ഒരു ദിവസത്തിന്റെ ദൈർഘ്യം എക്കാലത്തും 24 മണിക്കൂർ ആയിരിക്കുമെന്ന് കരുതേണ്ട. ദിവസങ്ങൾക്ക് ദൈർഘ്യം കൂടുന്ന പ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നതാണ് കാരണം. 24 മണിക്കൂർ ദൈർഘ്യമുള്ള ദിവസങ്ങൾക്ക് പകരം 25 മണിക്കൂറുള്ള ദിവസങ്ങൾ വിദൂരഭാവിയിൽ വരും.

To advertise here,

എന്നാൽ വളരെ സാവധാനം നടക്കുന്ന, മനുഷ്യർക്ക് തിരിച്ചറിയാൻ സാധിക്കാത്ത ഒരു പ്രക്രിയയാണിത്. അതിനാൽ നിലവിൽ ക്ലോക്കുകളിലോ കലണ്ടറുകളിലോ ഇത് യാതൊരു സ്വാധീനവും ഉണ്ടാക്കില്ല. ചന്ദ്രന്റെ വേലിയേറ്റ ഘർഷണം കാരണമാണ് ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നത്. ഒരു നൂറ്റാണ്ടിൽ ഏകദേശം 1.7 മില്ലിസെക്കൻഡ് എന്ന കണക്കിലാണ് ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത്.

ദിവസങ്ങളുടെ ദൈർഘ്യം കൂടുന്നത് വളരെ സാവധാനത്തിലാണ് എന്നത് മനുഷ്യനടക്കം ഏറെ ആശ്വാസം നൽകുന്നതാണ്. കാരണം ഒരു ദിവസം പെട്ടെന്ന് 25 മണിക്കൂറായാൽ അത് മനുഷ്യന്റെ മുഴുവൻ സമയക്രമീകരണ സംവിധാനത്തെയും ഗൗരവതരമായി സ്വാധീനിക്കും. അത് മനുഷ്യരുടെ ഇന്റേണൽ ക്ലോക്കുകളെ താളം തെറ്റിക്കും.

നമ്മുടെ ശരീരവും മറ്റെല്ലാ ജീവജാലങ്ങളും 24 മണിക്കൂർ ജൈവഘടികാരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ഉറക്ക രീതികൾ, ഹോർമോണുകൾ എന്നിവ അടക്കമുള്ളവയെ സ്വാധീനിക്കുന്നു. ദിവസത്തിന്റെ ദൈർഘ്യത്തിലെ ഏതൊരു മാറ്റവും ജൈവ ഘടികാരത്തെ താളം തെറ്റിക്കാൻ ഇടയാക്കും. മാനസിക പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത ഇതുമൂലം വർധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഒരു ദിവസം വളരെ സാവധാനത്തിൽ ദൈർഘ്യമേറിയതായി മാറിയാൽ ജീവജാലങ്ങൾ കാലക്രമേണ അതുമായി പൊരുത്തപ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 20 കോടി വർഷങ്ങൾക്ക് ശേഷം മാത്രമായിരിക്കും ഇത് സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഭൂമിയുടെ ഭ്രമണം പതുക്കെയാകുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ട്. ഭൂമിയിലെ സമുദ്രങ്ങളിൽ ചന്ദ്രന്റെ ഗുരുത്വാകർഷണ വലിവ് ഘർഷണത്തിന് കാരണമാകുകയും ഇത് ഗ്രഹത്തിന്റെ ഭ്രമണം പതുക്കെയാക്കുകയും ചന്ദ്രനെ ക്രമേണ ദൂരേക്ക് തള്ളുകയും ചെയ്യുന്നു. ഭൂമിയുടെ അകക്കാമ്പിന്റെ പുറം ഭാഗത്തുള്ള ഉരുകിയ ഇരുമ്പിന്റെ ചലനവും മാന്റിലിലെ മാറ്റങ്ങളും ഭൂമിയുടെ പിണ്ഡം പുനർവിതരണം ചെയ്യുകയും അതിന്റെ ഭ്രമണത്തെ സൂക്ഷ്മമായി മാറ്റുകയും ചെയ്യുന്നു.

വൻതോതിൽ മഞ്ഞുപാളികൾ ഉരുകുകയോ അടിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ, കരയ്ക്കും കടലിനുമിടയിൽ ഭാരം പുനർവിതരണം ചെയ്യുന്നത് ഭൂമി എത്ര വേഗത്തിൽ കറങ്ങുന്നു എന്നതിനെ ചെറുതായി മാറ്റുന്നു. അന്തരീക്ഷവും കാറ്റും അടക്കമുള്ളവയും ഭ്രമണ വേഗത്തെ സ്വാധീനിക്കുന്നുണ്ട്. ഈ ശക്തികൾ കോടിക്കണക്കിന് വർഷങ്ങളായി പ്രവർത്തിക്കുകയും വളരെ സാവധാനത്തിൽ ദിവസങ്ങൾ ദൈർഘ്യമേറിയതാക്കുകയും ചെയ്യുന്നുണ്ട്. ഡൈനോസറുകളുടെ കാലഘട്ടത്തിൽ, ഒരു ദിവസം ഏകദേശം 23 മണിക്കൂർ മാത്രമായിരുന്നു. ഇത് സാവധാനം വർധിച്ചാണ് 24 മണിക്കൂറായി മാറിയത്.