നാം ജീവിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യയുടെ കാലത്താണ്. എന്നാൽ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സ്മാർട്ട്ഫോണുകളുടെ സുരക്ഷയുടെ കാര്യത്തിൽ നാം എത്രത്തോളം ജാഗ്രത പുലർത്തുന്നുണ്ട്? ഫോണിലെ സുരക്ഷാസംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതമാണ്? ഇതിൽ ആശങ്ക ജനിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഉപഭോക്തൃ നിരീക്ഷണ ഗ്രൂപ്പായ 'വിച്ച്?' (Which?). ഫോണിലെ ഫെയ്സ് ഐഡി സംവിധാനങ്ങളെ നിങ്ങളുടെ പ്രിന്റ് ചെയ്തൊരു ഫോട്ടോ ഉപയോഗിച്ച് കബളിപ്പിക്കാനും ഫോൺ അൺലോക്ക് ചെയ്യാനും സാധിക്കുമെന്നാണ് വിച്ചിന്റെ പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സാംസങ് (Samsung), മോട്ടറോള (Motorola), വൺപ്ലസ് (OnePlus) തുടങ്ങി പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ 133-ഓളം സ്മാർട്ട്ഫോൺ മോഡലുകളിൽ ഈ സുരക്ഷാവീഴ്ച കണ്ടെത്തിയിട്ടുണ്ട്. 2022 മുതൽ 208 സ്മാർട്ട്ഫോൺ മോഡലുകളിൽ ഇവർ ലാബ് പരിശോധനകൾ നടത്തി. അതിൽ 64 ശതമാനം ഫോണുകളിലെയും ഫെയ്സ് സ്കാനിങ് സംവിധാനം ഒരു സാധാരണ 2D ചിത്രം ഉപയോഗിച്ച് അൺലോക്ക് ചെയ്യാൻ കഴിഞ്ഞു എന്നത് ആശങ്കയ്ക്കിടയാക്കുന്നു.
വിലകുറഞ്ഞ ഫോണുകളിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. 1,099 പൗണ്ട് വിലയുള്ള ഓപ്പോ ഫൈൻഡ് എക്സ്9 പ്രോ (Oppo Find X9 Pro), 999 പൗണ്ട് വിലവരുന്ന മോട്ടറോള റേസർ 50 അൾട്രാ (Motorola Razr 50 Ultra), കൂടാതെ മുൻവർഷത്തെ സാംസങ് ഗാലക്സി എസ് 25 (Samsung Galaxy S25) സീരീസിലെ ഫോണുകൾ തുടങ്ങിയ വിലയേറിയ മോഡലുകളിലും ഈ സുരക്ഷാപിഴവ് നിലവിലുണ്ട്. അസൂസ് (Asus), ഫെയർഫോൺ (Fairphone), ഹോണർ (Honor), എച്ച്.എം.ഡി. (HMD), നോക്കിയ (Nokia), നതിങ് (Nothing), റിയൽമി (Realme), വിവോ (Vivo), ഷവോമി (Xiaomi) തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ ആപ്പിൾ ഐഫോണുകളും (iPhone), ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ മോഡലുകളും (Pixel 8, 9, 10), സാംസങ് ഗാലക്സി എസ് 26 സീരീസും പൂർണമായും സുരക്ഷിതമാണെന്നും ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മിക്ക ആൻഡ്രോയിഡ് ഫോണുകളും, പ്രത്യേകിച്ച് ബജറ്റ്-മിഡ് റേഞ്ച് ഫോണുകൾ, സാധാരണ 2D ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിന് കാണുന്ന വസ്തുവിന്റെ ഡെപ്ത് തിരിച്ചറിയാനുള്ള കഴിവില്ലാത്തതിനാൽ, ഫോണിന് മുന്നിലുള്ളത് യഥാർത്ഥ വ്യക്തിയാണോ അതോ വെറുമൊരു ഫോട്ടോയാണോ എന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു.
എന്നാൽ ഫോൺ നിർമാതാക്കളും ഇത് ശരിവെക്കുന്നുണ്ടെന്ന് ദി സൺ റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ് അൺലോക്ക് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് സെറ്റപ്പ് ചെയ്യുന്ന സമയത്ത് തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ടെന്നാണ് പല കമ്പനികളുടെയും വാദം. ഫെയ്സ് അൺലോക്ക് ഫോൺ തുറക്കാനുള്ള എളുപ്പവഴി മാത്രമാണെന്നും ബാങ്കിങ് ആപ്പുകൾക്കും എൻ.എഫ്.സി. (NFC) പേയ്മെന്റുകൾക്കും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്നും കമ്പനികൾ പറയുന്നു. അതായത്, ഉയർന്ന സുരക്ഷ ആവശ്യമുള്ള കാര്യങ്ങൾക്ക് പിൻ (PIN), പാസ്‌വേഡ് അല്ലെങ്കിൽ വിരലടയാളം (Fingerprint) എന്നിവ നിർബന്ധമാണ്.
ഷവോമി തങ്ങളുടെ 26 ഫോണുകളിലും സാംസങ് കഴിഞ്ഞ മൂന്ന് വർഷമായി 9 ഫോണുകളിലും ഈ മുന്നറിയിപ്പുകൾ കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില കമ്പനികൾ ഈ സുരക്ഷാവീഴ്ചയെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് 'വിച്ച്?' ചൂണ്ടിക്കാണിക്കുന്നു.
ഈ സുരക്ഷാപാളിച്ചകൾ വെറും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്ന് 'വിച്ച്?' ടെക് എഡിറ്റർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, നിങ്ങളുടെ സ്മാർട്ട്ഫോണിലെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ, ഫെയ്സ് അൺലോക്ക് സംവിധാനത്തിന് പകരം കൂടുതൽ സുരക്ഷിതമായ വിരലടയാളമോ (Fingerprint) പിൻ നമ്പറോ (PIN) ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. നിങ്ങളുടെ ഫോണും ഈ പട്ടികയിലുണ്ടെങ്കിൽ, ഉടൻ തന്നെ ഫെയ്സ് അൺലോക്ക് സംവിധാനം ഒഴിവാക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
താഴെ നൽകിയിട്ടുള്ള ഫോണുകളാണ് വിച്ചിന്റെ പരിശോധനയിൽ പരാജയപ്പെട്ടത്.
-
സാംസങ് (Samsung): കഴിഞ്ഞ വർഷത്തെ ഗാലക്സി എസ് 25 സീരീസിലെ മുഴുവൻ ഫോണുകളും ഈ പരിശോധനയിൽ പരാജയപ്പെട്ടു.
-
മോട്ടറോള (Motorola): റേസർ 50 അൾട്രാ, മോട്ടോ ജി 75 5ജി, എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി56 5ജി, ജി86, എഡ്ജ് 40 നിയോ, മോട്ടോ ജി35, മോട്ടോ ജി55, എഡ്ജ് 50 അൾട്രാ, എഡ്ജ് 50 പ്രോ, മോട്ടോ ജി73 എന്നിവ.
-
ഓപ്പോ (Oppo): ഫൈൻഡ് എക്സ് 9 പ്രോ, ഫൈൻഡ് എക്സ്9, റെനോ 13 എഫ്, റെനോ 13 പ്രോ, റെനോ 11 എഫ് 5ജി.
-
വൺപ്ലസ് (OnePlus): 13 ആർ, 13, നോർഡ് 5, നോർഡ് സിഇ5, 15, നോർഡ് 3 5ജി.
-
നതിങ് (Nothing): ഫോൺ (2എ) പ്ലസ്, ഫോൺ (3എ), ഫോൺ (3എ) പ്രോ, ഫോൺ (3), ഫോൺ (2എ).
-
ഫെയർഫോൺ (Fairphone): ഫെയർഫോൺ 6.
-
ഹോണർ (Honor): മാജിക്6 ലൈറ്റ് 5ജി.
അതേസമയം, ആപ്പിളിന്റെ ഐഫോണുകൾ (iPhones), ഗൂഗിളിന്റെ പുതിയ പിക്സൽ മോഡലുകളായ പിക്സൽ 8, 9, 10 (Google Pixel 8, 9, 10), സാംസങ് ഗാലക്സി എസ്26 (Samsung Galaxy S26) സീരീസ് എന്നീ ഫോണുകൾ സുരക്ഷാപരിശോധനയിൽ വിജയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: A recent study by 'Which?' reveals that the face unlock systems of over 133 smartphone models, including premium devices from Samsung and Motorola, can be easily bypassed using a simple 2D printed photograph.
Published: 19 Apr 2026, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented