തിരുവനന്തപുരം: ഗഗൻയാൻ, ചന്ദ്രയാൻ-4 പദ്ധതികൾക്കാകും മുൻഗണന നൽകുകയെന്ന് ഐ.എസ്.ആർ.ഒ. നിയുക്ത ചെയർമാൻ ഡോ. വി. നാരായണൻ. തന്നെ തിരഞ്ഞെടുത്തത് വലിയ ബഹുമതിയാണെന്നും പരിഗണിച്ചതിന് രാജ്യത്തോട് നന്ദിപറയുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചെയർമാൻ എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന ജനുവരി 14-ന് ഡോ. നാരായണൻ സ്ഥാനമേൽക്കും.
ചന്ദ്രയാൻ-4 ദൗത്യത്തിനുള്ള നടപടികൾ ആരംഭിച്ചു. ചന്ദ്രോപരിതലത്തിൽനിന്നുള്ള സാംപിളുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഗഗൻയാൻ പദ്ധതിയുടെ നടപടികളും പുരോഗമിക്കുന്നു. ജി.എസ്.എൽ.വി. മാർക്ക് രണ്ടിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള നടപടികൾ ശ്രീഹരിക്കോട്ടയിൽ നടക്കുന്നുണ്ട്. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. അഞ്ച് മൊഡ്യൂളുകളുള്ള പദ്ധതിയുടെ ആദ്യ മൊഡ്യൂൾ 2028-ൽ അയക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വി. നാരായണൻ പറഞ്ഞു.
Also Read
ക്രയോജനിക് സാങ്കേതികതയിലെ പ്രധാനി
രാജ്യത്തെ ക്രയോജനിക് സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളിൽ പ്രധാനിയാണ് വി. നാരായണൻ. കന്യാകുമാരി സ്വദേശി. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായിരിക്കെയാണ് ഐ.എസ്.ആർ.ഒ.യുടെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ മേയിൽ വിരമിച്ച അദ്ദേഹത്തിന് പ്രവർത്തനമികവ് കണക്കിലെടുത്ത് ഒരുവർഷത്തേക്കുകൂടി ഡയറക്ടർ സ്ഥാനം നീട്ടിനൽകുകയായിരുന്നു.
ബഹിരാകാശ വാഹനങ്ങളുടെ പ്രൊപ്പൽഷൻ മേഖലയിൽ വിദഗ്ധനാണ്. ഖൊരക്പൂർ ഐ.ഐ.ടി.യിലെ പഠനശേഷം 1984-ലാണ് ഐ.എസ്.ആർ.ഒ.യിൽ ചേർന്നത്. ആദ്യഘട്ടത്തിൽ വി.എസ്.എസ്.സി.യിലെ സൗണ്ടിങ് റോക്കറ്റുകളുടെയും എ.എസ്.എൽ.വി., പി.എസ്.എൽ.വി. വിക്ഷേപണവാഹനങ്ങളുടെ സോളിഡ് പ്രൊപ്പൽഷൻ മേഖലയിലും പ്രവർത്തിച്ചു.
ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്ഷേപണവാഹനത്തിന്റെ ലിക്വിഡ് കോർഘട്ടം, ക്രയോജനിക് ഘട്ടം എന്നിവ വികസിപ്പിച്ചത് നാരായണന്റെ നേതൃത്വത്തിലാണ്. ഓർബിറ്റർ, വിക്രം ലാൻഡർ എന്നിവയുടെ പ്രൊപ്പൽഷൻ സംവിധാനമൊരുക്കിയതിലും നേതൃത്വംവഹിച്ചു.
ചന്ദ്രയാൻ 2-ന്റെ ലാൻഡർ ഇടിച്ചിറങ്ങിയതിന്റെ കാരണങ്ങൾ കണ്ടെത്താനായി നിയോഗിച്ച ദേശീയ വിദഗ്‍ധസമിതിയുടെ അധ്യക്ഷനായിരുന്നു.
Content Highlights: Dr. V. Narayanan, ISRO`s new chairman, prioritizes Gaganyaan & Chandrayaan-4 missions.
Published: 09 Jan 2025, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented