ദേശീയ സുരക്ഷയും സൈബർ സുരക്ഷാ ഭീഷണികളും മുൻനിർത്തി വിദേശ നിർമിത അഡ്വാൻസ്ഡ് റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക വിലക്കേർപ്പെടുത്തി. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഹ്യുമനോയിഡ്, നാല് കാലുകളുള്ള റോബോട്ടുകൾ ഉൾപ്പെടെയുള്ള വികസിത റോബോട്ടുകളുടെ ഇറക്കുമതിക്ക് നിരോധനം ബാധകമാണ്. ചൈനയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഭീഷണികൾ ഒഴിവാക്കാനും രാജ്യത്തിനുള്ളിലെ റോബോട്ടിക് നിർമാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നടപടി.
എഫ്‌സിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വയം ചലനശേഷി, തടസങ്ങൾ ഒഴിവാക്കാനുള്ള ശേഷി, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായുള്ള ചിപ്പ്, സെൻസറുകൾ എന്നിവയുള്ളതും 4.4 പൗണ്ടിൽ കൂടുതൽ ഭാരമുള്ളതുമായ ഏത് യന്ത്രവും ഈ നിരോധനത്തിന്റെ പരിധിയിൽ വരും. ഭാവിയിൽ വിപണിയിലെത്തുന്ന റോബോട്ട് വാക്വമുകൾ പോലും ഇതിന്റെ ഭാഗമായേക്കാം.
തീരുമാനം ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് എഫ്.സി.സി. വ്യക്തമാക്കുന്നുണ്ടെങ്കിലും, ഹ്യൂമനോയിഡ് റോബോട്ടുകളെ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിക്കൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. മൈക്കൽ ജാക്സന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുകയും എം.എം.എ. ഫൈറ്റുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന അത്തരം ചില ചൈനീസ് റോബോട്ടുകളെ വൈറൽ വീഡിയോകളിൽ നാം കണ്ടിട്ടുണ്ട്.
ലോകത്തെ പ്രമുഖ പവർ ഇൻവേർട്ടർ നിർമാതാക്കളായ സങ്ഗ്രോയുടെയും നേരത്തേ കരിമ്പട്ടികയിൽപ്പെടുത്തിയ വാവെയുടെയും ആസ്ഥാനവും ചൈനയാണ്. സോളാർ പാനലുകളിലും മറ്റ് പുനരുപയോഗ ഊർജ സംവിധാനങ്ങളിലും ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. "അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണത്തിനും സുപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾക്ക് തടസം സൃഷ്ടിക്കാനും ഇത്തരം റോബോട്ടുകൾ ഉപയോഗിച്ചേക്കാമെന്നും അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ സുരക്ഷയ്ക്കോ യു.എസ്. പൗരന്മാരുടെ സുരക്ഷയ്ക്കോ അംഗീകരിക്കാനാവാത്ത ഭീഷണി ഉയർത്തുന്നു" എന്നുമാണ് നിരോധനത്തിന് കാരണമായി എഫ്.സി.സി. പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കൊണ്ടുവരണമെങ്കിൽ നിർമാണം യുഎസിലേക്ക് മാറ്റുന്നതിനുള്ള കൃത്യമായ പദ്ധതി സമർപ്പിച്ച് പ്രത്യേക ഇളവ് നേടേണ്ടതുണ്ട്. എന്നാൽ നിലവിൽ ആളുകളുടെ കൈവശമുള്ള ഉപകരണങ്ങൾക്ക് നിരോധനം ബാധകമല്ലെന്നും 2029 ജനുവരി 1 വരെ ഇവയ്ക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് കമ്പനിയായ യൂണിട്രീ (Unitree) അമേരിക്കൻ ഗവേഷണ സ്ഥാപനങ്ങളിലും മറ്റും വിപണി വളർച്ച നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ തിരിച്ചടി നേരിടുന്നത്. പുതിയ നടപടിയെ തുടർന്ന് ചൈനീസ് കമ്പനികളെ അപകീർത്തിപ്പെടുത്തുന്നതും ഉപരോധ ഭീഷണി മുഴക്കുന്നതും അമേരിക്ക അവസാനിപ്പിക്കണമെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Content Highlights: The US Federal Communications Commission (FCC) has banned the import of foreign advanced robots and power inverters over national security concerns and potential cybersecurity threats, delivering a major blow to Chinese tech manufacturers.
Published: 29 Jul 2026, 08:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented