കൂട്ടുകാരേ, പതിവുപോലെ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. ആകാശം മേഘാവൃതമായി. ഇനി ആകാശത്തെ കാര്യങ്ങൾ പറഞ്ഞിട്ടെന്തെന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, ഒന്നോർക്കുക, വാനകൗതുകങ്ങൾക്ക് മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ല.

To advertise here,

അടുക്കുന്ന ഗ്രഹങ്ങൾ
ഈ ജൂണിലെ ആദ്യദിവസങ്ങളിൽത്തന്നെ പടിഞ്ഞാറൻ സന്ധ്യാമാനത്ത്, ശുക്രനും (Venus) വ്യാഴവും (Jupiter) വളരെയടുത്ത് വരുന്നതായി കാണാം. ജൂൺ മൂന്ന്, നാല് തീയതികളിൽ ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ എന്ന ബഹിരാകാശനിലയം ഈ ഗ്രഹസംഗമത്തിന് സമീപത്തുകൂടി കടന്നുപോകുന്ന മനോഹരമായ ദൃശ്യം, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഗങ്ങളിൽ ജനശ്രദ്ധയാകർഷിക്കും. തുടർന്നുള്ള ദിവസങ്ങളിലും ശുക്ര, വ്യാഴ അടുപ്പം തുടരും.

കൂട്ടത്തിൽ ബുധനും
ജൂൺ രണ്ടാംവാരമാകുമ്പോഴേക്കും ഈ സംഗമവേദിയിലേക്ക് സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻകൂടി (Mercury) കടന്നുവരുന്നതായി കാണാം. മിക്കപ്പോഴും സൂര്യസാമീപ്യംകൊണ്ടും തിളക്കക്കുറവുകൊണ്ടും ബുധനെ പലരും കണ്ടിരിക്കാനിടയില്ല. അതുകൊണ്ടുതന്നെ ഇതൊരു സുവർണാവസരമാക്കാനും ഈ അറിവ് മറ്റുള്ളവർക്ക് പങ്കിട്ടുകൊടുക്കാനും ശ്രദ്ധിക്കുക.

തുടർന്നുള്ള ഓരോ ദിവസവും പടിഞ്ഞാറൻ സന്ധ്യാമാനം ഏറെ രസകരമായ ഗ്രഹചന്ദ്രതാര സംഗമവേദിയായിമാറും. ജൂൺ ആറുമുതൽ ഒരാഴ്ചക്കാലം മേഘങ്ങൾ മാറിനിൽക്കുമ്പോൾ ഈ സംഗമങ്ങൾ കാണാൻ മറക്കരുത്. ജൂൺ ഒൻപതിന് വ്യാഴത്തെയും ശുക്രനെയും തൊട്ടുരുമ്മിയെന്നപോലെ കാണാം. അല്പം വലത്തായി മിഥുനം (Gemini) രാശിയിലെ കാസ്റ്റർ, പൊളാക്‌സ് (അശ്വിനീദേവകൾ) എന്നീ നക്ഷത്രങ്ങളെയും കാണാം. ജൂൺ 16, 17, 18 ദിവസങ്ങളിൽ ചന്ദ്രക്കല എത്തുന്നതോടെ ഈ ആകാശവിരുന്നിന് ഒരു മായികപരിവേഷമുണ്ടാകും. മഴമേഘങ്ങൾ മറച്ചില്ലെങ്കിൽ ജൂൺ 17 ന് ചന്ദ്രക്കലയുടെ മുകളിലും താഴേയുമായി ശുക്രനെയും വ്യാഴത്തെയും കാണാം.

അടുത്തും അകലെയും
തുടർന്നുള്ള ദിവസങ്ങളിൽ ഈ സംഗമവേദിയിൽനിന്ന് അമ്പിളിക്കല അകന്നുപോകുന്നത് കാണാം. എന്നാൽ, വ്യാഴവും ബുധനും കൂടുതൽ അടുക്കുന്നതായാണ് കാണുക. സൗരയൂഥത്തിൽ വെറും കണ്ണുകൊണ്ടുതന്നെ കാണാവുന്ന മറ്റുരണ്ട് ഗ്രഹങ്ങളാണ് ചൊവ്വയും (Mars) ശനിയും (Saturn). ഇക്കാലത്ത് ഇവയെ പുലർകാലത്ത് കിഴക്കൻമാനത്ത് കാണാം. ഒരു ശരാശരി നക്ഷത്രത്തിന്റെ തിളക്കത്തിൽ കാണപ്പെടുന്ന ഇവയെ ചന്ദ്രക്കലയുടെ സഹായത്താൽ തിരിച്ചറിയാം. ജൂൺ 10-ന് ചന്ദ്രക്കലയുടെ സമീപത്തായി ശനിയെയും, ജൂൺ 13-ന് ചന്ദ്രക്കലയുടെ സമീപത്തായി ചൊവ്വയെയും കാണാം. ചൊവ്വയെ അതിന്റെ സവിശേഷമായ ചുവപ്പുനിറംകൊണ്ട് എളുപ്പം തിരിച്ചറിയാം. മാനത്ത് കാണുന്ന ഈ സംഗമങ്ങളൊക്കെ ഭൂമിയിൽനിന്നുള്ള കാഴ്ചമാത്രമാണെന്ന് ഓർക്കണേ. സത്യത്തിൽ, ഈ ഗോളങ്ങൾതമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ അകലമുണ്ട്. അതുകൊണ്ട്, മൺസൂൺകാലത്ത് മഴക്കാറുണ്ടെന്ന് പറഞ്ഞ് മാറിനിൽക്കാതെ മാനത്ത് നോക്കിയും പാഠം പഠിക്കൂ.