ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പെയ്സ് എന്ന സ്വകാര്യ സ്ഥാപനമാണ് റോക്കറ്റ് രൂപകല്പന ചെയ്തത്.

ചെന്നൈ: രാജ്യത്ത് ആദ്യമായി വികസിപ്പിച്ച സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 ശനിയാഴ്ച കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 11.30-നാണ് റോക്കറ്റിന്റെ കന്നിപ്പരീക്ഷണ പറക്കൽ. വിക്ഷേപണത്തിനു മുൻപുള്ള പരിശോധനകളൊക്കെ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 'ആഗമൻ' എന്നാണ് ദൗത്യത്തിന്റെ പേര്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പെയ്സ് എന്ന സ്വകാര്യ സ്ഥാപനമാണ് റോക്കറ്റ് രൂപകല്പന ചെയ്തത്.
350 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാവുന്ന തരത്തിലാണ് റോക്കറ്റിന്റെ ഘടന. ആദ്യപറക്കലിൽ നാല് പേലോഡുകളാണു വഹിക്കുക. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് 3, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പായ കോസ്മോവേഴ്സ് സ്‌പെയ്സിന്റെ എമ്പ്രേസ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ് എന്നിവയാണ് പ്രധാനം. ജർമൻ കമ്പനി ഡിക്യൂബ്ഡ് സ്‌പെയ്സിന്റെ ചെറു സാങ്കേതികവിദ്യാ പരീക്ഷണവും ഇതോടൊപ്പമുണ്ട്. വിക്രം സാരാഭായ്യുടെയും സി.വി. രാമന്റെയും ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും സൂക്ഷ്മ പ്രതിമകളും ബഹിരാകാശത്തേക്ക് അയക്കും.
ഭാരം കുറയ്ക്കാനായി പൂർണമായും കാർബൺ കോമ്പോസിറ്റ് ഘടനയിലാണ് വിക്രം 1-ന്റെ നിർമാണം. കുറഞ്ഞചെലവിൽ നിർമിക്കാവുന്ന അത്യാധുനിക ത്രീഡി പ്രിന്റഡ് എൻജിനുകളാണുള്ളത്. ദൗത്യത്തിന് ഐ.എസ്.ആർ.ഒ., ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്‌പെയ്സ് എന്നിവയുടെ പിന്തുണയുണ്ട്. വിക്ഷേപണവേളയിലെ യഥാർഥ വിവരങ്ങൾ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. 2022 നവംബർ 18-ന് സ്‌കൈറൂട്ട് നടത്തിയ വിക്രം-എസ് സബ് ഓർബിറ്റൽ ദൗത്യമായ 'പ്രാരംഭി'ലൂടെ റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യൻ കമ്പനിയെന്ന് അടയാളപ്പെടുത്തിയിരുന്നു. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങൾ നിർമിക്കാൻ കഴിയുമെന്നുള്ളത് തെളിയിക്കൽ കൂടിയായിരുന്നു ആ ദൗത്യം. അതിന്റെ തുടർച്ചയായാണ് വിക്രം-1.
Content Highlights: Maiden orbital test flight of India's first private rocket, Vikram-1., Mission 'Aarambh' will launch from Satish Dhawan Space Centre., Equipped with 3D-printed engines and a lightweight carbon composite structure., Carrying payloads from various startups including Graha Space and Cosmovance., Follows the success of the 2022 sub-orbital 'Prarambh' mission.
Published: 18 Jul 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented