നിർമ്മിത ബുദ്ധി (എഐ) മനുഷ്യരുടെ തൊഴിലുകൾ കവർന്നെടുക്കുമെന്ന ആശങ്ക നേരത്തെതന്നെയുണ്ട്. എന്നാൽ പല തൊഴിലുകളും ഇല്ലാതാകുമ്പോൾതന്നെ പുതിയ പുതിയ തൊഴിലവസരങ്ങൾ എഐ സൃഷ്ടിക്കുന്നുമെന്ന് സാങ്കേതികവിദ്യയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട ഒരു പ്രധാന മേഖലയെ എഐ ഇതിനകംതന്നെ വലിയതോതിൽ സ്വാധിനിച്ചു തുടങ്ങിയെന്നാണ് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

എത്രത്തോളം ശമ്പളവർധന ഒരു ജീവനക്കാരന് നൽകണം എന്ന് പല സ്ഥാപനങ്ങളിലും നിശ്ചയിക്കുന്നത് ഇപ്പോൾതന്നെ എഐ സംവിധാനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു മെഷീൻ ലേണിംഗ് മോഡൽ ഓരോ ജീവനക്കാരന്റെയും മൂല്യം എത്രയാണെന്ന് വിലയിരുത്തും. അതിനെ ആശ്രയിച്ചിരിക്കും ഓരോ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളവർധന.

ആരോ ജീവനക്കാർക്കും നൽകേണ്ട ശമ്പളം എത്രയെന്ന് കൃത്യമായി കണ്ടെത്തുന്നതിനാണ് നിലവിൽ പല കമ്പനികളും എഐ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശമ്പള സുതാര്യത ഉറപ്പാക്കുന്നത് അടക്കമുള്ളവ അത് കൂടുതൽ എളുപ്പമാക്കുന്നു എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. തേഡ് പാർട്ടി സ്ഥാപനങ്ങളാണ് നിലവിൽ എഐ ശമ്പള ബെഞ്ച്മാർക്കിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ശമ്പളം കൂടുതലോ? കുറവോ? എഐ കണ്ടെത്തും

ഒരു ജീവനക്കാരന് അർഹമായ ശമ്പളം ലഭിക്കുന്നില്ലെന്ന് ഒരു എഐ മോഡൽ കണ്ടെത്തിയാൽ അദ്ദേഹത്തിന് മികച്ച ശമ്പള വർധന ലഭിച്ചേക്കാം. എന്നാൽ ഒരാളുടെ ശമ്പളം ഇപ്പോൾതന്നെ ഉയർന്നതാണെന്ന് എഐ കണ്ടെത്തിയാൽ, നിങ്ങൾ ഒരു മികച്ച ജീവനക്കാരനാണെങ്കിൽ പോലും, വർധനയ്ക്കുള്ള സാധ്യതയ്ക്ക് മങ്ങലേറ്റേക്കാം.

ജീവനക്കാർക്ക് എത്ര ശമ്പളം നൽകണം? നിർദേശിക്കാൻ സ്ഥാപനങ്ങൾ

സ്റ്റെല്ലോ എഐ (Stello AI) പോലെയുള്ളവ മറ്റ് കമ്പനികൾക്ക് അവരുടെ ശമ്പള നിലവാരം നിശ്ചയിക്കാൻ സഹായിക്കുന്നതിനായി വലിയ അളവിലുള്ള ശമ്പള ഡാറ്റ വിശകലനം ചെയ്യുന്ന കമ്പനികളാണ്. തൊഴിൽ പരസ്യങ്ങളിലെ പൊതുവായ ശമ്പള വിവരങ്ങളും ഓൺലൈൻ ഫോറങ്ങളും പേറോൾ കമ്പനികളിൽ നിന്ന് വാങ്ങിയ ഡാറ്റയും സംയോജിപ്പിച്ചാണ് എഐ വിശകലനങ്ങൾ നടത്തുന്നത്.

ഓരോ ജീവനക്കാരന്റെയും ശമ്പളം വിലയിരുത്തുകയും ശുപാർശകൾ നൽകുകയും ചെയ്യുക എന്നതാണ് സ്റ്റെല്ലോ പുതിയൊരു ക്ലൈന്റിനെ ഏറ്റെടുക്കുമ്പോൾആദ്യത്തെ ജോലികളിൽ ഒന്ന്. 'നിങ്ങളുടെ ജീവനക്കാർക്ക് കൃത്യമായി എത്ര ശമ്പളം നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് പറയും.' - ചീഫ് എക്‌സിക്യൂട്ടീവ് അമീ പരേഖ് പറയുന്നു.