ജിദ്ദ: സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ ചൊവ്വാഴ്ച ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെട്ടു. നിലവിലെ മഴക്കാല സാഹചര്യത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയായിരുന്നു ജിസാനിലേത്. ഇവിടെ 33.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

To advertise here,

അടുത്ത ദിവസങ്ങളിലും ജിസാനിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മഴമേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുടെ സാഹചര്യം വാരാന്ത്യം വരെ തുടരുമെന്നും രാജ്യത്തെ മറ്റു ചില മേഖലകളെയും ബാധിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

അതേസമയം, ബുധനാഴ്ചയും ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിലെ വിവിധ ഭാഗങ്ങളിൽ മിതമായതുമുതൽ ശക്തമായതുവരെയുള്ള ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ആലിപ്പഴ വർഷത്തോടൊപ്പം പൊടിയും മണലും ഉയർത്തുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.