ആക്സിയം-4 ദൗത്യത്തിൽ ഇന്ത്യൻ നാവികസേനയുടെ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ പരീക്ഷണങ്ങൾക്കുശേഷം മടങ്ങിയെത്തിയതോടെ എല്ലാ കണ്ണുകളും ഇനി ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലേക്കായി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗൻയാന്റെ ഒരുക്കങ്ങൾ ഇനി വേഗത്തിലാകും. ഗഗൻയാന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ആക്സിയം 4-ൽ പങ്കാളിത്തമേറ്റെടുത്ത് ശുഭാംശു ശുക്ലയെ ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് അയച്ചത്. ഗഗൻയാനിലേക്ക് തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ ശുഭാംശുവിനാണ് ഗഗൻയാൻ ദൗത്യത്തിന്റെ നേതൃത്വം. ഇവർ റഷ്യയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയവരാണ്.
2027 ആദ്യപാദത്തിൽ നാല് സഞ്ചാരികളുമായി ഗഗൻയാൻ ബഹിരാകാശത്തെ ലക്ഷ്യമാക്കി കുതിക്കും. ദൗത്യത്തിനുമുൻപ് മൂന്ന് പരീക്ഷണദൗത്യങ്ങൾ നടത്തേണ്ടതുണ്ട്. ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് പരീക്ഷണദൗത്യത്തിനായുള്ള പേടകവും തയ്യാറാക്കുന്നത്. പരീക്ഷണദൗത്യങ്ങളിൽ റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡായ വ്യോംമിത്രയെയും ബഹിരാകാശത്തെത്തിക്കും. യാത്രികരെ സഹായിക്കുന്നതിനുള്ള മനുഷ്യ റോബോട്ടാണ് വ്യോമമിത്ര.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളായിരിക്കും നടത്തുന്നത്. ഗഗൻയാൻ പേടകത്തിന്റെ ഭാരം 3735 കിലോയായിരിക്കും. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭ്രമണംചെയ്യുക. പേടകം നിർമിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലാണ്. സാങ്കേതികസഹായം പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ഒരുക്കുന്നത്. ദൗത്യത്തിന് ഏഴുദിവസത്തിനുശേഷം ബംഗാൾ ഉൾക്കടലിൽ പേടകം തിരിച്ചിറക്കും. ഇതിനായുള്ള പാരഷൂട്ട് പരീക്ഷണങ്ങളും പേടകത്തിന്റെ റീ എൻട്രി പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 2035-ൽ ബഹിരാകാശനിലയംകൂടി ലക്ഷ്യമിട്ടുള്ളതാണ് ഗഗൻയാൻ ദൗത്യം. ബഹിരാകാശ ദൗത്യത്തിന് നേതൃത്വംനൽകുന്ന ഹ്യൂമൻ സ്‌പെയ്‌സ് ഫ്ലൈറ്റ് സെന്റർ സ്ഥാപക ഡയറക്ടർ മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരാണ്. ബഹിരാകാശപേടകം അപകടത്തിൽപ്പെട്ടാൽ യാത്രികരെ രക്ഷിക്കുന്ന ‘ക്രൂ എസ്കേപ് സിസ്റ്റം’ (2018) വിജയകരമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
Content Highlights: India`s ambitious Gaganyaan mission to send humans to space is progressing rapidly
Published: 16 Jul 2025, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented