായ ഒതന്റിക്കേഷന്‍ സൗകര്യം താമസിയാതെ ആന്‍ഡ്രോയിഡ് ഫോണുകളിലുമെത്തിയേക്കും.  

To advertise here,

മനുഷ്യരുടെ ചര്‍മം തിരിച്ചറിഞ്ഞുള്ള ഒതന്റിക്കേഷന്‍ രീതിയുമായി എത്തിയിരിക്കുകയാണ് കെമിക്കല്‍ കമ്പനിയായ ബിഎസ്എഫിന്റെ ഒരു വിഭാഗമായ ട്രൈനാമിക്‌സ്. 

മുഖത്തിന് ചുറ്റും ത്രിഡി ഡോട്ട് മാട്രിക്‌സ് പ്രൊജക്ട് ചെയ്തുകൊണ്ട് ഫെയ്‌സ്മാപ്പിങ് നടത്തുന്ന നിലവിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കുന്നതാണ് ട്രൈനാമിക്‌സിന്റെ പുതിയ ആശയം. 

ഒരാള്‍ മരിച്ചാല്‍ അയാളുടെ കണ്ണുകള്‍ തുറന്നുകിടക്കുകയാണെങ്കില്‍ നിലവിലുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ച് മറ്റൊരാള്‍ക്ക് അയാളുടെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ പരിമിതിയാണ്.

എന്നാല്‍ ഈ സംവിധാനത്തിന് ഒരു സുരക്ഷാ കവചംകൂടി കൂട്ടിച്ചേര്‍ക്കുകയാണ് ട്രൈനാമിക്‌സ്. അതിനായി മുഖത്തിന്റെ ചര്‍മപാളികൂടി സ്‌കാന്‍ ചെയ്യാനും ആ ചര്‍മത്തിനുടമ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാനും സാധിക്കുന്ന സംവിധാനമാണ് ട്രൈനാമിക്‌സ് വികസിപ്പിച്ചിരിക്കുന്നത്. 

നിലവില്‍ സോഫ്റ്റ് വെയറിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷനേക്കാള്‍ കൂടുതല്‍ സുരക്ഷിതമാവും ട്രൈനാമിക്‌സ് വികസിപ്പിച്ചെടുക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ. 

ഈ സാങ്കേതിക വിദ്യയുടെ സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാവണം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള പ്രൊസസര്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കോം ട്രൈനാമിക്‌സുമായി കരാറൊപ്പിട്ടിരിക്കുകയാണ്. ട്രൈനാമിക്‌സിന്റെ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സാങ്കേതിക വിദ്യ ആന്‍ഡ്രോയിഡ് ഫോണുകളിലെത്തിക്കുകയാണ് ലക്ഷ്യം. 

ഡോട്ട് പ്രൊജക്ടര്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാവും. ഇതോടെ നിലവിലെ ആപ്പിള്‍ ഫേസ് ഐഡിയേക്കാള്‍ സുരക്ഷിതമായ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭിക്കും. 

അതേസമയം ഫേസ് ഐഡി സാങ്കേതിക വിദ്യ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിളും നടത്തിവരുന്നുണ്ട്.

Content Highlights: android soon have face unlock secure than apple faceid