ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം 2024 YR4 ചന്ദ്രനിൽ ഇടിച്ചാൽ ഭൂമിയിൽനിന്ന് അത് കാണാനാകുമോ എന്ന് പലരും ചിന്തിച്ചേക്കാം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകം.

To advertise here,

60 മീറ്റർ വീതിയുള്ള കെട്ടിടത്തിന്റെ വലുപ്പമുള്ളതാണ് 2024 YR4 എന്ന ഛിന്നഗ്രഹം. 2032 ഡിസംബർ 22-ന് അത് ചന്ദ്രനിൽ ഇടിക്കാൻ 4.3 ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൂട്ടിയിടി സംഭവിച്ചാൽ അത് ഭൂമിയിൽനിന്ന് കാണാൻ കഴിയുന്നതും ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്നതുമായ മിന്നൽ (ഒപ്റ്റിക്കൽ ഫ്‌ളാഷ്) ഉണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ കടുത്ത ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പിന്നീട് നിരീക്ഷണങ്ങളിൽ വ്യക്തമായി. ഛിന്നഗ്രഹം ഭൂമിക്ക് കാര്യമായ അപകടമുണ്ടാക്കില്ലെന്ന് നാസ സ്ഥിരീകരിച്ചു.

ആദ്യം മിന്നൽ പിന്നീട് ഇൻഫ്രാറെഡ് പ്രകാശം

കൂട്ടിയിടി 5.2-8 മെഗാടൺ ടിഎൻടിക്ക് തുല്യമായ ഊർജ്ജം പുറത്തുവിടുമെന്നാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പഠനം ഉദ്ധരിച്ച് പ്രിന്റ് സെർവർ arXiv.org അടുത്തിടെ പോസ്റ്റ് ചെയ്തത്. ഏകദേശം 1 കിലോമീറ്റർ വീതിയുള്ള ഗർത്തം ചന്ദ്രനിൽ സൃഷ്ടിക്കപ്പെടും. ഭൂമിയിൽനിന്ന് കാണാൻ കഴിയുന്ന മിന്നലിന് ശേഷം ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഇൻഫ്രാറെഡ് പ്രതിഫലനവും ഉണ്ടാകും.മനുഷ്യരാശിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ചന്ദ്രനിലെ കൂട്ടിയിടി ആയിരിക്കും നടക്കുകയെന്നും അത് ഉൽക്കാ വർഷത്തിന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഉരുകിയ പാറ തണുക്കുന്നതിന്റെ ഫലമായാകും ഇൻഫ്രാറെഡ് പ്രതിഫലനം.

ഈ കൂട്ടിയിടി ചന്ദ്രന്റെ ഉപരിതലത്തിന്റെ ചലനാത്മകതയെക്കുറിച്ച് പഠിക്കാൻ ഒരു അപൂർവ അവസരം നൽകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഛിന്നഗ്രഹങ്ങളുടെ ഘടനയെയും ബഹിരാകാശ വസ്തുക്കളിൽ കൂട്ടിയിടികളുടെ ഫലങ്ങളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടാനും അവസരം ഒരുക്കും. ഇതെല്ലാം കണക്കിലെടുത്ത് 2024 YR4 ഛിന്നഗ്രഹത്തെ ട്രാക്ക് ചെയ്യുന്നത് തുടരുമെന്നും ഗവേഷകർ പറയുന്നു.

കൂട്ടിയിടി നടക്കുമോ?

ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത നാല് ശതമാനത്തിൽനിന്ന് 30 ശതമാനത്തിൽ അധികമായി വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന്റെ (JWST) ഫെബ്രുവരി 2026 ലെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. എന്നാൽ ചന്ദ്രനിലെ കൂട്ടിയിടിയുടെ സാധ്യത 1% ൽ താഴെയാകാൻ 80 ശതമാനം സാധ്യതയുണ്ട്. അതുപോലെ, സാധ്യത 30% ലധികം വർദ്ധിക്കാൻ 5 ശതമാനവും സാധ്യതയുണ്ട്.

ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ചടക്കം നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായി ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് (JWST) ഫെബ്രുവരി 18, 26 തീയതികളിൽ പ്രത്യേക നിരീക്ഷണ വിൻഡോകൾ തുറന്നുവെക്കും. ഛിന്നഗ്രഹത്തെ നേരിടാൻ, നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ഛിന്നഗ്രഹത്തിനടുത്ത് അണുബോംബ് പൊട്ടിക്കുന്നതുൾപ്പെടെയുള്ള സാധ്യമായ വഴിമാറ്റൽ സാഹചര്യങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും  പ്രഖ്യാപിച്ചിട്ടില്ല.