ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ബാബിലോണിയന്‍ സ്തുതിഗീതം നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഗവേഷകർ വീണ്ടെടുത്തു. പുരാതന ബാബിലോണ്‍ നഗരത്തെ സ്തുച്ചുകൊണ്ടുള്ള 250 വരികളുള്ളതും 1000 ബിസിഇയോളം പഴക്കമുള്ളതുമായ സ്തുതിഗീതമാണ് വീണ്ടെടുത്തത്. 

To advertise here,

ബാബിലോണിയന്‍ നഗരത്തിലെ സ്മാരക കെട്ടിടങ്ങളെയും യൂഫ്രട്ടീസ് നദീതീരത്തെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയെയും സമൂഹത്തില്‍ ബ്രഹ്‌മചാരികളായ പുരോഹിതരുടെ പങ്കിനെ കുറിച്ചുമെല്ലാം വര്‍ണിക്കുന്നതാണ് അതിന്റെ വരികള്‍. 

വിവിധ മ്യൂസിയങ്ങളിലും മറ്റുമായി വിഭജിച്ചുകിടന്ന  30 ഓളം കളിമണ്‍ ഫലകങ്ങള്‍ സംയോജിപ്പിച്ചാണ് ഈ വരികളെല്ലാം കണ്ടെത്തിയത്. 

ബാഗ്ദാദ് സര്‍വകലാശാലയിലേയും മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്‌സിമിലിയന്‍ സര്‍വകലാശാലയിലേയും ഗവേഷകര്‍ ചേര്‍ന്നാണ് ഈ സ്തുതിഗീത ഫലകം വീണ്ടെടുത്ത് പുനര്‍നിര്‍മിച്ചത്. ഇറാഖ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഒരു എഐ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയാണ് ഈ ക്യൂണിഫോം ലിഖിതത്തെ ഡിജിറ്റൈസ് ചെയ്തത്. മെസപ്പൊട്ടേമിയ, പുരാതന ഈജിപ്ത്, പേര്‍ഷ്യ മേഖലയില്‍ കളിമണ്‍ ഫലകങ്ങളില്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ലിപിയാണ് ക്യൂണിഫോം. വിഭജിച്ചുകിടന്ന കളിമണ്‍ ഫലകങ്ങളെ തിരിച്ചറിയാന്‍ എഐ സാങ്കേതിക വിദ്യകളും ഗവേഷകര്‍ ഉപയോഗിച്ചു. പത്ത് വര്‍ഷക്കാലമായി ഈ ദൗത്യത്തിന് പിന്നിലായിരുന്നു ഇവര്‍. 

ബാബിലോണ്‍ പ്രതാപത്തെ വാഴ്ത്തിപ്പാടുന്ന വരികളാണിത്. അതി മനോഹരമായ നഗരനിര്‍മിതിയും അതിനൊപ്പം കനാലുകളും കൃഷിയിടങ്ങളും എങ്ങനെ അഭിവൃദ്ധിപ്പെട്ടുവെന്നുമെല്ലാം വരികളില്‍ വര്‍ണിക്കുന്നു. സ്ത്രീകളായ പുരോഹിതരുടെ സാംസ്‌കാരിക പ്രാധാന്യവും വിദേശികളോടുള്ള ബാബിലോണ്‍ ജനതയുടെ സ്വാഗത മനോഭാവവും വരികളില്‍ വര്‍ണിക്കുന്നുണ്ട്. ഇങ്ങനെ അത്യപൂര്‍വമായ പ്രാചീന ബാബിലോണ്‍ ജീവിതത്തെ ചിത്രീകരിക്കുന്നതാണ് വരികള്‍. 

ഈ സ്തുതിഗീതത്തിന് അക്കാലത്ത് വലിയ പ്രചാരമുണ്ടായിരുന്നുവെന്നും അക്കാലത്തെ വിദ്യാലയങ്ങളില്‍ അത് പഠിപ്പിച്ചിരുന്നുവെന്നും കരുതുന്നു. സ്തുതിഗീതത്തിന്റെ ഒരു ഡസണോളം പകര്‍പ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം സ്തുതിഗീതത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഈ സ്തുതിഗീതത്തിന്റെ വരികളുടെ മൂന്നിലൊന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 

The Euphrates is her river—established by wise lord Nudimmud—
It quenches the lea, saturates the canebrake,
Disgorges its waters into lagoon and sea,
Its fields burgeon with herbs and flowers,
Its meadows, in brilliant bloom, sprout barley,
From which, gathered, sheaves are stacked,
Herds and flocks lie on verdant pastures,
Wealth and splendor—what befit mankind—
Are bestowed, multiplied, and regally granted.