
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ‘നിഴൽ’ കൊച്ചിയിൽ പതിയും. ഓസോൺപാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസ ‘ഷാഡോസ്’ കേന്ദ്രത്തിനാണ് കൊച്ചിയിൽ സാധ്യത തെളിഞ്ഞിരിക്കുന്നത്. കൊച്ചി സർവകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. പദ്ധതിക്കായി അമേരിക്കയിലെ മേരീലാൻഡ് സർവകലാശാല, നാസ ഗോദാർഡ് സ്പെയ്‌സ് ഫ്ളൈറ്റ് സെന്റർ എന്നിവയുമായി കുസാറ്റ് കാലാവസ്ഥാപഠന വകുപ്പ് ധാരണയിലെത്തി.
മലേഷ്യ, ഇൻഡൊനീഷ്യ, വിയറ്റ്‌നാം, ഫിജി, ബ്രസീൽ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിലാണ് നിലവിൽ ഷാഡോസ് കേന്ദ്രങ്ങളുള്ളത്. ഭൂമിയിൽനിന്ന് പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾ കാരണം ഓസോൺ പാളിയിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. ഓസോൺ പാളി സംരക്ഷണത്തിനായുള്ള നടപടികളുടെ ഭാഗമായാണ് ഉഷ്ണമേഖലാ രാജ്യങ്ങളിൽ 1998 മുതൽ നാസ സതേൺ ഹെമിസ്ഫറിക് അഡീഷണൽ ഓസോൺ സോൺഡേ (ഷാഡോസ് പ്രോജക്ട്) നടപ്പാക്കുന്നത്.
ഷാഡോസ് കേന്ദ്രത്തിൽനിന്ന് സ്ട്രാറ്റോസ്ഫിയറിലേക്ക് കാലാവസ്ഥാപഠന ബലൂണുകൾ മുഖാന്തരം ഓസോൺ സാന്ദ്രത അളക്കാൻകഴിയുന്ന ‘ഓസോൺസോണ്ടേ’ എന്ന ഉപകരണം അയക്കും. ഇതിൽനിന്നും മറ്റ് ഉപകരണങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയാണ് പാളിയിലെ ശോഷണവും വിള്ളലും കണ്ടെത്തുന്നത്. ഒരുതവണ ബലൂൺ വിക്ഷേപിക്കാൻ 40,000 രൂപയോളമാണ് ചെലവ്. മാസത്തിൽ നാലുതവണയെങ്കിലും വിക്ഷേപണമുണ്ടാവും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കുസാറ്റ് ടെക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലുള്ള റൂസ പ്രോജക്ടിന്റെ ഭാഗമായി കുസാറ്റ് അന്തരീക്ഷശാസ്ത്ര പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. മധുവിനെ ഫാക്കൽറ്റി എക്സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ മേരിലാൻഡ് സർവകലാശാലയിൽ ഗവേഷക പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. കേന്ദ്രത്തിന് സാങ്കേതികസഹായം നാസ ഷാഡോസിൽനിന്ന് ലഭിക്കും. തുടക്കത്തിലുള്ള ഫണ്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിൽനിന്നോ ഭൗമശാസ്ത്ര മന്ത്രാലയത്തിൽനിന്നോ കണ്ടെത്തണമെന്നും ഡോ. മധു പറഞ്ഞു.
Content Highlights: NASAs SHADOZ Center Coming to Kochi for Ozone Research
Published: 25 Oct 2024, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented