ലോകം വലിയൊരു മഹാവിപത്തിലേക്ക് അടുക്കുകയാണെന്ന സൂചന നൽകി ശാസ്ത്രജ്ഞർ. മനുഷ്യരാശിയുടെ ഏറ്റവും അപകടകരമായ പ്രവണതകൾ പിന്തുടരുന്ന ശാസ്ത്രജ്ഞർ ഡൂംസ്‌ഡേ ക്ലോക്ക് അർധരാത്രിയോട് കൂടുതൽ അടുപ്പിച്ചു. മനുഷ്യരാശി നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ഒരു പ്രതീകാത്മക ക്ലോക്കാണ് ഡൂംസ്‌ഡേ ക്ലോക്ക് (Doomsday Clock). ഇതൊരു യന്ത്രമല്ല, മറിച്ച് ലോകം എത്രത്തോളം സുരക്ഷിതമാണ് എന്ന് അളക്കാനുള്ള ഒരു മാനദണ്ഡമാണ്. 1947-ലാണ് ഈ ക്ലോക്ക് സ്ഥാപിക്കപ്പെട്ടത്. ആൽബർട്ട് ഐൻസ്റ്റൈൻ ഉൾപ്പെടെയുള്ള ലോകപ്രശസ്ത ശാസ്ത്രജ്ഞർ ചേർന്ന് രൂപീകരിച്ച ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ് എന്ന സംഘടനയാണ് വർഷംതോറും ഈ ക്ലോക്കിലെ സമയം നിശ്ചയിക്കുന്നത്.

To advertise here,

ഈ ക്ലോക്കിലെ അർധരാത്രി (12.00 am) എന്നത് ലോകാവസാനത്തെയോ മനുഷ്യരാശിയുടെ നിലനിൽപ്പ് അപകടത്തിലാക്കുംവിധമുള്ള മഹാദുരന്തത്തെയോ സൂചിപ്പിക്കുന്നു. ക്ലോക്കിലെ സൂചി അർധരാത്രിയോട് അടുക്കുംതോറും ലോകം വലിയ അപകടത്തോട് അടുക്കുകയാണ് എന്നാണ് അർഥമാക്കുന്നത്. നിലവിൽ ക്ലോക്ക് ക്രമീകരിച്ചതനുസരിച്ച് ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിയാവാൻ 85 സെക്കൻഡ് മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തിലാദ്യമായാണ് ക്ലോക്ക് അർധരാത്രിയോട് ഇത്രയും അടുക്കുന്നത്.

സമീപകാല ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇതിന് കാരണമായത്. യു.എസ്., ചൈന, റഷ്യ പോലുള്ള ആണവ ശക്തികൾ അപകടകരമായ വിധത്തിൽ സംഘർഷത്തിലേർപ്പെടുന്ന സാഹചര്യമാണിത്. റഷ്യ-യുക്രൈൻ യുദ്ധവും ഇറാൻ, ഗ്രീൻലൻഡ് എന്നിവിടങ്ങളിലെ യു.എസ്. ഇടപെടലും യൂറോപ്പ്, ചൈന, റഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള ശക്തികളുമായുള്ള യു.എസിന്റെ ബന്ധം വഷളാവുന്നതുമെല്ലാം ഡൂംസ്‌ഡേ ക്ലോക്കിലെ സൂചി ദുരന്തരാത്രിയോട് കൂടുതൽ അടുക്കാൻ കാരണമായി. ഇതിനുപുറമെ അനിയന്ത്രിതമാംവിധം എ.ഐ. ഉപയോഗം വർധിച്ചതും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ക്ലോക്കിലെ സമയത്തെ സ്വാധീനിച്ചു.

"ആണവായുധ ശേഖരം പരിമിതപ്പെടുത്തുന്നതിനും എ.ഐ.യുടെ ഉപയോഗത്തെക്കുറിച്ച് അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള ജൈവ ഭീഷണികളെ നേരിടുന്നതിന് ബഹുമുഖ കരാറുകൾ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം," ക്ലോക്ക് സജ്ജമാക്കുന്ന ആറ്റോമിക് സയന്റിസ്റ്റ്സ് സയൻസ് ആൻഡ് സെക്യൂരിറ്റി ബോർഡിന്റെ (SASB) ബുള്ളറ്റിൻ ആവശ്യപ്പെട്ടു.

"ഡൂംസ്‌ഡേ ക്ലോക്കിന്റെ സന്ദേശം ഇതിലും വ്യക്തമാകാനില്ല. ദുരന്തസാധ്യതകൾ വർധിക്കുന്നു; സഹകരണം കുറയുന്നു. നമുക്ക് സമയം അതിവേഗം നഷ്ടപ്പെടുകയാണ്. മാറ്റം അനിവാര്യവും സാധ്യവുമാണ്. ലോകസമൂഹം തങ്ങളുടെ നേതാക്കളിൽനിന്ന് ഉടനടി നടപടി ആവശ്യപ്പെടണം," ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് പ്രസിഡന്റും സി.ഇ.ഒ.യുമായ അലക്‌സാന്ദ്ര ബെൽ പറഞ്ഞു.