അമേരിക്കന്‍ സൈന്യം വിവരശേഖരണം, വിലയിരുത്തലുകള്‍, ലക്ഷ്യങ്ങള്‍ കണ്ടെത്തല്‍, യുദ്ധമേഖലയിലെ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിക്കല്‍ തുടങ്ങിയവയ്ക്കായി ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിക്കുന്നതായാണ് വെളിപ്പെടുത്തല്‍.

യുദ്ധമുഖത്ത് എഐയെ ഉപയോഗപ്പെടുത്തി യു.എസ്. ഇറാനെതിരായ വ്യോമാക്രമണത്തിലും അമേരിക്കൻ സൈന്യം എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പേര് വെളിപ്പെടുത്താത്ത ഉന്നത വ്യക്തികളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
നിയന്ത്രണങ്ങളില്ലാതെ ക്ലോഡ് ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യത്തിന്മേലുള്ള തർക്കത്തിന് പിന്നാലെ ആന്ത്രോപിക്കിന് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു. മണിക്കൂറുകൾക്കകം യു.എസിന് ക്ലോഡ് ഉപയോഗിക്കേണ്ടിവന്നു എന്നാണ് വെളിപ്പെടുത്തൽ.
ആന്ത്രോപിക്കിന്റെ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരിട്ടാണ് ഫെഡറൽ ഏജൻസികളോട് നിർദ്ദേശിച്ചത്. എന്നാൽ ക്ലോഡ് എഐയുടെ പിന്തുണയില്ലാതെ ഇറാനിൽ വ്യോമാക്രമണം നടത്താൻ അമേരിക്കയ്ക്ക് സാധിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയികൊല്ലപ്പെട്ടതായി വാർത്ത പുറത്തുവന്നിരുന്നു.
യുഎസ് സെൻട്രൽ കമാൻഡ് ഉൾപ്പെടെ ലോകമെമ്പാടും അമേരിക്കൻ സൈന്യം വിവരശേഖരണം, വിലയിരുത്തലുകൾ, ലക്ഷ്യങ്ങൾ കണ്ടെത്തൽ, യുദ്ധമേഖലയിലെ സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കൽ തുടങ്ങിയവയ്ക്കായി ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിക്കുന്നതായി പേരുവെളിപ്പെടുത്താത്ത വ്യക്തികൾ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. എന്നാൽ ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകളിൽ ക്ലോഡ് ഉപയോഗിക്കുന്നതിനെക്കുറിച്ചോ മറ്റ് എഐ സംവിധാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചോ വിശദീകരിക്കാൻ സെൻട്രൽ കമാൻഡ് തയ്യാറായിട്ടില്ല.
യു.എസ് സൈന്യം കമ്പനിയുടെ എഐ മോഡലുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച നിബന്ധനകളെച്ചൊല്ലി ആന്ത്രോപിക്കും പ്രതിരോധ വകുപ്പും മാസങ്ങളായി അഭിപ്രായഭിന്നതയിലാണ്. ബന്ധം വഷളായതോടെയാണ് ആന്ത്രോപിക്കുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം എല്ലാ ഫെഡറൽ ഏജൻസികളോടും കഴിഞ്ഞയാഴ്ച നിർദേശിച്ചത്. കമ്പനിയെ ഒരു സുരക്ഷാ ഭീഷണിയായും പ്രതിരോധ വിതരണ ശൃംഖലയിലെ അപകടസാധ്യതയായും പ്രഖ്യാപിക്കാൻ പെന്റഗണിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സുപ്രധാന ദൗത്യങ്ങളിൽനിന്ന് ക്ലോഡിന്റെ ഉപയോഗം ഘട്ടം ഘട്ടമായി മാത്രമേ ഒഴിവാക്കാൻ കഴിയൂ എന്നാണ് സൈനിക കേന്ദ്രങ്ങൾ പറയുന്നത്. അതിന് ആറ് മാസമെങ്കിലും സമയം എടുക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ മേഖലയിൽ കമ്പനിയുടെ എഐ മോഡലുകൾ എങ്ങനെയൊക്കെ ഉപയോഗിക്കും എന്നതിനെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. അമേരിക്കൻ പൗരന്മാരുടെ മേലുള്ള നിരീക്ഷണം, സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസം എന്നീ വിഷയങ്ങളിലാണ് തർക്കം എന്നാണ് ആന്ത്രോപിക് പറയുന്നത്. അതിനിടെ യു.എസ് പ്രതിരോധ വകുപ്പും ഓപ്പൺഎഐയും തമ്മിൽ കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്.
Content Highlights: The U.S. military utilized Anthropic's Claude AI in a significant air attack against Iran.
Published: 01 Mar 2026, 12:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented