ഓപ്പൺഎഐയുടെ പുതിയ എഐ മോഡലായ ജിപിടി-6.1 അസ്ട്രയുടെ റിലീസ് ഒക്ടോബറിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത് റദ്ദാക്കി. പരിശോധനകളിൽ കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.

To advertise here,

ചാറ്റ്ജിപിടിയിലും (ChatGPT) കോഡെക്സിലും (Codex) ഉൾപ്പെടുത്താനും  മനുഷ്യസഹായമില്ലാതെ സങ്കീർണമായ ജോലികൾ സ്വതന്ത്രമായി ചെയ്യാനുമാണ് അസ്ട്ര രൂപകൽപ്പന ചെയ്തിരുന്നത്. മനുഷ്യനിയന്ത്രണം വിട്ട് പെരുമാറാൻ അസ്ട്രയ്ക്ക് സാധിക്കുമെന്ന ആരോപണം ഉയർന്നിരുന്നു. മുൻമോഡലുകളേക്കാൾ അതിനുള്ള സാധ്യത ആസ്ട്രയ്ക്ക് കൂടുതലാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ചെയ്യുന്ന കാര്യങ്ങൾ പലതും ഉപയോക്താക്കളോട് വെളിപ്പെടുത്തുന്നില്ലെന്നതും ആസ്ട്രയിൽ കണ്ടെത്തിയ മറ്റൊരു പ്രശ്നമാണ്.

സങ്കീർണമായ ജോലികൾ വരുമ്പോൾ എളുപ്പവഴികൾ ഉപയോഗിച്ച് ലളിതമായ മറുപടികൾ നൽകുന്ന എഐ മോഡലുകളിൽ കണ്ടുവരുന്ന 'മോഡൽ ലേസിനെസ്' (model laziness) എന്ന പ്രശ്നം കുറയ്ക്കുന്നതിൽ ആസ്ട്ര പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കളുടെ നിയന്ത്രണ പരിധിക്കുള്ളിൽ നിൽക്കുന്നതിലും ചെയ്ത ജോലികളേക്കുറിച്ച് ഉപയോക്താവിനോട് വിനിമയം നടത്തുന്നതിലും ആസ്ട്ര നിലവാരം പുലർത്തിയില്ലെന്ന് ഓപ്പൺഎഐ സേഫ്റ്റി സിസ്റ്റംസ് മേധാവി സാച്ചി ജെയിൻ വ്യക്തമാക്കി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കമ്പനി ഉപയോക്താക്കൾക്ക് ഒരു മോഡൽ ലഭ്യമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പരീക്ഷണത്തിലിരിക്കുന്ന എഐ മോഡലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റ് കമ്പനികളുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഹാക്ക് ചെയ്ത സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പൺ എഐയുടേയും എതിരാളിയായ ആന്ത്രോപിക്കിന്റേയും എഐ മോഡലുകൾ അക്കൂട്ടത്തിലുണ്ട്; ഒരു ഓപ്പൺഎഐ മോഡൽ ഓസ്ട്രേലിയയുടെ ഹെൽത്ത് സിസ്റ്റം ഡാറ്റാബേസിൽ പ്രവേശിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ ചില എഐ വിദഗ്ധർതന്നെ നിർമിത ബുദ്ധി മനുഷ്യരാശിയെ കൊന്നൊടുക്കുമെന്നും വലിയ അപകടമാണെന്നുമുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നു.

ഈ പശ്ചാത്തലത്തിൽ നിർമിതബുദ്ധി വികസത്തിന്റെ വേഗത കുറയ്ക്കണമെന്നും ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആഹ്വാനവുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയും രംഗത്തുവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു എഐ മോഡൽ പുറത്തിറക്കാനുള്ള തീരുമാനം ഓപ്പൺ എഐ റദ്ദാക്കിയിരിക്കുന്നത്. ഓപ്പൺ എഐയുടെ ഡെവലപ്പർ കോൺഫറൻസ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.