
ഏഴ് ആണവോര്‍ജ നിലയങ്ങളിലായി 22 റിയാക്ടറുകളാണ് ഇന്ത്യയിലിപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏഴുനിലയങ്ങളുടെയും നിര്‍മാണത്തിന് നേതൃത്വംനല്‍കിയത് ഡോ. എം.ആര്‍. ശ്രീനിവാസനാണ്. ഇരുപത്തഞ്ചാംവയസ്സില്‍ ആണവോര്‍ജവകുപ്പില്‍ ചേര്‍ന്ന ശ്രീനിവാസനൊപ്പമാണ് ഇന്ത്യയിലെ ആണവോര്‍ജരംഗം വളര്‍ന്നതും കരുത്താര്‍ജിച്ചതും.
ബെംഗളൂരുവില്‍ ജനിച്ച മാലൂര്‍ രാമസാമി ശ്രീനിവാസന്‍ 1955-ല്‍ ആണവോര്‍ജ വകുപ്പില്‍ ജോലിക്ക് ചേരുമ്പോള്‍ മുംബൈയ്ക്കടുത്ത് ട്രോംബെയില്‍ ഹോമി ജെ. ഭാഭയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടറിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ ആണവോര്‍ജ ഗവേഷണങ്ങളുടെ പിതാവായ ശാസ്ത്രജ്ഞന്റെ സംഘത്തില്‍ ആ യുവാവിനും ഇടം ലഭിച്ചു. പരീക്ഷണ റിയാക്ടറായിരുന്നു അത്. 1956 ഓഗസ്റ്റ് 4-ന് പ്രവര്‍ത്തനം തുടങ്ങി. അടുത്തവര്‍ഷം പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് സമര്‍പ്പിച്ചു. വൈദ്യുതോത്പാദനത്തിനുള്ള പ്രായോഗികപദ്ധതികളായിരുന്നു പിന്നെ.
മുംബൈയ്ക്കടുത്ത് താരാപുരില്‍ രാജ്യത്തെ ആദ്യത്തെ ആണവോര്‍ജനിലയം സ്ഥാപിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനിയറായി 1959-ല്‍ ശ്രീനിവാസന്‍ നിയമിതനായി. 1969-ല്‍ കമ്മിഷന്‍ചെയ്യുമ്പോഴേക്ക് ഭാഭ വിടവാങ്ങിയിരുന്നു. ഭാഭ പകര്‍ന്ന ഊര്‍ജവുമായി പിന്നീടുള്ള പദ്ധതികളുടെ നേതൃത്വം ശ്രീനിവാസന്‍ ഏറ്റെടുത്തു.
1967-ല്‍ കല്‍പ്പാക്കത്തെ മദ്രാസ് അറ്റോമിക് പവര്‍ സ്റ്റേഷന്റെ ചീഫ് പ്രോജക്ട് എന്‍ജിനിയറായി. സ്വന്തമായി ആണവോര്‍ജനിലയം നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് കല്‍പ്പാക്കം തെളിയിച്ചു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏഴുനിലയങ്ങള്‍ക്കുപുറമേ, നിര്‍മാണം തുടരുന്ന ഏഴെണ്ണത്തിന്റെയും, ആസൂത്രണഘട്ടത്തിലുള്ള നാലെണ്ണത്തിന്റെയും നേതൃത്വം ശ്രീനിവാസനായിരുന്നു.
ആണവനിലയങ്ങളുടെ നിര്‍മാണത്തിലും സാങ്കേതികവിഷയങ്ങളിലും മാത്രം ഒതുങ്ങിയയാളായിരുന്നില്ല അദ്ദേഹം. രാജ്യത്തിന്റെ ആണവോര്‍ജ നയം രൂപവത്കരിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ആണവപദ്ധതികള്‍ സുസ്ഥിരവും സുരക്ഷിതവുമാകുമെന്ന് ഉറപ്പുവരുത്തി.
1974-ല്‍ പവര്‍ പ്രോജക്ട്സ് എന്‍ജിനിയറിങ് ഡിവിഷന്‍ ഡയറക്ടറായി. 1984-ല്‍ ആണവോര്‍ജ ബോര്‍ഡ് ചെയര്‍മാനായി. 1987-ല്‍ ആണവോര്‍ജ കമ്മിഷന്റെ ചെയര്‍മാനും ആണവോര്‍ജ വകുപ്പിന്റെ സെക്രട്ടറിയുമായി. അതേവര്‍ഷംതന്നെ ആണവോര്‍ജ കോര്‍പ്പറേഷന്റെ സ്ഥാപകചെയര്‍മാനായി.
1980 മുതല്‍ 1992 വരെ വിയന്ന ആസ്ഥാനമായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സീനിയര്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു.
ജോലിയില്‍നിന്ന് വിരമിച്ചശേഷവും ആണവോര്‍ജമേഖലയുടെ ഉപദേഷ്ടാവായി തുടര്‍ന്ന ശാസ്ത്രജ്ഞനുള്ള ജീവിക്കുന്ന സ്മാരകങ്ങളാണ്, രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തലയുയര്‍ത്തിനിന്ന് വിശ്രമമില്ലാതെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ആണവോര്‍ജനിലയങ്ങള്‍.
Content Highlights: Learn about Dr. M.R. Srinivasan`s pivotal role in building India`s nuclear power program
Published: 21 May 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented