
കൊച്ചി: ഒഡിഷയിലെ ചിൽകാ തടാകത്തിൽ വാട്ടർമെട്രോ സർവീസ് ആരംഭിക്കാൻ ഒഡിഷ സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ സമീപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചി മാതൃകയിൽ വാട്ടർമെട്രോ തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഈ പട്ടികയിലെ ഏറ്റവും പുതിയതാണ് ചിൽകാ തടാകത്തിലേത്. ഒഡിഷ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സാധ്യതാപഠനത്തിന് ഒരു സംഘത്തെ കെ.എം.ആർ.എൽ. നിയോഗിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഈ സംഘം ചിൽക സന്ദർശിച്ച് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ലവണജല തടാകമാണ് ചിൽക. ലോകത്തിലെ ഏറ്റവും വലിയ തീരദേശ തടാകങ്ങളുടെ പട്ടികയിലും മുൻപന്തിയിൽ തന്നെ ചിൽകയുടെ പേരുണ്ട്. വിനോദസഞ്ചാരം, യാത്രാസർവീസ് എന്നീ ലക്ഷ്യങ്ങളോടെയാണവിടെ വാട്ടർമെട്രോ തുടങ്ങുന്നത്.
കൊച്ചി മെട്രോയുടെ നേതൃത്വത്തിലുള്ള വാട്ടർമെട്രോ പദ്ധതികളിൽ ഏറ്റവും വിപുലമായ ഒന്നായിരിക്കും ചിൽകയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. 4000 കോടിയോളം രൂപയാണ് ചെലവ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതിൽ ഒഡിഷ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
റംസാർ അന്താരാഷ്ട്ര ഉടമ്പടിയിൽ ഉൾപ്പെടുന്ന തടാകം
പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്ന ജൈവ വൈവിധ്യത്താൽ സമ്പന്നമാണ് ഈ ഇടം. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവി വിഭാഗങ്ങളുടെ വാസസ്ഥലമാണിത്. 900 മുതൽ 1165 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയാണ് ചിൽകയ്ക്കുള്ളത്. റംസാർ അന്താരാഷ്ട്ര ഉടമ്പടിയിൽ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഇടംനേടിയ പ്രദേശം കൂടിയാണ് ചിൽക. തണ്ണീർത്തട സംരക്ഷണത്തിനും അവയുടെ സുസ്ഥിര ഉപയോഗത്തിനുമുള്ള നടപടികൾ സംബന്ധിച്ച ആഗോള ചട്ടക്കൂടാണ് റംസാർ ഉടമ്പടി.
പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയായതിനാൽ വെല്ലുവിളികളും ഏറെയുണ്ടാകും. തടാകമായതിനാൽ പല സ്ഥലങ്ങളിലും ആഴം കുറവാണ്. ജൈവ വൈവിധ്യത്തിന് ഭീഷണിയാകാതെ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ പദ്ധതി നടപ്പാക്കേണ്ടി വരുമെന്നതാണ് മറ്റൊരു വെല്ലുവിളി.
Content Highlights: Odisha government seeks KMRL expertise for Chilika Lake Water Metro project, Estimated project cost is approximately 4000 crore rupees, KMRL has completed the initial site feasibility study, Project focuses on eco-friendly tourism and public transport, Strict adherence to Ramsar site environmental regulations required
Published: 04 Jul 2026, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented