ഐഒഎസ് 26.5.1 അവതരിപ്പിച്ച് മാസങ്ങൾക്കുള്ളിൽ വീണ്ടും ഒരു അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റായ iOS 26.5.2 എത്തി. ഐഫോണുകൾക്ക് പുറമേ ഐപാഡുകൾക്കും (iPadOS 26.5.2) മാക്ബുക്കുകൾക്കും (macOS 26.5.2) സമാനമായ സുരക്ഷാ അപ്‌ഡേറ്റുകൾ ആപ്പിൾ ലഭ്യമാക്കിയിട്ടുണ്ട്.

To advertise here,

29 നിർണായക സുരക്ഷാ പ്രശ്നങ്ങളാണ് ഈ അപ്‌ഡേറ്റിലൂടെ പ്രധാനമായും പരിഹരിച്ചിരിക്കുന്നത്. വെബ്‌കിറ്റ്, കേർണൽ, libxslt, വെബ് എക്സ്റ്റൻഷനുകൾ, WebRTC എന്നിവയിലെ സുരക്ഷാ വീഴ്ചകൾ പുതിയ അപ്‌ഡേറ്റ് വഴി പരിഹരിക്കപ്പെടുന്നു. ഈ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യാനും ഡേറ്റ മോഷ്ടിക്കാനും ഡീനയൽ ഓഫ് സർവീസ് (DoS) ആക്രമണങ്ങൾ നടത്താനും സാധിക്കുമായിരുന്നു. ആന്ത്രോപിക്, ഓപ്പൺഎഐ, DEVCORE റിസർച്ച് ടീം തുടങ്ങിയ സ്ഥാപനങ്ങളുടെയും മറ്റ് സൈബർ സുരക്ഷാ വിദഗ്ധരുടെയും സഹായത്തോടെയാണ് ആപ്പിൾ ഈ സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കണ്ടെത്തിയത്.

അപ്‌ഡേറ്റ് ലഭിക്കുന്ന ഡിവൈസുകൾ

ഐഫോൺ 11 സീരീസ് മുതൽ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് വരെയുള്ള ഫോണുകൾക്കും ഐഫോൺ എസ്.ഇ (രണ്ടാം തലമുറ), ഐഫോൺ എയർ തുടങ്ങിയവയ്ക്കും ഈ അപ്‌ഡേറ്റ് ലഭ്യമാണ്. ഇതിനുപുറമേ വിവിധ ഐപാഡ് മോഡലുകൾക്കും ഈ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:

ഫോണിലെ Settings >> General >> Software Update തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് നേരിട്ട് ഈ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻപായി ഫോണിൽ ആവശ്യത്തിന് സ്റ്റോറേജ് ഉണ്ടെന്നും 50 ശതമാനത്തിൽ കൂടുതൽ ബാറ്ററി ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഫയൽ സൈസ് വലുതായതിനാൽ വൈ-ഫൈ ഉപയോഗിച്ച് ഇത് ഡൗൺലോഡ് ചെയ്യാനാണ് നിർദേശിക്കുന്നത്. കംപ്യൂട്ടറിലെ ഐട്യൂൺസ് വഴിയും ഉപയോക്താക്കൾക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കാവുന്നതാണ്.