കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് സ്വകാര്യ ടെലികോം സേവന ദാതാവായ വി. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതൽ ശക്തമാകുമെന്ന് കമ്പനി അറിയിച്ചു. 14 ജില്ലകളിലായി 18 നഗരങ്ങളിൽ ഇതിനകം വി 5ജി സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.

To advertise here,

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തിൽ 5ജി സേവനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൊല്ലം, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി സേവനം വിപുലീകരിച്ചു.

ഈ മികച്ച തുടക്കത്തിന്റെ പിൻബലത്തിലാണ് ഇപ്പോൾ 33 നഗരങ്ങളിലേക്ക് കൂടി പുതുതായി 5ജി സേവനം ലഭ്യമാക്കുന്നതെന്ന് വി പറഞ്ഞു. ഉയർന്ന തോതിൽ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളിൽ നെറ്റ്വർക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഘട്ടം ഘട്ടമായി സേവനങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നതെന്നും വി വാർത്താക്കുറിപ്പിൽ പറഞ്ഞു.

തെക്കൻ കേരളത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല, കരുനാഗപ്പള്ളി, പരവൂർ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തിൽ മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ എന്നീ നഗരങ്ങളിലും വടക്കൻ കേരളത്തിൽ നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങൾ എത്തിച്ചത്.

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലുടനീളം നെറ്റ്വർക്ക് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോൺ ഐഡിയ കേരള ബിസിനസ് ഹെഡ് ജോർജ്ജ് മാത്യു പറഞ്ഞു. ഡാറ്റാ ഉപയോഗം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസനീയവും അതിവേഗത്തിലുള്ളതുമായ നെറ്റ്വർക്ക് അനുഭവം ലഭ്യമാക്കുന്നതിലാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.