ഭൗമചരിത്രത്തിലെ അഞ്ച് മഹാവംശനാശത്തെക്കുറിച്ചുള്ള ചർച്ചകൾ എക്കാലത്തും ചൂടുപിടിച്ച ഒന്നാണ്. അമേരിക്കയിലെ ഡെൻവറിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ വാർഷികസമ്മേളനത്തിൽ, ചൈനയിലെ പ്രസിദ്ധമായ നാൻജിങ് സർവകലാശാലയിലെ ഗവേഷകർ അവതരിപ്പിച്ച പ്രബന്ധം ഒക്ടോബറിലെ നെയിച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

To advertise here,

നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു പ്രോഗ്രാം ഭൂമിയിലെ വ്യത്യസ്ത ഇടങ്ങളിലെ പാറകളിൽനിന്നുള്ള കഴിഞ്ഞ അൻപതിനാലു കോടി വർഷങ്ങളിലുണ്ടായ ഏകദേശം നാല്പതു ലക്ഷം ഫോസിൽ ശേഖരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോഴത്തെ വിഷയം. ഭൂമിയിൽനടന്ന അഞ്ച് മഹാവംശനാശങ്ങളിൽ മൂന്നെണ്ണം ഇതുവരെ കരുതിയതുപോലെ പെട്ടെന്നല്ല സംഭവിച്ചത്. മറിച്ച് വളരെയധികം കാലമെടുത്താണ് സംഭവിച്ചതെന്നാണ് പ്രബന്ധത്തിൽ പറയുന്നത്.

മഹാവംശനാശങ്ങൾ

ഭൗമചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരണങ്ങളുടെ കഥയാണ് മഹാവംശനാശങ്ങൾ നമ്മളോട് പറയുന്നത്. ഇതൊക്കെ രേഖപ്പെടുത്തിയിരിക്കുന്നതോ, അക്കാലങ്ങളിലെ സമുദ്രങ്ങളിലും കായലുകളിലും നദികളിലും മറ്റും ചത്തുവീണ ജീവികളുടെ ഫോസിലുകളായ അവശിഷ്ടങ്ങളിൽനിന്നാണ്. കോടിക്കണക്കിന് വർഷംമുൻപ് ഭൂമിയിൽനടന്ന അഗ്‌നിപർവതസ്‌ഫോടനങ്ങളും ഉൽക്കാവർഷങ്ങളും ഹിമയുഗങ്ങളും തീച്ചൂളക്കാലങ്ങളുമെല്ലാം ഭൂമിയിലുണ്ടാക്കിയ തെളിവുകൾ പാറകളുടെ രൂപത്തിൽ ഭദ്രമാണ്. ഈ പാറകളിലെ ഫോസിൽ രേഖകളാണ് അതത് കാലഘട്ടങ്ങളിലെ കൂട്ടമരണങ്ങളുടെ തെളിവ്.

ഒരു നിശ്ചിത കാലഘട്ടത്തിലെ ഫോസിലുകൾ പരിശോധിക്കുമ്പോൾ പെട്ടെന്ന് വൈവിധ്യമാർന്ന ജീവിവർഗങ്ങളുടെ സാന്നിധ്യമില്ലാതാകുകയും, പകരം പാറകളിൽ വെറും ശൂന്യതയോ അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ പുതിയ ജീവികളുടെ ഫോസിലുകളോ കാണപ്പെടുന്നതുമാണ് വിനാശകരമായ ഏതോ മഹാവിപത്ത് ഭൂമിയിൽ സംഭവിച്ചു എന്നതിന്റെ വ്യക്തമായ സൂചന. ഫോസിലുകളുടെയും അവ കാണപ്പെടുന്ന പാറകളുടെയും പ്രായം കണക്കാക്കിയാണ് ജീവികളുടെ കൂട്ടമരണം എപ്പോഴെന്നും എത്രകാലംകൊണ്ട് സംഭവിച്ചുവെന്നും മനസ്സിലാക്കുന്നത്.

ഭൂമിയെ നടുക്കിയ ആ അഞ്ച് മഹാകൂട്ടവംശനാശങ്ങൾ ഓർഡോവിഷ്യൻ (45 കോടി വർഷംമുൻപ്), ഡെവോണിയൻ (37 കോടി വർഷംമുൻപ്), പെർമിയൻ (25 കോടി വർഷംമുൻപ്), ട്രയാസിക് (20 കോടി വർഷംമുൻപ്), ക്രേറ്റേഷ്യസ് (6.5 കോടി വർഷംമുൻപ്) എന്നിവയാണ്. ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു പെർമിയൻ വംശനാശം അഥവാ 'ഗ്രേറ്റ് ഡൈയിങ്' (The Great Dying)! ഭൂമിയിലെ കടൽജീവികളുടെ തൊണ്ണൂറ്റിയാറ് ശതമാനവും കരയിലെ ജീവികളുടെ എഴുപതു ശതമാനവും പൂർണമായി തുടച്ചുനീക്കപ്പെട്ട, ജീവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരണമായിരുന്നു ഇത്. സൈബീരിയൻ പ്രദേശങ്ങളിലും മറ്റുമുണ്ടായ വമ്പൻ അഗ്‌നിപർവത സ്‌ഫോടനങ്ങളെത്തുടർന്ന് ഭൂമി തിളച്ചുമറിഞ്ഞ ആ കാലഘട്ടത്തിൽ, ജീവൻ ഏതാണ്ട് പൂർണമായും ഇല്ലാതാകുന്നതിന്റെ വക്കോളമെത്തിയിരുന്നു.

ആധികാരികതയും ശാസ്ത്രചർച്ചകളും

അതിന്റെ ആധികാരികത എങ്ങനെ ഉറപ്പാക്കാനാകും എന്നാണ് വിമർശകരുടെ ചോദ്യം. അതുപോലെത്തന്നെ ഒരു ലക്ഷം വർഷത്തിന്റെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങൾമാത്രം വേർതിരിക്കാൻകഴിയുന്ന ഒരു കംപ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ലോകത്തെ മുഴുവൻ ഫോസിൽശേഖരങ്ങളും പരിശോധിച്ചാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെല്ലാംതന്നെ ഒറ്റസംഭവമായിട്ടായിരിക്കും മനസ്സിലാക്കുക. എല്ലാകാലവും എല്ലായിടങ്ങളിലും ഒരേപോലെ ശിലാപാളികളും ഫോസിലുകളും നമുക്ക് കിട്ടാറില്ല. കാരണം അവിടങ്ങളിൽ ഉണ്ടാകുന്ന ശിലകൾ പലപ്പോഴും പിന്നീടുള്ള സംഭവങ്ങളിൽ നശിപ്പിക്കപ്പെട്ടുപോകുകയോ അല്ലെങ്കിൽ പ്രധാനപ്പെട്ട കാലങ്ങളിൽ പലയിടങ്ങളിലും ശിലാപാളികൾ ഉണ്ടാകാതെപോകുകയോ ചെയ്തിട്ടുണ്ട്. അങ്ങനെവരുമ്പോൾ കൃത്യമായ അടിസ്ഥാനമില്ലാതെ കൈവശമുള്ള ശേഖരങ്ങളുടെ വിവരങ്ങൾ മാത്രമെടുത്ത് ഇത്ര ആധികാരികമായി എങ്ങനെയാണ് പറയാനാകുന്നതെന്നാണ് മറ്റൊരു ചോദ്യം.

ഒരു കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട് മെക്‌സിക്കോയിലെ യുകാട്ടാൻ പ്രദേശത്തുണ്ടായ ചിക്‌സുലബ് ഗർത്തം (Chicxulub Crater) ആറര കോടി വർഷംമുൻപ് ഭൂമിയിൽ പത്തുകിലോമീറ്ററോളം വലുപ്പമുള്ള ഒരു ഉൽക്ക വീണ ഇടമാണെന്നും ആ സംഭവം കാരണം വളരെ ചെറിയൊരു ഇടവേളയിൽത്തന്നെ ഭൂമിയിലെ ജീവജാലങ്ങളിൽ ഭൂരിഭാഗവും അപ്രത്യക്ഷമായെന്നും. ഉൽക്ക വീണപ്പോഴുണ്ടായ തീവ്രമായ ചൂടുംഅതിമർദവും അതുയർത്തിയ സുനാമിയും പിന്നെ അന്തരീക്ഷത്തിലുയർന്ന പൊടിപടലങ്ങളും കാരണം വർഷങ്ങളോളം നീണ്ടുനിന്ന ശൈത്യകാലം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നാശം ഏതാനും ചില വർഷങ്ങളിൽത്തന്നെ ഉറപ്പാക്കിയെന്നുമാണ് കരുതപ്പെടുന്നത്. എന്നാൽ, പെർമിയൻ കാലത്തിൽ സൈബീരിയൻ അഗ്‌നിപർവതസ്‌ഫോടനത്തിനുശേഷം ഭൂമിയൊരു തീച്ചൂളപോലെയായപ്പോൾ ഏകദേശം അറുപതിനായിരം വർഷംകൊണ്ടാണ് മഹാമരണങ്ങൾ സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഭൂമിയുടെ ഭാവി നിർമിതബുദ്ധി പ്രവചിക്കുമോ?

അടുത്ത ഒരു കോടി വർഷങ്ങളുടെ കാര്യം നിർമിതബുദ്ധിക്ക് ഊഹിക്കാനെങ്കിലും സാധിക്കുമോ? ഈ ചോദ്യം പരക്കേ ചോദിക്കുന്നുണ്ടെങ്കിലും നിലവിലെ ഉത്തരം അതിനു കഴിയില്ല എന്നുതന്നെയാണ്. എന്നാൽ, ഭാവിയിൽ മാറ്റങ്ങൾവന്നേക്കാം. പക്ഷേ, വാഷിങ്ടണിലെ അലെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിലെ അന്തരീക്ഷ പ്രതിഭാസങ്ങളുടെയും ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂമിയുടെ അടുത്ത നൂറുവർഷംവരെയുള്ള കാലാവസ്ഥ പ്രവചിച്ചിട്ടുണ്ട്. അന്തരീക്ഷ കാർബൺ ഡയോക് സൈഡ് അളവ് വ്യാവസായിക വിപ്ലവത്തിന് മുൻപത്തെ അളവിൽനിന്ന് മൂന്നുമടങ്ങ് വർധിക്കുന്നപക്ഷം അടുത്ത നൂറുവർഷത്തിൽ ഭൂമിയുടെ അന്തരീക്ഷതാപനില ആറുമുതൽ പത്തു ഡിഗ്രിവരെ കൂടിയേക്കാമെന്നും ഇപ്പോഴത്തെ ഉഷ്ണതരംഗങ്ങളും അതിതീവ്രമഴയും മറ്റും ചിന്തിക്കാൻകഴിയാത്ത തീവ്രതയിൽ എത്തുമെന്നും പറയുന്നുണ്ട്. താപനില പത്തു ഡിഗ്രിവരെ കൂടിയാൽ മനുഷ്യന് ഭൂമിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെവരുമെന്നത് തീർച്ചയാണ്.

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജിയോളജി വിഭാഗം തലവനായിരുന്നു ലേഖകൻ)