കേംബ്രിജ്‌ സർവകലാശാലയിലെ കാവെൻഡിഷ് ലാബിലെ ഒരു ഇന്ത്യൻ വിദ്യാർഥിയോട്, ഇന്ത്യയിൽ എവിടെനിന്നാണെന്ന് പ്രൊഫസർ ചോദിച്ചത്രേ. വിദ്യാർഥി പറഞ്ഞു: ‘‘പുണെ’’. പ്രൊഫസർ പറഞ്ഞത്രേ: ‘‘ഓ! ജയന്ത് നാർലിക്കറുടെ നാട്.’’

To advertise here,

ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ സ്റ്റീഫൻ ഹോക്കിങ്ങും കാൾ സെയ്ഗനുമായിരുന്നു ജയന്ത് നാർലിക്കർ. അവർ ലോകംകണ്ട പ്രഗല്‌ഭരായ പ്രപഞ്ചശാസ്ത്രജ്ഞരായിരുന്നു. മികച്ച ജ്യോതിശ്ശാസ്ത്രജ്ഞർ എന്നതിലുപരി മൂവരും ലോകംകണ്ട മികച്ച ശാസ്ത്രപ്രചാരകരായിരുന്നു.

നാർലിക്കറെപ്പോലെ, ദൂരദർശനുവേണ്ടിയും ആകാശവാണിക്കുവേണ്ടിയും ഇത്രയധികം സ്‌ക്രിപ്റ്റ് എഴുതുകയും പരിപാടികൾ ഒരുക്കുകയുംചെയ്ത വേറൊരു ജ്യോതിശ്ശാസ്ത്രജ്ഞനില്ല.

ഇവർ മൂന്നുപേരും വലിയ റിസർച്ച് ഗ്രൂപ്പുകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവ സൃഷ്ടിക്കാനും നിമിത്തമായി. ജ്യോതിശ്ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുംവേണ്ടിമാത്രം ശ്രദ്ധകേന്ദ്രികരിക്കുന്ന ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ നാർലിക്കർക്ക് സാധിച്ചു. അദ്ദേഹം സ്ഥാപിച്ച ഐയുക്ക (ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്‌ട്രോണോമി ആൻഡ് ആസ്‌ട്രോഫിസിക്സ്) ഇന്ന് ലോകപ്രസിദ്ധമാണ്. 1988-ലാണ് പുണെ സർവകലാശാല കാംപസിനുള്ളിൽ ഒരു ചെറിയ ഇൻസ്റ്റിറ്റ്യൂട്ടായി ഐയുക്ക രൂപപ്പെടുന്നത്. പിന്നീട് വിശാലമായ സ്വന്തം കാംപസായി.

ഐയുക്ക തുടങ്ങാൻ നാർലിക്കർ വർഷങ്ങളോളം മുംെബെയിലും ഡൽഹിയിലുമുള്ള സർക്കാർ ഓഫീസുകളും കയറിയങ്ങി. ബസിലും തീവണ്ടിയിലും സീറ്റുപോലും കിട്ടാതെ ബാഗും തൂക്കിനിന്നായിരുന്നയാത്ര.

ഐയുക്ക ഉണ്ടാക്കിയ രസകരമായ കഥ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം ബ്ലോഗിൽ എഴുതുമായിരുന്നു. നാർലിക്കർ തുടങ്ങിവെച്ച സ്ഥാപനം നൂറുകണക്കിന് ജ്യോതിശ്ശാസ്ത്രജ്ഞരെ പിൽക്കാലത്ത്‌ ലോകത്തിനായി സംഭാവനചെയ്തു. ഐയുക്ക, എൻസിആർഎ (നാഷണൽ സെന്റർ ഫോർ റേഡിയോ അസ്‌ട്രോഫിസിക്സ്), ജിഎംആർടി (ജയന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ്) എന്നിങ്ങനെ ജ്യോതിശാസ്ത്ര ഗവേഷണസ്ഥാപനങ്ങൾ പുണെയിലെത്താനുള്ള വലിയ കാരണവും നാർലിക്കർ മാജിക്കാണ്.

മഹാരാഷ്ട്രയിലെ കൊൽഹാപുർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ ഗണിതശാസ്ത്രജ്ഞനായിരുന്നു. അമ്മ സംസ്കൃതം പണ്ഡിത. സംസ്കൃതഭാഷയുടെ കൈയൊതുക്കവും ഗണിതശാസ്ത്രത്തിലെ ഉൾക്കാഴ്ചയും കോർത്തിണക്കി ഹ്രസ്വമായ സമവാക്യങ്ങൾക്കൊണ്ട് ജ്യോതിശ്ശാസ്ത്രത്തിലെ പ്രതിഭാസങ്ങളെ അവലോകനംചെയ്യുന്ന ഒരു വേറിട്ട കൈയൊപ്പ് നാർലിക്കറിന്റെ സംഭാവനകളിൽ കാണാൻകഴിയും.

ആപേക്ഷികതാസിദ്ധാന്തത്തിന്റെ തലതൊട്ടപ്പൻ ആൽബർട്ട് ഐൻസ്റ്റൈൻ എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’യിലെ ചില സമവാക്യങ്ങൾ പ്രപഞ്ചശാസ്ത്രത്തിലേക്കുപകർത്തി, അതിൽ പുതിയ മാനങ്ങൾ കണ്ടുപിടിച്ച ഒരു തത്ത്വചിന്തകനാണ് നാർലിക്കർ എന്ന് വേണമെങ്കിൽ പറയാം. പരമോന്നതമായ ശാസ്ത്രസിദ്ധാന്തങ്ങൾ കണ്ടുപിടിച്ച പ്രതിഭകൾ പലപ്പോഴും ശാസ്ത്രജ്ഞനും കലാകാരനും തത്ത്വചിന്തകനും ഒന്നിക്കുന്ന ഒരു കൂട്ടുമിശ്രിതമാണ്.

ഇതിൽ അദ്ദേഹത്തിന്റെ ഗുരു കേംബ്രിജ്‌ പ്രൊഫസറും വിഖ്യാതനായ ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞനുമായ ഫ്രെഡ് ഹോയെൽ ആയിരുന്നു. ഹോയെൽ-നാർലിക്കർ തിയറി എന്ന ഒരു സിദ്ധാന്തംതന്നെ ജ്യോതിശ്ശാസ്ത്ര പാഠപുസ്തകങ്ങളിലുണ്ട്.

അദ്ദേഹത്തിന്റെ ക്വാസി സ്റ്റഡി സ്റ്റേറ്റ് തിയറി പ്രകാരം പ്രപഞ്ചത്തിന്‌ മരണമില്ല. ബിഗ് ബാങ്ങിൽ തുടങ്ങി ബിഗ് ക്രഞ്ചിൽ എല്ലാം അവസാനിക്കുമെന്നുള്ള സിദ്ധാന്തത്തിനുബദലായിവന്ന ആശയമാണിത്. ഹോയെൽ-നാർലിക്കർ തിയറി പ്രകാരം പലതവണ മിനി ബിഗ് ബാങ്‌സ് പ്രപഞ്ചത്തിൽ സംഭവിക്കാവുന്നതാണ്.

കേരളത്തിന്റെ അഭിമാനമായ താണു പദ്മനാഭന്റെ ഗുരുവായിരുന്നു നാർലിക്കർ.

സ്പേസ് വിഷയങ്ങളിൽ താത്‌പര്യമുള്ള നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കുട്ടികൾ ഇംഗ്ലണ്ടിന്റെ ബ്രയാൻ കോക്സ്‌, അമേരിക്കയുടെ നീൽ ഡേ ഗ്രാസ് ടൈസൺ എന്നിവരുടെ പരിപാടികളാണ് കാണുന്നത്. ശാസ്ത്രപ്രചാരകൻ എന്ന മേഖലയിലെ ഇന്ത്യയുടെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു നാർലിക്കർ. അദ്ദേഹം പണ്ടുചെയ്ത ഡോക്യുമെന്ററികൾ ‍ഇൻറർനെറ്റിൽ കാണാൻ ശ്രമിക്കണം.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ജ്യോതിശ്ശാസ്ത്രചരിത്രത്തിൽ ഒരു ജയന്റ് ആണ് ജയന്ത്.

(ലേഖകൻ ഉൽക്ക ഭ്രമണപഥശാസ്ത്രത്തിലെ ജനറൽ റിലേറ്റിവിറ്റി ഗവേഷണംചെയ്യുന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്)