ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയ്ക്കായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) യും ഐഎസ്ആര്‍ഒയും തമ്മില്‍ കരാര്‍. ഐസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവെച്ചത്. 

To advertise here,

മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ കരാര്‍. ബഹിരാകാശ ദൗത്യങ്ങളുടെ ഗവേഷണങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇഎസ്എയുടെ സൗകര്യങ്ങള്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാവും. മനുഷ്യരുടെ ബഹിരാശ യാത്രയ്ക്കുള്ള പരിശീലനങ്ങള്‍ സംയുക്ത വിദ്യാഭ്യാസം മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രണ്ട് ബഹിരാകാശ ഏജന്‍സികളും സഹകരിക്കും. 

വരാനിരിക്കുന്ന ആക്‌സിയം-4 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ സഞ്ചാരിയും ഇഎസ്എയുടെ സഞ്ചാരിയും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. രണ്ട് ഏജന്‍സികളും ചേര്‍ന്നുള്ള ശാസ്ത്ര പരീക്ഷണങ്ങളില്‍ ഇരുവരും സഹകരിക്കും.

ഇഎസ്എ കൗണ്‍സിലില്‍ സംസാരിച്ച ഡോ സോമനാഥന് നന്ദി അറിയിച്ച അഷ്ബാച്ചര്‍ ഈ കരാര്‍ രണ്ട് ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിന് ശക്തമായ അടിത്തറ പാകുമെന്ന് അഭിപ്രായപ്പെട്ടു. ആക്‌സിയം 4 ദൗത്യത്തിനായുള്ള സംയുക്ത പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഇരു ഏജന്‍സികളുടെയും നേതൃത്വം സംതൃപ്തി രേഖപ്പെടുത്തിയെന്നും ഭാവിയില്‍ മനുഷ്യ ബഹിരാകാശ യാത്രാ മേഖലയില്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തുവെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.