സഹാറ മരുഭൂമിയിൽ കണ്ടെത്തിയ ദുരൂഹമായ പിങ്ക് നിറത്തിലുള്ള പാറ അപൂർവ്വമായ ഒരു ചൊവ്വാ ഗ്രഹക്കഷ്ണമാണെന്ന് ശാസ്ത്രജ്ഞർ. 2022-ൽ കണ്ടെത്തിയ ഏകദേശം രണ്ട് പൗണ്ട് ഭാരമുള്ള ഈ പാറ 410 കോടി വർഷങ്ങൾക്ക് മുമ്പാണ് രൂപപ്പെട്ടതെന്നും കരുതപ്പെടുന്നു. ചൊവ്വയുടെ ആദ്യകാലാവസ്ഥയെക്കുറിച്ചും ഗ്രഹത്തിൽ ജലം എങ്ങനെയാണ് ചലിച്ചതെന്നും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് 'പീപ്പിൾ' റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ (ജെ.പി.എൽ) നിഗമനം അനുസരിച്ച്, ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ചൊവ്വാ ഗ്രഹ ഉൽക്കകളിൽ ഒന്നാണിത്. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങൾ 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൊവ്വയിൽനിന്നെത്തിയ 435 ഉൽക്കകൾ

മാലിയിലെ ഉപ്പുപാടത്തുനിന്നാണ് ഈ ഉൽക്ക കണ്ടെത്തിയത്. അതിനാൽ ആ സ്ഥലത്തിന്റെ പേരായ 'തെഘാസ 001' (Teghaza 001) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ചൊവ്വയിൽ നിന്നെത്തിയതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 435 ഉൽക്കകളിൽ ഒന്നാണിതെന്ന് നാസ പറയുന്നു.

സൂക്ഷ്മ പരിശോധനയിലൂടെയാണ് ഈ പാറ അസാധാരണമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നൽകിയ യാങ് ലിയു പറയുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൂടേറിയ ദ്രാവക പദാർഥങ്ങൾ തണുത്ത് ചൊവ്വയുടെ പുറം പാളി എങ്ങനെ വികസിച്ചു എന്ന് മനസ്സിലാക്കാൻ ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കും.

ചൊവ്വയിൽനിന്ന് എങ്ങനെ ഭൂമിയിലെത്തി?

ചൊവ്വയുടെ ഉപരിതലത്തിൽ ശക്തമായ ആഘാതങ്ങൾ ഏൽക്കുമ്പോൾ ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്ന് കഷ്ണങ്ങൾ ബഹിരാകാശത്തേക്ക് തെറിക്കുകയും, അവയിൽ ചിലത് ഒടുവിൽ ഭൂമിയിലേക്ക് സഞ്ചരിക്കുകയും ചെയ്താണ് ചൊവ്വയിൽ നിന്നുള്ള ഉൽക്കകൾ ഭൂമിയിൽ എത്തുന്നതെന്ന് നാസ വ്യക്തമാക്കുന്നു. ചൊവ്വയിലെ ഉൽക്കകളുടെ രാസഘടന പഠിക്കുകയും, നാസയുടെ ചൊവ്വാ ദൗത്യങ്ങളിലൂടെ ശേഖരിച്ച വിവരങ്ങളുമായി അവയെ താരതമ്യം ചെയ്യുകയും ചെയ്താണ് ശാസ്ത്രജ്ഞർ ഇവ തിരിച്ചറിയുന്നത്. ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് ഇതിന്റെ ഓക്‌സിജൻ ഐസോടോപ്പുകൾ പരിശോധിച്ച് ഇത് ചൊവ്വയിൽ നിന്നുള്ളതാണെന്ന് ആദ്യം സ്ഥിരീകരിച്ചത്.