ബഹിരാകാശം വൃത്തിയാക്കാനുള്ള റോബോട്ടിക് കൈകളും വിക്രം-1 വഹിക്കും; മാലിന്യങ്ങൾ പിടിച്ചെടുക്കും

മാലിന്യപ്രശ്നം ഭൂമിയിലും അന്തരീക്ഷത്തിലും മാത്രമല്ല, ബഹിരാകാശത്തുമുണ്ട്. കാലഹരണപ്പെട്ട ഉപഗ്രഹങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളുമുണ്ടാക്കുന്ന മാലിന്യപ്രശ്നം ശാസ്ത്രലോകത്ത് വലിയ വെല്ലുവിളിയാണ്. മാലിന്യം കുമിഞ്ഞുകൂടുന്നത് സജീവ ഉപഗ്രഹങ്ങളുടെയും ബഹിരാകാശപേടകങ്ങളുടെയും സഞ്ചാരപഥത്തെ തടസ്സപ്പെടുത്തും. സജീവപേടകങ്ങളുമായുള്ള കൂട്ടിയിടിക്കും ഇത് കാരണമായേക്കും.
ഉപഗ്രഹ അവശിഷ്ടങ്ങളുടെ സഞ്ചാരം മണിക്കൂറിൽ ഏതാണ്ട് 28,000 കിലോമീറ്റർ വേഗത്തിലാണ്. ചെറിയ ഉരസലുണ്ടായാൽപ്പോലും സജീവ ഉപഗ്രഹങ്ങളുടെ നാശത്തിനിടയാകും. ഇതിന് പരിഹാരം കാണുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കോസ്മോസേർവ് സ്പെയ്സ് സ്റ്റാർട്ടപ്പ്. ഇവർ വികസിപ്പിച്ച 'എമ്പ്രേസ്' (Embrace) റോബോട്ടിക് കൈ ബഹിരാകാശത്തെ അവശിഷ്ടങ്ങൾ പിടിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കത്തിയമരാൻ സഹായിക്കും.
ശനിയാഴ്ച വിക്ഷേപിക്കുന്ന, സ്കൈറൂട്ട് എയ്റോസ്പെയ്സിന്റെ 'വിക്രം-ഒന്ന്' റോക്കറ്റിൽ റോബോട്ടിക് കൈ ബഹിരാകാശത്തെത്തും. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള, രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണംകൂടിയാണ് ഇത്. ഏകദേശം 21 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻകഴിയും. എന്നാൽ, ശനിയാഴ്ചത്തെ ദൗത്യത്തിൽ 'വിക്രം-ഒന്ന്' ഉപഗ്രഹങ്ങൾ കൊണ്ടുപോകുന്നില്ല. റോബോട്ടിക് കൈ ഉൾപ്പെടെ, വിവിധ സ്റ്റാർട്ടപ്പുകളുടെ ആറു പേലോഡുകളാണ് ഇത്തവണ വഹിക്കുന്നത്.
ബഹിരാകാശത്തെ കാലാവധികഴിഞ്ഞ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽനിന്നു മാറ്റാനുള്ള പേടകങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പാണ് കോസ്മോസേർവ് സ്പെയ്സ്. ഇരുവശങ്ങളിൽനിന്നും സ്വതന്ത്രമായി ചലിക്കുന്ന റോബോട്ടിക് കൈകൾ ഉപയോഗിച്ച് ബഹിരാകാശ അവശിഷ്ടങ്ങളെ മൃദുവായി പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ലോകത്തെ ആദ്യത്തെ ഇൻ-ഓർബിറ്റ് സോഫ്റ്റ് റോബോട്ടിക് കാപ്ചർ സാങ്കേതികവിദ്യാപരീക്ഷണ പേലോഡാണ് വിക്ഷേപിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
വിക്രം-1 റോക്കറ്റിലെ പേലോഡ് ഡെക്കിൽ നിർത്തിയായിരിക്കും പരീക്ഷണം. ഇതു വിജയിക്കുന്നതോടെ കോസ്മോസേർവ് സ്പെയ്സ് വികസിപ്പിക്കുന്ന റിവൈവർ, മദർക്രാഫ്റ്റ് എന്നീ പേടകങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മാലിന്യനിർമാർജന റോബോട്ടിക് കൈകൾ ഉപയോഗിക്കും. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞനും ഗഗൻയാൻ ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറുമായിരുന്ന ഡോ. ചിരഞ്ജീവി ഫണീന്ദ്രയാണ് സ്റ്റാർട്ടപ്പ് സ്ഥാപകൻ.
ബഹിരാകാശത്ത് റഡാർ ഉപയോഗിച്ച് കണ്ടെത്തിയത് ചെറുതും വലുതുമായ 45,000-ത്തിലേറെ അവശിഷ്ടങ്ങളാണെന്നാണു കണക്ക്. എന്നാൽ, ചെറുകണങ്ങളുംകൂടി ഉൾപ്പെടുത്തിയാൽ ഇത് 14 കോടി കവിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2030-ഓടെ ഇന്ത്യ നടത്തുന്ന എല്ലാ ബഹിരാകാശദൗത്യങ്ങളും പൂർണമായി മാലിന്യമുക്തമാക്കുമെന്ന് ഐ.എസ്.ആർ.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹിരാകാശത്ത് കറങ്ങുന്ന അവശിഷ്ടങ്ങളിൽനിന്ന് ഇന്ത്യൻ ഉപഗ്രഹങ്ങളെ സംരക്ഷിക്കാൻ മുന്നറിയിപ്പുസംവിധാനമായ 'നേത്ര', ഐ.എസ്.ആർ.ഒ. വികസിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ ഉപഗ്രഹങ്ങളിൽ ഇടിക്കാതിരിക്കാൻ 24 മണിക്കൂറും നിരീക്ഷണത്തിലാണ് 'നേത്ര'.
പുതിയ സാങ്കേതികതയിലുള്ള റോബോട്ടിക് കൈ നാലുമാസംകൊണ്ടാണ് വികസിപ്പിച്ചത്. ദൗത്യം ബഹിരാകാശരംഗത്തെ വലിയ നേട്ടമായിരിക്കും.
- ഡോ. ചിരഞ്ജീവി ഫണീന്ദ്ര
Content Highlights: Cosmoserve Space launches 'Embrace' robotic arm to clear space debris., Mission utilizes Skyroot Aerospace's Vikram-1, India's first private rocket., Robotic technology enables soft-capture of defunct satellites in orbit., Supports ISRO's goal of debris-free space missions by 2030., Founded by former ISRO scientist Dr. Chiranjeevi Phaneendra.