ഒരു സോഷ്യല്‍ മീഡിയാ കമ്പനിയുടെ മേധാവിയാണെങ്കില്‍ ആ സോഷ്യല്‍ മീഡിയാ സേവനത്തിന്റെ മൊബൈല്‍ ആപ്പ് അയാളുടെ ഫോണില്‍ എന്തായാലും ഉണ്ടാവും എന്നായിരിക്കുമല്ലോ നമ്മുടെയെല്ലാം പൊതുധാരണ. എന്നാല്‍ ഒരു അഭിമുഖത്തിനിടെ എക്‌സ് മേധാവി ലിന്‍ഡ യക്കരിനോ തന്റെ ഐഫോണ്‍ സ്‌ക്രീന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 

To advertise here,

യക്കരിനോയുടെ ഐഫോണ്‍ സ്‌ക്രീനില്‍ എക്‌സിന്റെ മുഖ്യ എതിരാളിയായ ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പ് ഉള്‍പ്പടെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയാ മെസേജിങ് ആപ്പുകള്‍ എല്ലാം ഉണ്ട്. എന്നാല്‍ സ്വന്തം കമ്പനിയായ എക്‌സിന്റെ മൊബൈല്‍ ആപ്പ് ലോഗോ മാത്രം സ്‌ക്രീനില്‍ കണ്ടില്ല. എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എക്‌സ് ആപ്പ് അതിന്റെ മേധാവി പോലും ഉപയോഗിക്കുന്നില്ലേ എന്ന ചോദ്യം ഉയരുന്നു. 

വ്യാഴാഴ്ച വോക്‌സ് മീഡിയ കോഡ് 2023  കോണ്‍ഫറന്‍സില്‍ നടന്ന അഭിമുഖത്തിനിടെ എക്‌സിന്റെ പ്രാധാന്യം വിശദീകരിക്കുമ്പോഴാണ് തന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് ലിന്‍ഡ തന്റെ ഫോണ്‍ സദസ്സിന് മുന്നില്‍ കാണിച്ചത്. ഹോം സ്‌ക്രീനിന്റെ ആദ്യ പേജില്‍ എക്‌സ് ആപ്പ് ഉണ്ടായിരുന്നില്ലെന്ന് ഈ ദൃശ്യം കണ്ടവരുടെ ശ്രദ്ധയില്‍പെട്ടു. 

മെസേജസ്, ഫേസ് ടൈം, വാലറ്റ്, ക്യാമറ, കലണ്ടര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള ആപ്പുകള്‍ സ്‌ക്രീനിലുണ്ടായിരുന്നു.

ഐഫോണില്‍ വിവിധ വിഡ്‌ജെറ്റുകളും ആപ്പുകളും ഹോം സ്‌ക്രീനില്‍ ക്രമീകരിക്കാന്‍ സാധിക്കും. പ്രാധാന്യമില്ലാത്തവ ആപ്പ് ലൈബ്രറിയിലേക്ക് മാറ്റുകയും ചെയ്യാം. സാധാരണ ആളുകള്‍ എപ്പോഴും ഉപയോഗിക്കുന്ന ആപ്പുകളെ ഹോം പേജില്‍ ആദ്യം കൊണ്ടുവരാറുണ്ട്. എക്‌സിന്റെ മേധാവിയായ ലിന്‍ഡ യക്കരിനോയുടെ ഫോണിലെ ആദ്യ പേജില്‍ തീര്‍ച്ചയായും എക്‌സ് ആപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. 

എന്നാല്‍ ആദ്യ പേജില്‍ എക്‌സ് ആപ്പ് കാണുന്നില്ല എന്നത് കൊണ്ട് അവര്‍ അത് ഉപയോഗിക്കുന്ന ആള്‍ അല്ല എന്ന് പറയാനാവില്ല. കാരണം ആപ്പ് ലൈബ്രറിയിലോ മറ്റേതെങ്കിലും പേജിലോ എക്‌സ് ആപ്പ് ഉണ്ടായേക്കും. സ്വന്തം കമ്പനിയുടെ ആപ്പ് സ്വന്തം ഫോണിലെ ആദ്യ പേജില്‍ ഇടം പിടിച്ചില്ലല്ലോ എന്നതാണ് ശ്രദ്ധേയം. 

2023 മേയിലാണ് ലിന്‍ഡ യക്കരിനോ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്. ആ സ്ഥാനമേറ്റെടുക്കുന്ന ആദ്യ വനിതയാണ് ലിന്‍ഡ. ടേണര്‍ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ബിസി യൂണിവേഴ്‌സല്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചയാളാണ് യക്കരിനോ. പരസ്യം, മാര്‍ക്കറ്റിങ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എന്നീ മേഖലകളില്‍ വൈദഗ്ദ്യമുള്ളയാളാണ് അവര്‍.