
കൂണുകൾ പലതരമുണ്ട്, പലരൂപത്തിലുള്ളവ, നിറങ്ങളിലുള്ളവ, ഭക്ഷ്യയോഗ്യമായവ, വിഷാംശമുള്ളവ. അത്തരത്തിൽ അപകടകാരിയായ പുതിയതരം കൂണുകളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഗവേഷകർ. ഫ്ലോറിഡയിലെ ചതുപ്പുനിലങ്ങളിൽ കണ്ടെത്തിയ ചെറിയ തവിട്ടുനിറത്തിലുള്ള കൂണുകളാണ് ശാസ്ത്രലോകത്ത് കൗതുകവും ആശങ്കയും സൃഷ്ടിച്ചിരിക്കുന്നത്. കുടയുടെ ആകൃതിയിലുള്ള ഈ കൂൺ ഇനത്തിന് ഒരേസമയം ഹാലൂസിനേഷൻ (മിഥ്യാദർശനം) ഉണ്ടാക്കുന്ന സൈലോസൈബിൻ (Psilocybin), അതോടൊപ്പം മാരകമായ വിഷാംശമുള്ള അമാറ്റോക്സിനുകൾ (Amatoxins) എന്നിവ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
Galerina indica എന്ന് പേരിട്ടിരിക്കുന്ന ഈ കൂണിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത് 'ഡാർക്ക് മാജിക് മഷ്റൂം' (Dark Magic Mushroom) എന്നാണ്. ഗാലറിന എന്ന ജനുസ്സിൽ പെട്ട കൂൺ ആണിത്. ഗാലറിനയിലെ ഉപജനുസ്സായ നോകോറിയോപ്സിസിലാണ് (Naucoriopsis) ഇത് ഉൾപ്പെടുന്നത്. ഇതേ ഉപജനുസ്സിൽ പെടുന്ന ഗാലറിന മാർജിനാറ്റ (Galerina Marginata) എന്നൊരു കൂൺ വർഗവും ഉണ്ട്. ഗാലറിന മാർജിനാറ്റ അമാറ്റോക്സിനുകൾ ഉത്പാദിപ്പിക്കുമ്പോൾ ഗാലറിന ഇൻഡിക്ക അമാറ്റോക്സിനുകൾക്കൊപ്പം സൈലോസൈബിനും ഉത്പാദിപ്പിക്കുന്നു എന്നതാണ് വ്യത്യാസം.
സൈലോസൈബിൻ മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മിഥ്യാദർശനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രാസസംയുക്തമാണ്. അതേസമയം, ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മാരകമായ കൂൺ വിഷബാധകളിൽ ഭൂരിഭാഗത്തിനും കാരണമാകുന്നത് അമാറ്റോക്സിനുകളാണ്. ഇവ വ്യത്യസ്തമായി പരിണമിച്ച വിവിധ ഫംഗസുകളിൽ കാണപ്പെടുന്നവയാണ്. രണ്ടും ഒരേ കൂൺ ഇനത്തിൽ കാണപ്പെടുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
2025-ൽ ഫ്ളോറിഡയിലെ തണ്ണീർത്തടങ്ങളിൽ പായൽ മൂടിയ ഈന്തപ്പനകളുടെ തടിയിലാണ് ഈ കൂണുകൾ വളരുന്നതായി കണ്ടെത്തിയത്. രസതന്ത്രജ്ഞനും ഫംഗസ് ഗവേഷകനുമായ ആൻഡ്രൂ കുനിക് ആണ് ഈ കൂൺ കണ്ടെത്തിയത്. ഇതുമായി ബന്ധമുള്ള മറ്റ് രണ്ട് കൂൺ ഇനങ്ങളെയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അവയ്ക്ക് Galerina species 1, Galerina species 2 എന്നിങ്ങനെയാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.
കൂണുകൾ എന്തിനുവേണ്ടിയാണ് സൈലോസൈബിൻ ഉത്പാദിപ്പിക്കുന്നതെന്ന് നമുക്ക് ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോൾ അവയെ ഭക്ഷിക്കുന്ന ജീവികളിൽനിന്നുള്ള സ്വരക്ഷയ്ക്കായിരിക്കാമെന്നും എങ്കിലും അവയുടെ കൃത്യമായ പാരിസ്ഥിതിക ധർമം എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും അപരിചിതമായ കാട്ടുകൂണുകൾ ഭക്ഷിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഇവയിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ അപൂർവ കൂണുകളുടെ കണ്ടെത്തലിനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം Current Biology എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Researchers in Florida have identified a newly discovered fungus named Galerina indica, dubbed the "Dark Magic Mushroom," which uniquely produces both hallucinogenic psilocybin and lethal amatoxins at the same time.
Published: 14 Nov 2026, 04:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented