രാജ്യത്ത് ഏറ്റവും അധികം മൊബൈൽ വരിക്കാരെ സ്വന്തമാക്കി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്. ഓഗസ്റ്റിൽ ഏകദേശം 24 ലക്ഷം പുതിയ മൊബൈൽ വരിക്കാരെയാണ് ജിയോ നേടിയത്. ഭാരതി എയർടെൽ 21 ലക്ഷം പുതിയ വരിക്കാരേയും, വോഡഫോൺ ഐഡിയ 5.1 ലക്ഷം വരിക്കാരേയും ബിഎസ്എൻഎൽ 4.9 ലക്ഷം പുതിയ വരിക്കാരേയും നേടി.

To advertise here,

ഇതോടെ ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ ആകെ വയർലെസ് മൊബൈൽ വരിക്കാരുടെ എണ്ണം 55 ലക്ഷം വർധിച്ച് 129 കോടിയിൽ (1.29 ബില്യൺ) എത്തി. എന്നാൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 87 വരിക്കാരെയും, എം.ടി.എൻ.എല്ലിന് 5,900 വരിക്കാരെയും നഷ്ടപ്പെട്ടു.

ബ്രോഡ്‌ബാൻഡ്, എഫ്.ഡബ്ല്യു.എ വിപണിയിലും മുന്നേറ്റം

രാജ്യത്തെ ആകെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ജൂലായിലെ 109 കോടിയിൽ നിന്ന് ഓഗസ്റ്റിൽ 110 കോടിയായി ഉയർന്നു. 53.80 കോടി വരിക്കാരുമായി റിലയൻസ് ജിയോ ബ്രോഡ്‌ബാൻഡ് രംഗത്തും ഒന്നാം സ്ഥാനം നിലനിർത്തി. എയർടെൽ (38.63 കോടി), വോഡഫോൺ ഐഡിയ (13.08 കോടി), ബി.എസ്.എൻ.എൽ (2.78 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ.

ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തിലും ജിയോ മികച്ച വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റിൽ മാത്രം 3.8 ലക്ഷത്തോളം പുതിയ FWA കണക്ഷനുകൾ ജിയോ കൂട്ടിച്ചേർത്തു. 5G FWA വളർച്ചയിൽ എയർടെല്ലിനേക്കാൾ നാലിരട്ടി നേട്ടമാണ് ജിയോ സ്വന്തമാക്കിയത്.

കൂടാതെ, ഫിക്സഡ്-വയർഡ് ബ്രോഡ്ബാൻഡ് വിപണിയിലും 1.48 കോടി വരിക്കാരുമായി ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 136 കോടിയായും ടെലി-ഡെൻസിറ്റി 95.07 ശതമാനമായും ഉയർന്നു.