ന്യൂഡൽഹി: ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്' തങ്ങളുടെ തെറ്റ് അംഗീകരിച്ചുവെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുമെന്ന് എക്‌സ് ഉറപ്പുനൽകിയതായും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി 3,500 പോസ്റ്റുകളും 600 അക്കൗണ്ടുകളും എക്‌സ് നീക്കംചെയ്തു. എക്‌സിന്റെ എഐ ടൂൾ ആയ ഗ്രോക്ക് ഉപയോഗിച്ച് നിർമിച്ച അശ്ലീല ചിത്രങ്ങളാണ് പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കംചെയ്തത്.

To advertise here,

ഇലോൺ മസ്‌ക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്‌ബോട്ടായ ഗ്രോക് നിർമിച്ച അശ്ലീല സ്വഭാവമുള്ള പോസ്റ്റുകൾ അടുത്തിടെയായി സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആശങ്ക അറിയിച്ചിരുന്നു. എഐ നിർമിത ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രാലയം എക്‌സിന് കത്തുനൽകി.

സ്ത്രീത്വത്തെ അപമാനിക്കുകയും സ്വകാര്യതലംഘിക്കുകയും ചെയ്യുന്ന അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലുള്ള ആശങ്കകൾ മന്ത്രാലയം എക്‌സിനെ അറിയിച്ചിരുന്നു. കമ്പനി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടും നിയമവിരുദ്ധമായവ ഉടനടി നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവും സർക്കാർ കത്തിൽ ഉന്നയിച്ചിരുന്നു. അതേസമയം, എക്‌സ് നൽകിയ മറുപടിയിൽ മന്ത്രാലയം തൃപ്തരല്ലെന്നാണ് റിപ്പോർട്ട്. എഐ നിർമിത അശ്ലീല ഉള്ളടക്കങ്ങൾ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് മറുപടിയിൽ വിശദീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ഗ്രോക്കിലെ ഇമേജ് ജനറേഷൻ ടൂൾ ഉപയോഗിച്ച് വ്യക്തികളുടെ അശ്ലീല ചിത്രങ്ങൾ വ്യാപകമായി നിർമിക്കുന്നുവെന്ന വിമർശനം അടുത്തിടെ ഉയർന്നിരുന്നു. ഗ്രോക്ക് ഉപയോഗിച്ച് ആളുകളുടെ ചിത്രങ്ങളിലെ വസ്ത്രങ്ങൾ നീക്കം ചെയ്യാനും അവരുടെ അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ നിർമിക്കാനും ഗ്രോക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.