നാസയുടെ ഡാര്‍ട്ട് ദൗത്യത്തിന്റെ അനന്തര ഫലങ്ങള്‍ പഠിക്കുന്നതിനായി തയ്യാറാക്കിയ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഹെര (Hera) ദൗത്യം വിക്ഷേപിച്ചു. രണ്ട് വര്‍ഷം മുമ്പ് നാസ നടത്തിയ ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ന്റെ ഭാഗമായി ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുണ്ടായ മാറ്റങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയാണ് ഹെര വിക്ഷേപിച്ചത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 8.22 നായിരുന്നു വിക്ഷേപണം. ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. 

To advertise here,

ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് പ്രതിരോധിക്കാനാവുമോ എന്നറിയാന്‍ ലക്ഷ്യമിട്ട് നാസ സംഘടിപ്പിച്ച ദൗത്യമാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയില്‍ മാറ്റം വരുത്താനാകുമോ എന്ന് പരിശോധിക്കാനാണ് ഈ ദൗത്യത്തില്‍ ശ്രമിച്ചത്. ദൗത്യത്തില്‍ ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസില്‍ ഡാര്‍ട്ട് പേടകം ഇടിച്ചിറക്കി. 2022 ലായിരുന്നു ഈ ദൗത്യം.

ഡാര്‍ട്ട് പേടകം ഡൈമോര്‍ഫസില്‍ ഇടിച്ചതിന് ശേഷം എന്ത് സംഭവിച്ചു എന്ന് ഹെര ദൗത്യത്തിലൂടെ വിശദമായി പഠിക്കും. എല്ലാം നിശ്ചയിച്ച പോലെ നടന്നാല്‍ 2026 ഡിസംബറില്‍ ഹെര പേടകം 112 ലക്ഷം കിമീ അകലെയുള്ള ഡൈമോര്‍ഫസിലെത്തും. ഡാര്‍ട്ട് പേടകം വിജയകരമായി ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കിയ നാസ അതുവഴി ഛിന്നഗ്രഹത്തിന്റെ പാതയില്‍ സെന്റിമീറ്ററുകളുടെ മാറ്റമുണ്ടാക്കിയതായി അവകാശപ്പെട്ടിരുന്നു. 

ഭൂമിയ്ക്ക് യാതൊരു വിധ ഭീഷണിയും സൃഷ്ടിക്കാത്ത ഛിന്നഗ്രഹമാണ് ഡൈമോര്‍ഫസ്. എന്നാല്‍ ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണം എന്ന നിലയ്ക്കാണ് ഡൈമോര്‍ഫസിനെ തിരഞ്ഞെടുത്തത്. 

രണ്ട് വര്‍ഷം നീളുന്ന യാത്രയ്‌ക്കൊടുവില്‍ ഡൈമോര്‍ഫസിന് അടുത്തെത്തുന്ന ഹെര പേടകം ഛിന്നഗ്രഹത്തെ വിശദമായി സ്‌കാന്‍ ചെയ്യും. ഡാര്‍ട്ട് പേടകം പതിച്ചതിനെ തുടര്‍ന്നുണ്ടായ ഗര്‍ത്തവും പഠന വിധേയമാക്കും. ഏകദേശം 150 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം ഡൈമോര്‍ഫസില്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് നാസയുടെ വിശദീകരണം. ഛിന്നഗ്രഹത്തിന്റെ രൂപരേഖ തയ്യാറാക്കും.  

അതേസമയം ഡാര്‍ട്ട് കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ച കല്ലും മറ്റ് അവശിഷ്ടങ്ങളും ഇപ്പോഴും ഡൈമോര്‍ഫസിനെ ചുറ്റുന്നുണ്ടാവാമെന്നും അത് ചിലപ്പോള്‍ ഹെര പേടകത്തിന് ഭീഷണിയായേക്കാമെന്നും ആശങ്കയുണ്ട്. 

യാത്രയ്ക്കാവശ്യമായ സഞ്ചാര വേഗം ആര്‍ജിക്കുന്നതിന് ചൊവ്വയേയും വലം വെച്ചാണ് ഹെര പേടകം ഡൈമോര്‍ഫസ് ലക്ഷ്യമാക്കി പോവുക. ഡൈമോര്‍ഫസിന്റെ 30 കിമീ അകലത്തിലൂടെ ഭ്രമണം ചെയ്യുന്ന പേടകം പിന്നീട് 1 കിമീ വരെ അടുക്കും. ആറ് മാസമെങ്കിലും എടുത്താണ് പേടകം ഡൈമോര്‍ഫസിനെ പഠിക്കുക.