
ലോകഭൂപടത്തില്‍ മറ്റൊരു നാടിനും അവകാശപ്പെടാന്‍ കഴിയാത്ത ചരിത്രമുറങ്ങുന്ന പ്രദേശമാണ് ഫോര്‍ട്ട് കൊച്ചി. എ.ഡി 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ അന്നത്തെ കൊച്ചി രാജാവിന്റെ അനുമതിയോടെ ഈ ദ്വീപില്‍ കുടിയേറിയപ്പോള്‍ അത് ഏഷ്യയിലെ തന്നെ ആദ്യത്തെ യൂറോപ്യന്‍ കുടിയേറ്റമായി ചരിത്രത്തില്‍ ഇടംനേടി. ഫോര്‍ട്ട് കൊച്ചി എന്ന പേരുപോലും സംജാതമായത് ഈ പ്രദേശത്തു പോര്‍ച്ചുഗീസുകാരുടെ ഏഷ്യയിലെ ആദ്യത്തെ കോട്ട നിര്‍മിതി നിലവില്‍ വന്നതോടെയാണ്. പിന്നീട് 1663-ല്‍ പോര്‍ച്ചുഗീസുകാരെ തുരത്തി ഡച്ചുകാരും ഒടുവില്‍ ഡച്ച് അധിനിവേശത്തിനു അന്ത്യംകുറിച്ചുകൊണ്ട് 1795-ല്‍ ബ്രിട്ടീഷുകാരും കയ്യടക്കിയപ്പോള്‍ മൂന്ന് യൂറോപ്യന്‍ ശക്തികള്‍ അരങ്ങുവാണ ലോകത്തിലെ എണ്ണംപറഞ്ഞ പ്രദേശമായി ഫോര്‍ട്ട് കൊച്ചി മാറി.
കൊളോണിയല്‍ സംസ്‌കാരങ്ങളുടെ ഗരിമ വിളിച്ചോതുന്ന അനവധി നിര്‍മിതികള്‍ കാലാന്തരങ്ങള്‍ക്കിപ്പുറം ഫോര്‍ട്ട് കൊച്ചിയിലെ വഴിയോരങ്ങളില്‍ നമുക്കു കാണാം. പള്ളികള്‍, ബംഗ്ലാവുകള്‍, കൊട്ടാരം, സെമിത്തേരികള്‍, വഴിവിളക്കുകള്‍, പരേഡ് ഗ്രൗണ്ടുകള്‍ എന്നിവയൊക്കെ പഴയ കൊളോണിയല്‍ സംസ്‌കാരങ്ങളുടെ സമ്പന്നതയുടെയും വൈവിധ്യങ്ങളുടെയും ജീവിക്കുന്ന തെളിവുകളായി നിലനില്‍ക്കുന്നു. എന്നാല്‍, ഫോര്‍ട്ട് കൊച്ചിക്കു വേണ്ടിയുള്ള യൂറോപ്യന്‍ ശക്തികളുടെ യുദ്ധങ്ങളിലും അനന്തരഫലമായ കയ്യടക്കലുകള്‍ക്കിടയിലും തകര്‍ന്നുവീണ എത്രയോ നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ആ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകാം!
ഇതിനുതെളിവായി അടുത്തകാലത്തു ഫോര്‍ട്ട് കൊച്ചിയുടെ കടല്‍തീരത്തു വാട്ടര്‍ മെട്രോയുടെ നിര്‍മിതിക്കായി മണ്ണ് മാറ്റിയപ്പോള്‍ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച പല വലിപ്പത്തിലും ആകൃതികളിലുമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടമെന്നു തോന്നിക്കുന്ന പുരാവസ്തു ശേഖരം കണ്ടെടുത്തിരുന്നു. ഈ ശിലാവസ്തുക്കള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ സ്ഥിതിചെയ്യുന്ന ഡിസ്ട്രിക്ട് ഹെറിറ്റേജ് മ്യൂസിയത്തില്‍ (ബാസ്റ്റിന്‍ ബംഗ്ലാവ്) സംരക്ഷിച്ചിരിക്കുകയാണ്. വളരെ വിദഗ്ദമായി മെനഞ്ഞെടുത്തു നിര്‍മിച്ചിരിക്കുന്ന ഈ നിര്‍മിതികളില്‍ പക്ഷേ, ശിലാലിഖിതങ്ങളോ, അടയാളങ്ങളോ, അവയെക്കുറിച്ചുള്ള ചരിത്ര രേഖകളോ ഇല്ലാത്തതിനാല്‍ തന്നെ അവയുടെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ചോ ഉപയോഗത്തെ പറ്റിയോ വ്യക്തത ഉണ്ടായിരുന്നില്ല. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ലേഖകനും, ഗവേഷണ വിദ്യാര്‍ത്ഥികളും നടത്തിയ പഠനത്തില്‍ ഈ പുരാവസ്തുക്കളെ കുറിച്ചും അവയ്ക്ക് ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രവുമായുള്ള ബന്ധത്തെ കുറിച്ചുമുള്ള നിര്‍ണായകമായ തെളിവുകൾ ലഭിച്ചു.
പ്രാഥമിക പരിശോധനയില്‍ ഈ ശിലാ നിര്‍മിതികള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും കറുത്തതും വെളുത്തതുമായ രണ്ടു വ്യത്യസ്ത സ്വാഭാവങ്ങളിലുള്ള പാറകളാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ അനുമതിയോടെ ഈ ശിലാനിര്‍മിതികളില്‍നിന്നും ശാസ്ത്രീയമായി സാമ്പിളുകള്‍ ശേഖരിക്കുകയും അവയുടെ ധാതുഘടനയും രാസഘടനയും ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തിയതിന്റെ ഫലമായി അവയുടെ നിര്‍മിതിക്കായി ഉപയോഗിച്ച വെളുത്ത കല്ലുകള്‍ ഗ്രാനൈറ്റ് വിഭാഗത്തിലും കറുത്ത കല്ലുകള്‍ ഗാബ്രോ വിഭാഗത്തിലും പെടുന്നവയാണെന്നു മനസിലാക്കാന്‍ സാധിച്ചു. എന്നാല്‍, ഇത്തരം കല്ലുകള്‍ ഫോര്‍ട്ട് കൊച്ചിയിലോ എറണാകുളത്തിന്റെ മറ്റു പരിസര പ്രദേശങ്ങളിലൊ സാധാരണയായി കണ്ടുവരാറുള്ള പാറക്കൂട്ടങ്ങളില്‍പെടാത്ത തരത്തിലുള്ള കല്ലുകളാണെന്നു തിരിച്ചറിഞ്ഞതോടെ, അവയുടെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാനുള്ള ഉദ്യമത്തിലേക്കു ഗവേഷണം വഴിത്തിരിഞ്ഞു.
ദക്ഷിണേന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും ഗ്രാനൈറ്റ്, ഗാബ്രോ വിഭാഗത്തിലുള്ള കല്ലുകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇത്തരം കല്ലുകളുടെ രാസഘടനയും പുരാവസ്തുക്കളില്‍നിന്നും ശേഖരിച്ച കല്ലുകളുടെ രാസഘടനയും തമ്മിലുള്ള ഒരു താരതമ്യ പഠനം നടത്തിയതില്‍നിന്ന് മൂന്നാര്‍ മേഖലകളില്‍ കാണുന്ന വെളുത്ത കല്ലുകളും (ഗ്രാനൈറ്റ്) രാജപാളയം ഭാഗങ്ങളില്‍ കാണുന്ന തരത്തിലുള്ള കറുത്ത കല്ലുകളും (ഗാബ്രോ) ആണ് ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് കണ്ടെടുത്ത ശിലാ നിര്‍മിതികള്‍ക്കായി ഉപയോഗിച്ചതെന്ന നിഗമനത്തില്‍ എത്തി.

ഇനി ഈ ശിലാവസ്തുക്കള്‍ ഏതു കാലഘട്ടത്തിലെ ഏതു സാംസ്‌കാരിക പൈതൃകത്തിന്റെ നിര്‍മിതിയുടെ ഭാഗമാണ് എന്ന് മനസിലാക്കാനായി അവ നിര്‍മിക്കാനായി അടിസ്ഥാനമാക്കിയ വാസ്തുവിദ്യയെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ എത്തിച്ചത് പതിനാലാം നൂറ്റാണ്ടിന്റെയും പതിനാറാം നൂറ്റാണ്ടിന്റെയും ഇടയിലായി ഗോഥിക് - മാന്വലിന്‍ ശൈലിയില്‍ പണികഴിപ്പിച്ച ചില പോര്‍ച്ചുഗീസ് സ്മാരകകങ്ങളിലേക്കായിരുന്നു. പ്രധാനമായും പോര്‍ച്ചുഗലില്‍ സ്ഥിതിചെയ്യുന്ന ലെകാ ഡോ ബലിയോ മൊണാസ്റ്ററി, ബതാലിയ മൊണാസ്റ്ററി, മുംബൈയില്‍ സ്ഥിതിചെയ്യുന്ന സെയിന്റ് ബാപ്റ്റിസ്റ്റ് പള്ളി എന്നീ പോര്‍ച്ചുഗീസ് നിര്‍മിതികളില്‍ ഉപയോഗിച്ചിരിക്കുന്ന കരിങ്കല്‍ തൂണുകള്‍, ചുമര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍ലോക്കിങ് പോലുള്ള വലിയ കരിങ്കല്‍ കട്ടകള്‍, വാതിലുകള്‍ ഘടിപ്പിക്കാനായി ഉപയോഗിച്ചിരുന്ന കരിങ്കല്‍ കട്ടിളകള്‍ എന്നിവയുടെ നിശ്ചിതമായ ആകൃതിയും വലിപ്പവും ഫോര്‍ട്ട് കൊച്ചിയിലെ ശിലാ വസ്തുക്കളുമായി വളരെ അഭേദ്യമായ സാമ്യമുള്ളതായി മനസിലാക്കി.
1890-ല്‍ ബ്രിട്ടീഷ് പോര്‍ട്ട് ഓഫീസര്‍ ആയിരുന്ന ജെ.ഇ. വിന്‍ക്ലെര്‍ ഫോര്‍ട്ട് കൊച്ചിയുടെ കടല്‍ തീരത്തുനിന്നും മേല്പറഞ്ഞ പുരാവസ്തു ശേഖരത്തിനു സമാനമായ കരിങ്കല്‍ നിര്‍മിതികള്‍ കണ്ടെടുകയും പിന്നീട് അവയെ ഉപയോഗിച്ച് ബീച്ച് ഭാഗത്തും, സാന്ത ക്രൂസ് കത്തീഡ്രല്‍ പള്ളിയുടെ സമീപത്തുമായി രണ്ടു തൂണുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിരുന്നു. ഈ താരതമ്യ പഠനങ്ങളില്‍ നിന്നും ഇവയെല്ലാം പതിനാറാം നൂറ്റാണ്ടില്‍ ഫോര്‍ട്ട് കൊച്ചിയില്‍ താവളമുറപ്പിച്ചതിന്റെ ഭാഗമായി പോര്‍ച്ചുഗീസുകാര്‍ പണിത ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകള്‍ ആണെന്ന് വ്യക്തമായി. ഏതുതരത്തിലുള്ള കെട്ടിടമായിരുന്നു ഈ ശിലാവസ്തുക്കള്‍ കൊണ്ട് പണിതതെന്ന് മനസിലാക്കാനായി പോര്‍ച്ചുഗീസുകാരും ഡച്ചുകാരും അവരവരുടെ കൈവശ സമയങ്ങളില്‍ തയ്യാറാക്കിയ ഫോര്‍ട്ട് കൊച്ചിയുടെ ചരിത്ര ഭൂപടങ്ങള്‍ പരിശോധിച്ചു. പോര്‍ച്ചുഗീസുകാരുടെ ഭൂപടത്തില്‍ ഫോര്‍ട്ട് കൊച്ചിയുടെ തീരത്തായി അടയാളപ്പെടുത്തിയിരുന്ന ഒരു വലിയ പള്ളി പക്ഷേ, ഡച്ചുകാര്‍ തയ്യാറാക്കിയ ഭൂപടത്തില്‍ അപ്രത്യക്ഷ്യമായതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പള്ളി ഇന്നത്തെ വാട്ടര്‍മെട്രോ നിലനില്‍ക്കുന്ന, അതായത് പുരാവസ്തുക്കള്‍ കണ്ടെടുത്ത പ്രദേശത്തായാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ തന്നെ ശിലാവസ്തുക്കള്‍ പോര്‍ച്ചുഗീസ് നിര്‍മിതമായി നിലനിന്നിരുന്ന അവരുടെ പള്ളിയുടെ ഭാഗമായിരുന്നു എന്നും പിന്നീട് ഡച്ചുകാര്‍ ഫോര്‍ട്ട് കൊച്ചി ആക്രമിച്ചു കൈയടക്കിയ സമയം ഈ പള്ളി പൊളിക്കുകയും അവയുടെ ഭാഗങ്ങള്‍ കടലിലേക്ക് തള്ളുകയും ചെയ്തിരിക്കാം എന്നുള്ള നിഗമനത്തിലാണ് ഈ പഠനം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇത്രയും ഭാരമുള്ള ഭീമാകാരമായ കല്ലുകള്‍ എങ്ങനെയാണ് പോര്‍ച്ചുഗീസുകാര്‍ നേരത്തെ സൂചിപ്പിച്ച മൂന്നാര്‍-രാജപാളയം പര്‍വതമേഖലകളില്‍നിന്ന് ശേഖരിച്ചു ഫോര്‍ട്ട് കൊച്ചിയിലേക്കു എത്തിച്ചത് എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നതും പഠനവിധേയമാകേണ്ടതുമായ വിഷയമാണ്. വ്യാപാരാവശ്യങ്ങള്‍ക്കായി അവര്‍ സുഗന്ധ ദ്രവ്യങ്ങളുടെയും രത്‌നകല്ലുകളുടെയും ശേഖരണത്തിന് മേഖലകളെ ആശ്രയിച്ചിരുന്നതായും സഞ്ചാരങ്ങള്‍ നടത്തിയിരുന്നതായും ചില ചരിത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, ഇത്തരം യാത്രകളുടെ ഭാഗമായി കൊണ്ടുവന്നതാകാം ഫോര്‍ട്ട് കൊച്ചിയിലെ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച കല്ലുകള്‍ എന്നുള്ള നിഗമനവും ഈ പഠനം മുന്നോട്ടുവെക്കുന്നു.

ഈ ലേഖകന്റെ നേതൃത്വത്തിൽ നടത്തിയ കണ്ടെത്തലുകൾ 'ജിയോഹെറിറ്റേജ്' എന്ന ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ചരിത്രഗവേഷണ വിദ്യാർത്ഥി ഉത്തര ബാബു, എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിദ്യാർത്ഥികളായ വി. എസ്. ദുനിയാരാജ്, പി. ബി. അക്ഷയ്, മൈസൂർ യൂണിവേഴ്സിറ്റിയിലെ ജിയോളജി വിദ്യാർത്ഥി ബി.ദേവതി എന്നിവരാണ് ഗവേഷണസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
ഫോർട്ട് കൊച്ചിയുടെ മൺമറഞ്ഞുപോയ, സംഭവ ബഹുലമായ ചരിത്രകാലത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ പഠനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിക്കുന്നതിനോടൊപ്പം, ലോക വിനോദ-വിജ്ഞാന സഞ്ചാര ഭൂപടത്തിൽ ഫോർട്ട് കൊച്ചിയെ കൊളോണിയൽ റെനൈസ്സൻസ് കാലഘട്ടത്തിന്റെ ഒരു സുപ്രധാന പൈതൃകകേന്ദ്രം ആക്കി അടയാളപ്പെടുത്താനുള്ള സാധ്യതകളിലേക്കുമാണ് ഈ പഠനത്തിലൂടെ പുറത്തു വന്ന പുതിയ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.
(കൊച്ചിൻ യൂണിവേഴ്‌സിറ്റി മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights: research reveals the origin of ancient stones in Fort Kochi, suggesting a lost Portuguese church
Published: 25 Jan 2025, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented