ബഹിരാകാശ പര്യവേക്ഷണ രംഗത്തെ മുന്‍നിര കളിക്കാരില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ. അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ഐഎസ്ആര്‍ഒ കഴിഞ്ഞ കാലങ്ങളില്‍ ഈ രംഗത്ത് കൈവരിച്ചത്. ബഹിരാകാശ നിലയം ഉള്‍പ്പടെ വമ്പന്‍ പദ്ധതികളാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ ആസൂത്രണം ചെയ്തുവരുന്നത്. ചന്ദ്രയാന്‍ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ഉള്‍പ്പടെ നാല് വമ്പന്‍ ദൗത്യങ്ങള്‍ക്കായി 22750 കോടിരൂപയുടെ ഫണ്ട് അനുവദിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സഭ.
ഇന്ത്യയുടെയും ഐഎസ്ആര്‍ഒയുടെയും അഭിമാനം വാനോളം ഉയര്‍ത്തുന്ന ഈ നാല് ദൗത്യങ്ങളുടെ വിശദാംശങ്ങളാണ് താഴെ.
ചന്ദ്രയാന്‍ 4
വിജയകരമായ മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ആസൂത്രണം ചെയ്യുന്ന നാലാമത് ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 4. ചന്ദ്രനില്‍ നിന്ന് പാറയും മണ്ണും അടക്കമുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യ ആദ്യമായി നടത്തുന്ന സാമ്പിള്‍ റിട്ടേണ്‍ ദൗത്യം കൂടിയാണിത്. 2027 ല്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യത്തിനായി 2104.06 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ചന്ദ്രയാന്‍ 4 ന്റെ ജോലികള്‍ എന്തെല്ലാം ?
- ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.
- ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുക
- ചന്ദ്രോപരിതലത്തില്‍ നിന്ന് പറന്നുയരുക
- ട്രാന്‍സ്ഫര്‍ മോഡ്യൂളില്‍ നിന്ന് അണ്‍ ഡോക്കിങ്, ഡോക്കിങ് എന്നിവ ചെയ്യുക.
- ഒരു മോഡ്യൂളില്‍ നിന്ന് മറ്റൊരു മോഡ്യൂളിലേക്ക് സാമ്പിളുകള്‍ കൈമാറ്റം ചെയ്യുക.
- സാമ്പിളുമായി ഭൂമിയിലേക്ക് തിരിച്ചുവരിക, തിരിച്ചിറങ്ങുക.
എല്‍വിഎം3, പിഎസ്എല്‍വി എന്നീ റോക്കറ്റുകളിലായി രണ്ട് വിക്ഷേപണങ്ങള്‍ നടത്തും. ചന്ദ്രയാന്‍ 4 പേടകത്തിന് അഞ്ച് മോഡ്യൂളുകളുണ്ടാവും. ഓരോന്നിനും വ്യത്യസ്ത ചുമതലയായിരിക്കും. ഇവയെല്ലാം ഒന്നിച്ചായിരിക്കില്ല വിക്ഷേപിക്കുക. എല്‍വിഎം 3 റോക്കറ്റില്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ഡിസന്റര്‍ മോഡ്യൂള്‍, അസന്റര്‍ മോഡ്യൂള്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ വിക്ഷേപിക്കും. ട്രാന്‍സ്ഫര്‍ മോഡ്യൂളും റീ എന്‍ട്രി മോഡ്യൂളും പിഎസ്എല്‍വി റോക്കറ്റിലും വിക്ഷേപിക്കും.
ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ബിഎഎസ്)
ഇന്ത്യ ആദ്യമായി നിര്‍മിക്കുന്ന ബഹിരാകാശ നിലയമാണ് ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും, ചൈനയുടെ ട്യാങ്ഗോങ് ബഹിരാകാശ നിലയത്തിനും സമാനമായി ബഹിരാകാശത്ത് ഇന്ത്യന്‍ സഞ്ചാരികളുടെ സ്ഥിരസാന്നിധ്യവും ഗവേഷണ പഠനങ്ങളും ലക്ഷ്യമിട്ടാണ് ഈ ദൗത്യം ആസൂത്രണം ചെയ്യുന്നത്. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യം ഇതിന് മുന്നോടിയാണ്.
11170 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ ആദ്യ മോഡ്യള്‍ 2028 ല്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035 ഓടെ നിലയം പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കാനും ഉദ്ദേശിക്കുന്നു.
51.5 ഡിഗ്രി ചരിവുള്ള (inclination) ഭ്രമണപഥത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ നിലയം സഞ്ചരിക്കുകയെന്ന് ഐഎസ്ആര്‍ഒ പറയുന്നു. നാസയുടെയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റേയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) സമാനമായ ഭ്രമണപഥമാണിത്. 51.6 ഡിഗ്രി ചരിവിലാണ് ഐഎസ്എസ് ഭൂമിയെ ചുറ്റുന്നത്. ഭൂമധ്യരേഖയെ ലംബമാക്കിയെടുത്താണ് (90ഡിഗ്രി) ഈ കോണ്‍ അളക്കുന്നത്. ബഹിരാകാശ പേടകങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്.
ഭാവിയില്‍ ലോകരാജ്യങ്ങളുമായുള്ള സഹകരണവും ശാസ്ത്രീയ ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ് ഇന്ത്യ 51.5 ഭ്രമണപഥം തിരഞ്ഞെടുത്തത്. മാത്രവുമല്ല മനുഷ്യവാസമുള്ള 90 ശതമാനം മേഖലയിലൂടെയും കടന്നുപോവാന്‍ 51.5 ഡിഗ്രി ഭ്രമണപഥത്തില്‍ നിന്ന് സാധിക്കും. ഉയര്‍ന്ന കോണിലുള്ള ചരിവ് ധ്രുവപ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭൗമ നിരീക്ഷണത്തിന് ഉപകരിക്കും. ലോകമെമ്പാടുമുള്ള ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഉപഗ്രഹങ്ങളുടെ ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായകമാണ്. ചൈനയുടെ ട്യാങ്ഗോങ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത് 42 ഡിഗ്രി ചരിവിലാണ്.
വീനസ് ഓര്‍ബിറ്റര്‍ മിഷന്‍
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനെ കുറിച്ച് പഠിക്കുന്നതിനായി ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ച പര്യവേക്ഷണ ദൗത്യമാണ് വീനസ് ഓര്‍ബിറ്റര്‍ മിഷന്‍. ശുക്രയാന്‍ എന്ന് അനൗദ്യോഗികമായി ഈ ദൗത്യത്തെ വിളിക്കുന്നു. 2017 ല്‍ തന്നെ ഈ ദൗത്യത്തിന് വേണ്ടിയുള്ള പ്രാരംഭ പഠനങ്ങള്‍ ആരംഭിച്ചിരുന്നു. 100 കിലോഗ്രാം ഭാരമുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ഈ ഓര്‍ബിറ്റര്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളും ഇതില്‍ ഉണ്ടാവും.
2028 മാര്‍ച്ചില്‍ വിക്ഷേപണം ലക്ഷ്യമിടുന്ന ഈ ദൗത്യത്തിനായി 1236 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 824 കോടി രൂപ പേടക നിര്‍മാണത്തിന് വേണ്ടിയുള്ളതാണ്
ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കുന്നതിനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.

നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍
പേര് സൂചിപ്പിക്കും പോലെ വരും തലമുറ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ വികസിപ്പിക്കുക. പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളില്‍ ഇനി ഒരു ചെലവ് ചുരുക്കല്‍ സാധ്യമല്ല. അടുത്തകാലത്തായി രൂപകല്‍പന ചെയ്യപ്പെട്ട പല വിക്ഷേപണ വാഹനങ്ങളും ചെലവ് ചുരുക്കലിന് അനുയോജ്യമാണ്. വിവിധ മോഡ്യൂളുകളായുള്ള നിര്‍മാണം, എളുപ്പത്തില്‍ നിര്‍മിക്കാനുള്ള സൗകര്യം ഒപ്പം പുനരുപയോഗിക്കാനുള്ള സൗകര്യം ഇവയെല്ലാം ഏറെ ചെലവ് കുറയ്ക്കുന്ന ഘടകങ്ങളാണ്. ആ ദിശയിലാണ് ഐഎസ്ആര്‍ഒ പുതിയ തലമുറ വിക്ഷേപണ വാഹനം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ശക്തിയേറിയ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനേക്കാള്‍ കൂടുതല്‍ ശേഷി എന്‍ജിഎല്‍വി റോക്കറ്റിനുണ്ടാവും. ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് 10 ടണ്‍ (10000 കിഗ്രാം) ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആയിരിക്കും പുതിയ എന്‍ജിഎല്‍വി. അതായത് ജിഎസ്എല്‍വി എംകെ 3യേക്കാള്‍ 2.5 ടണ്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ പുതിയ വിക്ഷേപണ വാഹനത്തിന് സാധിക്കും. ലിക്വിഡ് ഓക്‌സിജന്‍/മീഥേയ്ന്‍ അല്ലെങ്കില്‍ മണ്ണെണ്ണ/ലിക്വിഡ് ഓക്‌സിജന്‍ ഇന്ധനമാക്കിയുള്ള വിക്ഷേപണ വാഹനമായിരിക്കും ഇത്.
സ്പേസ് എക്സിന് സമാനമായി ആശയവിനിമയ ഉപഗ്രഹ വ്യൂഹം വിന്യസിക്കുന്നതിനും ശൂന്യാകാശത്തെ ബഹുദൂര ദൗത്യങ്ങള്‍, ഗഗന്‍യാന്‍ പോലുള്ള മനുഷ്യയാത്ര ദൗത്യങ്ങള്‍, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പടെയുള്ള ഭാവി ദൗത്യങ്ങളുടെ ഭാഗമായ ചരക്കുനീക്കം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കും ഈ ശക്തിയേറിയ വിക്ഷേപണ വാഹനം പ്രയോജനപ്പെടുത്താനാകുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
Content Highlights: India`s ISRO has secured funding for four major space missions
Published: 19 Sept 2024, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented