മൊബൈല്‍ ഫോണില്‍ അവതരിപ്പിച്ച ഡൈനാമിക് ബാക്ക് ഡിസ്പ്ലേ മറ്റുമോഡലുകളിലേക്കും വ്യാപിപ്പിക്കാന്‍ ഷവോമി. ഈ സവിശേഷതയുമായി ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്‌സ് എന്നിവ അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയിരുന്നു. പിന്നിലെ ക്യാമറ സെറ്റപ്പിന് ചുറ്റുമായി 2.1 ഇഞ്ചിന്റെ ഒരു സെക്കന്‍ഡറി ഡിസ്പ്ലേയാണ് ഇവയിലുള്ളത്. നോട്ടിഫിക്കേഷനുകളും സെല്‍ഫികളുടെ പ്രിവ്യൂവും കാണിക്കുന്ന ബാക്ക് ഡിസ്‌പ്ലേ ഭാവിയിലെ മുന്‍നിര മോഡലുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഷവോമി ഗ്രൂപ്പ് പ്രസിഡന്റ് ലു വെയ്ബിംഗ് സ്ഥിരീകരിച്ചിരിക്കുന്നു. റിയര്‍ സ്‌ക്രീനിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഷവോമി അതിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും സൂചനകളുണ്ട്.

To advertise here,

റിയര്‍ ഡിസ്പ്ലേ അടുത്ത തലമുറ ഷവോമി സ്മാര്‍ട്ട്ഫോണുകളിലും തുടരുമെന്ന് ഷവോമി ഗ്രൂപ്പ് പ്രസിഡന്റ് ലു വെയ്ബിംഗ് ഒരു ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് സ്ഥിരീകരിച്ചത്. ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്‌സ് എന്നിവയുടെ റിയര്‍ ഡിസ്പ്ലേ വികസിപ്പിക്കുന്നതിനായി ഷവോമി 1 ബില്യണ്‍ (100 കോടി) ചൈനീസ് യുവാനില്‍ കൂടുതല്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2.1 ഇഞ്ച് സ്‌ക്രീന്‍ പ്രധാന ഡിസ്പ്ലേയിലേത് പോലെ അതേ ഡ്രാഗണ്‍ ക്രിസ്റ്റല്‍ ഗ്ലാസാണ് ഉപയോഗിക്കുന്നത്.

അതിനിടെ, ഷവോമി 17 പ്രോയുടെ ബാക്ക് സ്‌ക്രീനില്‍ ഉടന്‍ തന്നെ തത്സമയ വിവര്‍ത്തന സൗകര്യം ചേര്‍ക്കുമെന്ന് ലു വെയ്ബിംഗ് സ്ഥിരീകരിച്ചതായയും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ റിയര്‍ സ്‌ക്രീനിലേക്ക് കമ്പനി ഒരു കൂട്ടം അപ്ഡേറ്റുകള്‍ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

പുറത്തിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ ചൈനയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഷവോമി 17 സീരീസ് നേടിയതെന്നാണ് പുറത്തുവരുന്നവിവരം. ഈ വര്‍ഷത്തെ ഏതൊരു ആഭ്യന്തര സ്മാര്‍ട്ട്ഫോണിന്റെയും ഒറ്റ ദിവസത്തെ വില്‍പ്പനയിലും മൊത്തം യൂണിറ്റുകളുടെ വില്‍പ്പനയിലും ഷവോമി 17 പ്രോ മാക്‌സ് ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷവോമി 17 സീരീസിന്റെ വില്‍പ്പന അതിന്റെ മുന്‍ഗാമിയേക്കാള്‍ 20 ശതമാനമാണ് വര്‍ധിച്ചത്. പ്രോ മോഡലുകള്‍ മാത്രം മുന്‍ തലമുറയേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ വിറ്റുപോയി. ഷവോമി 17 സീരീസിന്റെ ഈ മികച്ച വില്‍പ്പനയാകാം ഭാവി മോഡലുകളിലും ഡൈനാമിക് ബാക്ക് ഡിസ്പ്ലേ ഫീച്ചര്‍ തുടരുമെന്ന പ്രഖ്യാപനത്തിനുള്ള പ്രധാന കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫ്‌ളൈറ്റ് വിവരങ്ങള്‍, ട്രെയിന്‍ ടിക്കറ്റ് അപ്ഡേറ്റുകള്‍, ടേക്ക്അവേ ഡെലിവറി അല്ലെങ്കില്‍ റൈഡ്-ഹെയ്ലിംഗ് സ്റ്റാറ്റസ്, മ്യൂസിക് പ്ലേബാക്ക് എന്നിവയുള്‍പ്പെടെയുള്ള തത്സമയ നോട്ടിഫിക്കേഷനുകളും റിമൈന്‍ഡറുകളും നല്‍കുന്നതാണ് ഷവോമി 17 പ്രോയുടെ ഡൈനാമിക് ബാക്ക് ഡിസ്പ്ലേ. ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്‌സ് എന്നിവ ഇപ്പോള്‍ ചൈനയില്‍ യഥാക്രമം 4,999 ചൈനീസ് യുവാന്‍ (ഏകദേശം 62,300 രൂപ), 5,999 ചൈനീസ് യുവാന്‍ (ഏകദേശം 74,700 രൂപ) എന്നീ പ്രാരംഭ വിലകളിലാണ് വിറ്റഴിക്കുന്നത്.