ബെംഗളൂരു: പ്രമേഹബാധിതരായവര്‍ ബഹിരാകാശയാത്രയില്‍നിന്ന് പിന്‍തിരിയേണ്ടതില്ലെന്ന് നിഗമനം. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് പ്രമേഹമുള്ളവര്‍ക്കും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകാമെന്ന നിഗമനത്തിലെത്തിയത്.

To advertise here,

പ്രമേഹം നിരീക്ഷിക്കുന്ന ഉപകരണങ്ങളും ഇന്‍സുലിന്‍ പേനകളും ബഹിരാകാശത്തെ വ്യത്യസ്ത അന്തരീക്ഷത്തിലും കൃത്യതയോടെ പ്രവര്‍ത്തിക്കുമെന്നും പരീക്ഷണത്തില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അപഗ്രഥനം വ്യക്തമാക്കുന്നതായി ആക്‌സിയം സ്‌പെയ്സ് അറിയിച്ചു.

ആക്‌സിയം-4ല്‍ നടത്തിയ 'സ്യൂട്ട് റൈഡ്' ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബഹിരാകാശത്ത് പ്രമേഹത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നായിരുന്നു കണ്ടെത്തല്‍. യുഎഇ ആസ്ഥാനമായുള്ള ചികിത്സാ സ്ഥാപനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സുമായി ചേര്‍ന്നാണ് ആക്‌സിയം സ്‌പെയ്സ് പരീക്ഷണം നടത്തിയത്.

പ്രമേഹമുള്ള യാത്രികര്‍ക്ക് ബഹിരാകാശത്തേക്ക് വാതില്‍തുറക്കുന്നതും ബഹിരാകാശത്തെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ പരിഹാരം നല്‍കുന്നതുമാണ് ഗവേഷണ നിഗമനമെന്നും ആക്‌സിയം സ്‌പെയ്സ് അറിയിച്ചു. പ്രമേഹമുള്ള ആദ്യത്തെ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കാന്‍ തയ്യാറാണെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രഖ്യാപിച്ചു.

ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ജൂണിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ദൗത്യത്തില്‍ ഐഎസ്ആര്‍ഒയും പങ്കാളിയായിരുന്നു. ഐഎസ്ആര്‍ഒയുടെ ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ലയാണ് നടത്തിയത്. പരീക്ഷണങ്ങള്‍ക്കുശേഷം ജൂലായ് 15-നാണ് ശുഭാംശുവും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയത്. മൊത്തം 60 പരീക്ഷണങ്ങളാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്.