ഇതിഹാസ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. കസ്തൂരിരംഗൻ മടങ്ങിയിരിക്കുന്നു. കൊച്ചിയിലെ സ്കൂൾപഠനകാലത്തുതന്നെ അദ്ദേഹം ബഹിരാകാശ പര്യവേക്ഷണത്തിൽ തത്‌പരനായിരുന്നു. വൈകാതെ ഇന്ത്യയുടെ ബഹിരാകാശപര്യവേക്ഷണ ചരിത്രം ആ കൈകൾ തിരുത്തിക്കുറിച്ചു.
1975 ഏപ്രിൽ 19-ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ നിർമാണത്തിൽ പ്രൊഫ. യു.ആർ. റാവുവിനൊപ്പം ചേർന്നതാണ് ഡോ. രംഗന്റെ കരിയറിലെ വഴിത്തിരിവ്. ഐഎസ്ആർഒയുടെ രൂപംതന്നെ മാറ്റിയെടുത്ത ചെയർമാൻ പ്രൊഫ. സതീഷ്ധവാൻ ഡോ. രംഗനെ ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ (ഭാസ്‌കര-1, ഭാസ്‌കര-2), പ്രത്യേകിച്ച് ഇന്ത്യൻ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് (ഐആർഎസ്-1 സീരീസ്) പദ്ധതിയുടെ ഡയറക്ടറായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് 40 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനകംതന്നെ ശാസ്ത്രീയ, സാങ്കേതിക-വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയിരുന്നു.
ഇക്കാലത്താണ് ഞാൻ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തിയത്. 1990-2000 കാലഘട്ടത്തിലെ ഇന്ത്യയുടെ ബഹിരാകാശ രൂപരേഖ നിർമിച്ചെടുക്കാൻ ഡോ. രംഗൻ, വൈ.എസ്. രാജൻ, വാസഗം, പ്രൊഫ. ജയ് സിങ് എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനു പുറമേ, അദ്ദേഹവുമായി ഇടപഴകാൻ ലഭിച്ച അവസരങ്ങൾ മറക്കാനാകില്ല. 1988-ൽ വിക്ഷേപിക്കപ്പെട്ട ഐആർഎസ്-1എ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ ഒരു നിർണായക നാഴികക്കല്ലായിരുന്നു. ദേശീയതലത്തിൽ എല്ലാ സംസ്ഥാനങ്ങളും ആധുനിക ബഹിരാകാശ സാങ്കേതികവിദ്യയെ പ്രകൃതിവിഭവപഠനത്തിന് ഉപയോഗിക്കുന്ന പുതിയ യുഗത്തിന് ഇത് തുടക്കമിട്ടു. പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്തിൽ ഐഎസ്ആർഒ കൈവരിച്ച ഗംഭീരനേട്ടമായിരുന്നു അത്. ഒരു ദശാബ്ദത്തോളം നീണ്ട സംഭവബഹുലമായ സേവനമവസാനിപ്പിച്ച് 1994 മാർച്ച് 31-ന് പ്രൊഫ. റാവു ഐഎസ്ആർഒയുടെ പടിയിറങ്ങിയപ്പോൾ ആ സ്ഥാനം രംഗൻ ഏറ്റെടുത്തു.
1994 മേയ് നാലിന് എഎസ്എൽവി-ഡി4, സ്രോസ് ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതോടെ ഐഎസ്ആർഒ തലപ്പത്ത് രംഗന്റെ ഇന്നിങ്‌സിന് മികച്ച തുടക്കം ലഭിച്ചു. ആദ്യ രണ്ട് പരാജയങ്ങൾക്കുശേഷം നടന്ന വിക്ഷേപണം സമ്പൂർണ വിജയമായിരുന്നു. പുറകെ വന്നതാകട്ടെ, അദ്ദേഹത്തിനുകീഴിൽ ഐഎസ്ആർഒ മിന്നിത്തിളങ്ങിയ ഒമ്പത് വർഷങ്ങളും. ആദ്യ ദൗത്യം പരാജയപ്പെട്ട പിഎസ്എൽവി-ഡി2 1994 ഒക്ടോബർ 15-ന് പറന്നുപൊങ്ങി. ഒന്നിനുപുറകെ ഒന്നായി പിഎസ്എൽവി യാത്ര ഇന്നും തുടരുന്നു.
1984 ഓഗസ്റ്റിൽ, ഇന്ത്യയുടെ 174 ജില്ലകളിലെ ഏകദേശം 25 ശതമാനം പ്രദേശങ്ങളിൽ അടിസ്ഥാനതല നീർത്തട വികസനത്തിനായി ഡേറ്റാബേസ് നൽകാനുള്ള ഐഎസ്ആർഒയുടെ സന്നദ്ധത അദ്ദേഹം പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചു. വ്യക്തിപരമായി എന്റെ കരിയറിനെയും അദ്ദേഹം സ്വാധീനിച്ചു. ഐഎസ്ആർഒ ആസ്ഥാനത്തുനിന്ന് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് ഏജസിയിലേക്ക് മാറാനും അവിടെ മിഷൻ ഡയറക്ടറുടെ സ്ഥാനം ഏറ്റെടുക്കാനും എന്നെ പ്രേരിപ്പിച്ചു. ഖരഗ്പൂർ ഐഐടിയിലെ എന്റെ ഡോക്ടറൽ ഗവേഷണത്തെ പിന്തുണച്ചു. ഭൗമോപഗ്രഹ സംവിധാനങ്ങളിൽനിന്ന് ചാന്ദ്രദൗത്യങ്ങളിലേുള്ള (ചന്ദ്രയാൻ മുതലിങ്ങോട്ട്) ഇന്ത്യയുടെ മാറ്റം ഡോ. രംഗൻ എഴുതി പിൻഗാമിയായ ജി. മാധവൻ നായർ സമർഥമായി നടപ്പാക്കിയ ചരിത്രമാണ്. എക്സ്-റേ ജ്യോതിശാസ്ത്ര വിദ്യാർഥിയായ അദ്ദേഹത്തിന്റെ ആശയമായിരുന്നു അസ്‌ട്രോസ്റ്റാറ്റ്.
ഒരു ദശാബ്ദത്തോളം ഇന്ത്യൻ ബഹിരാകാശപദ്ധതിയെ മുൻനിരയിൽനിന്ന് നയിച്ച അദ്ദേഹം 2003 ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതോടെ രാജിസമർപ്പിച്ചു. രാജ്യസഭയിൽ വിദ്യാഭ്യാസം, പരിസ്ഥിതി, ശാസ്ത്ര-സങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, ആണവോർജം എന്നീ മേഖലകൾക്കുണ്ടാക്കിയ ഗുണം ചെറുതല്ല. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഉയർന്നുവന്നു. 2009-ൽ പ്ലാനിങ് കമ്മിഷൻ അംഗമായി.
2010-ൽ ഞാൻ ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോൾ ജിഎസ്എൽവിയുടെയും ക്രയോജനിക് എൻജിനിയറിങ്ങിന്റെയും പരാജയം തരണം ചെയ്യാൻ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നു.
- ഐഎസ്‌ആർഒ മുൻ ചെയർമാനാണ് ലേഖകൻ
Content Highlights: Dr. Kasturirangan`s pivotal role in shaping India`s space program, from Aryabhata to Chandrayaan
Published: 26 Apr 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented